ജിദ്ദ – ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയുടെ പിന്‍ഗാമിയായി കണക്കാക്കപ്പെട്ടിരുന്ന, ഹിസ്ബുല്ല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മേധാവി ഹാശിം സ്വഫിയുദ്ദീന്‍ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇസ്രായില്‍. മൂന്നാഴ്ച മുമ്പ് ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് ഹിസ്ബുല്ല മെയിന്‍ ഇന്റലിജന്‍സ് ആസ്ഥാനം ലക്ഷ്യമിട്ട് നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിലാണ് ഹാശിം സ്വഫിയുദ്ദീനും ഒപ്പമുണ്ടായിരുന്ന 25 ലേറെ പേരും കൊല്ലപ്പെട്ടതെന്ന് ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ പറഞ്ഞു. ഹിസ്ബുല്ല ഇന്റലിജന്‍സ് വിഭാഗം മേധാവി അലി ഹുസൈന്‍ ഹസീമയും ഏരിയല്‍ ഇന്റലിജന്‍സ് മേധാവി സാഇബ് അയ്യാശും സിറിയയിലെ ഹിസ്ബുല്ല ഇന്റലിജന്‍സ് വിഭാഗം മേധാവി മഹ്മൂദ് മുഹമ്മദ് ശാഹീനും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈനിക വക്താവ് പറഞ്ഞു.
സെപ്റ്റംബര്‍ 27 ന് പുലര്‍ച്ചെ ഹിസ്ബുല്ല കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലൂടെയാണ് ഹസന്‍ നസ്‌റല്ലയെ ഇസ്രായില്‍ വധിച്ചത്. ഒരു ടണ്‍ വീതം ശേഷിയുള്ള 80 ബോംബുകള്‍ രണ്ടു മിനിറ്റിനകം വര്‍ഷിച്ച് പ്രദേശമാകെ തകര്‍ത്ത് തരിപ്പണമാക്കിയാണ് ബഹുനില കെട്ടിടത്തിന്റെ അണ്ടര്‍ ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഹിസ്ബുല്ല ആസ്ഥാനത്ത് യോഗം ചേര്‍ന്ന ഹസന്‍ നസ്‌റല്ലയെയും മുതിര്‍ന്ന നേതാക്കളെയും ഇസ്രായില്‍ കൊലപ്പെടുത്തിയത്.
കൃത്യം ഒരാഴ്ച പിന്നിട്ട ശേഷം ഈ മാസം നാലിനാണ് ഹാശിം സ്വഫിയുദ്ദീനെ ഉന്നമിട്ട് ഇസ്രായില്‍ ആക്രമണം നടത്തിയത്. നസ്‌റല്ലയെ വധിക്കാന്‍ നടത്തിയതിലും പ്രഹരമേറിയ ബോംബാക്രമണമാണ് ഹാശിം സ്വഫിയുദ്ദീനെ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയത്. ഹസന്‍ നസ്‌റല്ലയും അയാളുടെ പിന്‍ഗാമിയും പിന്‍ഗാമിയുടെ പിന്‍ഗാമിയും അടക്കം ആയിരക്കണക്കിന് ഭീകരരെ ഉന്മൂലനം ചെയ്തതായി ഈ മാസം എട്ടിന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് അല്‍മരീജ ഡിസ്ട്രിക്ടില്‍ നിന്ന് ഹാശിം സ്വഫിയുദ്ദീന്റെ മൃതദേഹവും മറ്റു 23 പേരുടെ മൃതദേഹങ്ങളും പുറത്തെടുത്തതായി അല്‍അറബിയ ചാനല്‍ റിപ്പോര്‍ട്ടര്‍ പറഞ്ഞു.