ബംഗുളുരു- ഐപിഎല്‍ കിരീട നേട്ടം സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ (ആര്‍സിബി) വിജയാഘോഷത്തിനിടെ 11 പേര് മരിക്കാനിടയായ പശ്ചാത്തലത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. നാളെ രാവിലെ രാഹുല്‍ഗാന്ധിയെ കാണാനാണ് ഇരുവരോടും നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് ന്യൂസ് 18 ചാനല്‍ ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കോണ്‍ഗ്രസ് ഉന്നത വൃത്തങ്ങളും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണ്ണാടക സര്‍ക്കാരിന്റെ ഔദ്യോഗിക ദൗത്യവുമായി ബന്ധപ്പെട്ട് ശിവകുമാര്‍ നിലവില്‍ ഡല്‍ഹിയിലാണുള്ളത്. രാഹുലുമായി കൂടിക്കാഴ്ച നടത്താനായി അദ്ദേഹം ഡല്‍ഹിയില്‍ തുടരുന്നത് നീട്ടുമെന്നറിയുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചൊവ്വാഴ്ച അതിരാവിലെ ഡല്‍ഹിയിലെത്തുകയാണ് ചെയ്യുക. നേരത്തെ ഇത്തരമൊരു ദുരന്തം നടക്കാന്‍ പാടില്ലായിരുന്നുവെന്് മൈസുരുവില്‍ സിദ്ധരാമയ്യ പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇത്തരമൊരു പരാമര്‍ശം അദ്ദേഹം നടത്തിയത്. ബംഗുളുരു പൊലീസ് കമ്മീഷണല്‍ ബി.ദയാനന്ദയെ ബലിയാടാക്കിയെന്ന ആരോപണം ശരിയല്ല. കമ്മീഷണര്‍ക്കെതിരെ മാത്രമല്ല മറ്റ് അഞ്ച് ഓഫീസര്‍മാര്‍ക്കെതിരെ കൂടി നടപടിയെടുത്തിട്ടുണ്ട്. ഇന്റലിജന്‍സ് മേധാവിയേയും തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി കെ.ഗോവിന്ദരാജിനേയും മാറ്റി. ഒപ്പം മറ്റ് നിരവധി നടപടികളുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ക്രിക്കറ്റ് സ്റ്റേഡിയവുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.