തെല്‍അവീവ് – 2023 ഒക്ടോബര്‍ 7 ന് ഇസ്രായിലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്ന് പതിനായിരക്കണക്കിന് ഫലസ്തീന് തൊഴിലാളികള്‍ ഇസ്രായിലില്‍ പ്രവേശിക്കുന്നത് തടയപ്പെട്ട ശൂന്യത നികത്താന്‍ ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രായില്‍ റിക്രൂട്ട് ചെയ്യുന്നു. ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്ന് ഏകദേശം 16,000 തൊഴിലാളികള്‍ ഇസ്രായിലില്‍ എത്തി. വൈകാതെ ആയിരക്കണക്കിന് തൊഴിലാളികളെ കൂടി ഇന്ത്യയില്‍ നിന്ന് കൊണ്ടുവരാന്‍ ഇസ്രായില്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു.
ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്വ്യവസ്ഥയും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നുമാണ് ഇന്ത്യയെങ്കിലും, കോടിക്കണക്കിന് ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഇന്ത്യ ബുദ്ധിമുട്ട് നേരിടുന്നു. ആരോഗ്യ പരിചരണം, പാചകം, വജ്രവ്യാപാരം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളില്‍ പതിറ്റാണ്ടുകളായി ഇന്ത്യക്കാര്‍ ഇസ്രായിലില്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഗാസ യുദ്ധം രൂക്ഷമായതോടെ ഇസ്രായിലിലെ നിര്‍മാണ മേഖലയിലേക്ക് ഇന്ത്യന്‍ തൊഴിലാളികളെ കൊണ്ടുവരാന്‍ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ ഊര്‍ജിത ശ്രമം ആരംഭിക്കുകയായിരുന്നു.
താന്‍ ഇതുവരെ 3,500 ലധികം തൊഴിലാളികളെ ഇസ്രായിലില്‍ എത്തിച്ചതായി ന്യൂദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡൈനാമിക് എംപ്ലോയ്മെന്റ് സര്‍വീസസ് കമ്പനി മേധാവി സമീര്‍ ഖസ്ല പറഞ്ഞു. ഇസ്രായില്‍ തനിക്ക് പുതിയ വിപണിയാണെന്ന്, നേരത്തെ 30 ലേറെ രാജ്യങ്ങളിലായി അഞ്ചു ലക്ഷം ഇന്ത്യക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്കുന്നതില് വിജയിച്ച സമീര്‍ ഖസ്ല പറഞ്ഞു. നിര്‍മാണ മേഖലയില്‍ ജോലി ചെയ്യാന്‍ വിദേശ തൊഴിലാളികളെ ആവശ്യപ്പെട്ടു കൊണ്ടുള്ള ഇസ്രായില്‍ അധികൃതരുടെ അടിയന്തിര ഫോണ്‍ കോളിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ 7 ആക്രമണത്തിന് ഒരു മാസത്തിന് ശേഷം സമീര്‍ ഖസ്ല ഇസ്രായിലിലെത്തിയത്. ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഫലസ്തീന് തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് ഇസ്രായേല്‍ നിര്‍ത്തി. ഇതോടെ ഇസ്രായിലില്‍ നിര്‍മാണ മേഖല പൂര്‍ണമായും സ്തംഭിച്ചു. പതിറ്റാണ്ടുകളായി ഫലസ്തീന് തൊഴിലാളികളെയാണ് നിര്‍മാണ മേഖലയില്‍ ഇസ്രായില്‍ ആശ്രയിച്ചിരുന്നത്.
ഞങ്ങള്‍ക്ക് ഇവിടെയുള്ള (ഇസ്രായില്‍) തൊഴില്‍ വിപണിയെ കുറിച്ച് കൂടുതല്‍ അറിയില്ലായിരുന്നെന്ന് സമീര്‍ ഖസ്ല എ.എഫ്.പിയോട് പറഞ്ഞു. മുമ്പ് ഇസ്രായിലില്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യന്‍ തൊഴിലാളികളൊന്നും ഉണ്ടായിരുന്നില്ല. ഇസ്രായില്‍ തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ ഞങ്ങള്‍ ശ്രമിക്കേണ്ടതായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധം കണക്കിലെടുക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് ഇസ്രായിലിന് സ്വാഭാവികമായും ഇന്ത്യയെ ആശ്രയിക്കാവുന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 10,000 ഇന്ത്യന്‍ തൊഴിലാളികളെ കൂടി ഇസ്രായേലിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നാണ് താന്‍ മപ്രതീക്ഷിക്കുന്നത്. വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ഒരു വലിയ സംഘം തന്റെ പക്കലുണ്ടെന്നും സമീര്‍ ഖസ്ല പറഞ്ഞു.
നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം യുദ്ധത്തിന് മുമ്പ് ജോലി ചെയ്തിരുന്ന പലസ്തീന് തൊഴിലാളികളേക്കാള്‍ കുറവാണെന്ന് ഇസ്രായിലി വിദഗ്ധര്‍ വിശ്വസിക്കുന്നു. ഇത് നിര്‍മാണ മേഖലയിലെ മൊത്തത്തിലുള്ള വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു. യുദ്ധത്തിനു മുമ്പ്, 80,000 ഫലസ്തീനികളും ഏകദേശം 26,000 വിദേശ തൊഴിലാളികളും നിര്‍മാണ മേഖലയില്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ഏകദേശം 30,000 വിദേശ തൊഴിലാളികള്‍ മാത്രമാണ് ഇസ്രായിലില്‍ നിര്‍മാണ മേഖലയിലുള്ളത്. ഇത് മുമ്പത്തേതിനേക്കാള്‍ വളരെ കുറവാണ്. വിദഗ്ധരുടെ അഭിപ്രായത്തില്‍, 2024 അവസാന പാദത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധത്തിനു മുമ്പുള്ള തോതിനെക്കാള്‍ 25 ശതമാനം കുറവാണ്.
നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ ഇപ്പോഴും വളരെ കുറവാണെന്ന് ബാങ്ക് ഓഫ് ഇസ്രായിലില്‍ നിന്നുള്ള ഇയാല്‍ അര്ഗോവ് പറഞ്ഞു. തൊഴിലാളികളുടെ കുറവ് ഭവന നിര്‍മാണ മേഖലയില്‍ പെട്ടെന്ന് ക്ഷാമം ഉണ്ടാക്കുന്നില്ലെങ്കിലും ഇത് പുതിയ ഭവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ കാലതാമസത്തിന് കാരണമായേക്കാം. ഇസ്രായില്‍ രണ്ടു ശതമാനം വാര്‍ഷിക ജനസംഖ്യാ വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കുന്നു. പുതിയ ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നിലവില്‍ നേരിടുന്ന കാലതാമസം ഭാവിയില്‍ ഭവനക്ഷാമത്തിലേക്ക് നയിച്ചേക്കാമെന്ന് ഇയാല്‍ അര്ഗോവ് പറഞ്ഞു.
തെല്‍അവീവില്‍ ഒരു കൂട്ടം ഇന്ത്യക്കാര്‍ ഒരു ചെറിയ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്നു. ഇവിടെ ഇവര്‍ പാചകം ചെയ്യാന്‍ പഠിച്ചു. സേഫ്റ്റി ബെല്‍റ്റും ഹെല്‍മെറ്റും വര്‍ക്ക് ബൂട്ടും ധരിച്ച്, രാജു നിഷാദ് ഇസ്രായിലി നഗരമായ ബിയര്‍ യാക്കോവില് ഒരു പുതിയ ജനവാസ കേന്ദ്രത്തില്‍ കെട്ടിട നിര്‍മാണ സ്ഥലത്ത് കെട്ടുതാങ്ങികള്ക്കിടയിലൂടെ നടന്നുനീങ്ങുന്നു. രാജു നിഷാദും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്ന മറ്റ് ഇന്ത്യന്‍ തൊഴിലാളികളും ചിരപരിചിത സ്ഥലമെന്നോണമാണ് ഇവിടെ കഴിയുന്നത്. പക്ഷേ, ഇവര്‍ അടുത്തിടെയാണ് ഇസ്രായിലില്‍ നിര്‍മാണ മേഖലയില്‍ ചേര്‍ന്നത്.
35 കാരനായ രാജു നിഷാദിനെ ഇസ്രായിലിലേക്ക് വരുന്നതില്‍ നിന്ന് യുദ്ധം പിന്തിരിപ്പിച്ചില്ല. ഇടക്കിടക്ക് വാണിംഗ് സൈറണുകള്‍ മുഴങ്ങുകയും ഷെല്‍ട്ടറുകളിലേക്ക് ഓടുന്നുണ്ടെങ്കിലും ഇവിടെ ഭയപ്പെടേണ്ട കാര്യമില്ലെന്ന് രാജു നിഷാദ് പറയുന്നു. സൈറണുകള്‍ നിലച്ചാലുടന്‍ തങ്ങള്‍ ജോലിയിലേക്ക് മടങ്ങുകയാണ് ചെയ്യുന്നത്. ഭാവി ജീവിതം സുരക്ഷിതമാക്കാനാണ് താന്‍ സമ്പാദിക്കുന്നതെന്നും രാജു നിഷാദ് പറയുന്നു. ഇസ്രായിലില്‍ ഒരാള്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ സമ്പാദിക്കാന്‍ കഴിയുമെന്ന് തെല്‍അവീവിന് വടക്ക് ഒരു നിര്‍മാണ സ്ഥലത്ത് ജോലി ചെയ്യുന്ന സുരേഷ് കോമള്‍ വര്‍മ (39) പറഞ്ഞു. പണം സമ്പാദിക്കേണ്ടത് അത്യാവശ്യമാണ്. കുടുംബത്തിന്റെ ഭാവിക്കായി ഞങ്ങള്‍ കഠിനാധ്വാനം തുടരേണ്ടത് പ്രധാനമാണെന്നും സുരേഷ് കോമള്‍ വര്‍മ പറയുന്നു.
ക്യാപ്.
വെസ്റ്റ് ബാങ്കില്‍ നിര്‍മാണം പുരോഗമിക്കുന്ന ഒരു ഇസ്രായിലി കുടിയേറ്റ കോളനി. 2. ജൂത കുടിയേറ്റ കോളനി വിപുലീകരണാര്‍ഥം 1,700 ലേറെ ഭവന യൂണിറ്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കിഴക്കന്‍ ജറുസലമില്‍ നിര്‍മിക്കുന്ന ഹര് ഹോമ കുടിയേറ്റ കോളനി. 3. 2024 ഫെബ്രുവരിയില്‍ ഫലസ്തീന് തൊഴിലാളികള്‍ വെസ്റ്റ് ബാങ്കിലെ മാലെ അദുമിം കുടിയേറ്റ കോളനിയിലെ നിര്‍മാണ സ്ഥലത്ത് ജോലി ചെയ്യുന്നു.