അസ്താന, (കസാക്കിസ്ഥാൻ)- അസർബൈജാനി പാസഞ്ചർ വിമാനം തീപ്പിടിച്ച് തകർന്നുവീഴാൻ കാരണം റഷ്യയുടെ ആക്രമണമാണെന്ന് അമേരിക്കയും അസർബൈജാനും. റഷ്യൻ ഉപരിതല- ആകാശ മിസൈൽ പതിച്ചാണ് വിമാനം തകർന്നത് എന്നാണ് ഇരുരാജ്യങ്ങളും വ്യക്തമാക്കുന്നത്. അസർബൈജാൻ എയർലൈൻസിൻ്റെ വിമാനം കസാഖ് നഗരമായ അക്തൗവിന് സമീപം ബുധനാഴ്ചയാണ് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 67 പേരിൽ 38 പേരും മരിച്ചു.
എംബ്രയർ 190 വിമാനം അസർബൈജാനി തലസ്ഥാനമായ ബാക്കുവിൽ നിന്ന് തെക്കൻ റഷ്യയിലെ ചെച്നിയയിലെ ഗ്രോസ്നി നഗരത്തിലേക്ക് പറക്കേണ്ടതായിരുന്നു. ഇതിന് പകരം കാസ്പിയൻ കടലിനു കുറുകെ വഴിതിരിച്ചുവിട്ടു. പാൻ്റ്സിർ-എസ് എയർ ഡിഫൻസ് സിസ്റ്റത്തിൽ നിന്ന് തൊടുത്ത റഷ്യൻ മിസൈലാണ് വിമാനം തകർത്തതെന്ന് കരുതുന്നതായി പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സർക്കാർ അനുകൂല അസർബൈജാനി വെബ്സൈറ്റ് കാലിബർ പറഞ്ഞു. ന്യൂയോർക്ക് ടൈംസ്, ബ്രോഡ്കാസ്റ്റർ യൂറോ ന്യൂസ്, തുർക്കി വാർത്താ ഏജൻസിയായ അനഡോലു എന്നിവരും സമാനമായ അവകാശവാദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഉക്രേനിയൻ ഡ്രോൺ ഈ മേഖലയിലുള്ളതിനാൽ, റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങളാൽ വിമാനത്തിന് അബദ്ധത്തിൽ വെടിയേറ്റതാകാമെന്ന് ചില വ്യോമയാന, സൈനിക വിദഗ്ധർ പറഞ്ഞു. വിമാനത്തിൽ വെടിയേറ്റതിന്റെ പാടുകളുള്ളതായും റിപ്പോർട്ടുണ്ട്.
അതേസമയം, അന്വേഷണത്തിന്റെ പൂർണമായ വിവരങ്ങൾ പുറത്തുവരുന്നതിന് മുമ്പ് എന്തെങ്കിലും അനുമാനങ്ങളിൽ എത്തുന്നത് ശരിയല്ലെന്ന് റഷ്യൻ സർക്കാരിന്റെ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. റഷ്യൻ ആൻ്റി-എയർക്രാഫ്റ്റ് സിസ്റ്റം വിമാനത്തിൽ ഇടിച്ചതായാണ് ആദ്യ സൂചനകളെന്ന് പേര് വെളിപ്പെടുത്താത്ത ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് ബ്ലാക്ക് ബോക്സ് ഫ്ലൈറ്റ് റെക്കോർഡറുകൾ കണ്ടെടുത്തതായി ഒരു പ്രാദേശിക പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് കസാക്കിസ്ഥാൻ വാർത്താ ഏജൻസി കസിൻഫോം പറഞ്ഞു.