സിയോൾ – ബാങ്കോക്കിൽനിന്ന് ദക്ഷിണ കൊറിയയിലേക്ക് 181 പേരുമായി പോവുകയായിരുന്ന ജെജു എയർ വിമാനം തകർന്നുവീണ് 47 പേർ മരിച്ചു. വിമാനത്തിന് തീപിടിച്ചാണ് അപകടമുണ്ടായത്. രണ്ടു യാത്രക്കാരെയും ഒരു ജീവനക്കാരനെയും വിമാനത്തിൽനിന്ന് രക്ഷിച്ചു. ലാന്റ് ചെയ്യുന്നതിനിടെയാണ് വിമാനത്തിന് തീപ്പിടിച്ചത്. ലാന്റിംഗ് ഗിയറിന്റെ തകരാറാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. പക്ഷി ഇടിച്ചതാകാമെന്നും അന്വേഷണോദ്യോഗസ്ഥർ വെളിപ്പെടുത്തുന്നുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണ സംഖ്യ ഉയരാൻ ഇടയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സിയോളിൽ നിന്ന് തെക്കുപടിഞ്ഞാറായി 288 കിലോമീറ്റർ (179 മൈൽ) അകലെയുള്ള മുവാൻ കൗണ്ടിയിലാണ് മുവാൻ അന്താരാഷ്ട്ര വിമാനത്താവളം. ഇവിടെയാണ് അപകടമുണ്ടായത്.
സംഭവസ്ഥലത്തേക്ക് 32 ഫയർ എഞ്ചിനുകളും നിരവധി അഗ്നിശമന സേനാംഗങ്ങളും എത്തിയതായി ഫയർ ഏജൻസി അറിയിച്ചു. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 9:03നാണ് അപകടമുണ്ടായത്.
“ആകെ 175 യാത്രക്കാരും (രണ്ട് തായ്ലൻഡ് പൗരന്മാരുൾപ്പെടെ) ആറ് ക്രൂ അംഗങ്ങളും ആണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
2005 ൽ സ്ഥാപിതമായ ദക്ഷിണ കൊറിയയിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനക്കമ്പനികളിലൊന്നായ ജെജു എയറിൻ്റെ ചരിത്രത്തിലെ ആദ്യത്തെ മാരകമായ അപകടമാണിത്. 2007 ഓഗസ്റ്റ് 12-ന്, 74 യാത്രക്കാരുമായി പോകുകയായിരുന്ന ജെജു എയർ ശക്തമായ കാറ്റിനെ തുടർന്ന്, തെക്കൻ ബുസാൻ-ഗിംഹെ വിമാനത്താവളത്തിൽ ഇടിച്ചിറക്കി നിരവധി പേർക്ക് പരിക്കേറ്റിരുന്നു.