തിരുവനന്തപുരം: കെ. സുധാകരൻ ഇന്ന് കെപിസിസി പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കും. അപ്രതീക്ഷിത നീക്കത്തിലൂടെയാണു സുധാകരനു ചുമതല ഏറ്റെടുക്കാൻ ഹൈക്കമാൻഡ് അനുമതി നൽകിയത്. ഇന്നു രാവിലെ 10.30നു കെപിസിസി ഓഫീസിൽ എത്തി സുധാകരൻ ചുമതല ഏറ്റെടുക്കും.
ചുമതല കൈമാറുന്നതു വൈകുന്നതിൽ സുധാകരൻ അതൃപ്തനായിരുന്നു. അത് അദ്ദേഹം ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പു ഫലം പുറത്തു വരാനിരിക്കേ ഇതിന്റെ പേരിൽ പാർട്ടിയിൽ പുതിയൊരു വിവാദം ഉണ്ടാകുന്നത് ഒഴിവാക്കാനാണു സുധാകരന്റെ സമ്മർദത്തിനു വഴങ്ങാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്.
തെരഞ്ഞെടുപ്പു കഴിയുന്നതു വരെയായിരുന്നു എം.എം. ഹസന് കെപിസിസി പ്രസിഡന്റിന്റെ ചുമതല നൽകിയിരുന്നത്. വോട്ടെടുപ്പു കഴിഞ്ഞപ്പോൾത്തന്നെ പ്രസിഡന്റ് പദവി ഏറ്റെടുക്കാൻ സുധാകരൻ താൽപര്യപ്പെട്ടിരുന്നു.
കഴിഞ്ഞ ശനിയാഴ്ച നടന്ന കെപിസിസി നേതൃയോഗത്തിൽ ചുമതല ഏറ്റെടുക്കാമെന്നാണ് അദ്ദേഹം കരുതിയിരുന്നത്. എന്നാൽ തത്കാലം നിലവിലെ സ്ഥിതി തുടരട്ടെ എന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി അറിയിച്ചത്.
തന്നെ ഒഴിവാക്കി പുതിയ പ്രസിഡന്റിനെ നിയമിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നു സുധാകരൻ സംശയിച്ചു. ഇതിൽ അദ്ദേഹം കടുത്ത അതൃപ്തിയിലായിരുന്നു. പിന്നാലെയാണു ഹൈക്കമാൻഡിൽ സമ്മർദം ചെലുത്തിയത്.
സുധാകരൻ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റെടുത്തിട്ട് ജൂണ്‍ 16നു മൂന്നു വർഷം പൂർത്തിയാകും. അതുവരെ തുടരാൻ അനുവദിക്കാതെ തിടുക്കത്തിൽ നീക്കം ചെയ്യാൻ ഒരുങ്ങുകയാണോ എന്ന സംശയത്തിലാണു സുധാകരൻ പ്രതിഷേധം അറിയിച്ചത്. മാന്യമായി പടിയിറങ്ങാനുള്ള അവസരം പോലും നൽകാതെ സ്ഥാനത്തുനിന്നു നീക്കാൻ നേതൃത്വം ശ്രമിക്കുന്നു എന്ന പരാതിയും സുധാകരനുണ്ടായിരുന്നു.