തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടംഗത്വവും സമഗ്ര സംഭാവന പുരസ്കാരങ്ങളും അക്കാദമി അവാർഡുകൾ, എൻഡോവ്മെന്റുകൾ എന്നിവ പ്രഖ്യാപിച്ചു. എം.ആർ. രാഘവവാരിയർ, സി.എൽ. ജോസ് എന്നിവർ 2023 ലെ അക്കാദമിയുടെ വിശിഷ്ടംഗത്വത്തിന് (ഫെലോഷിപ്പ്) അർഹരായി. 50000 രൂപയും രണ്ടുപവന്റെ സ്വർണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
കെ.വി.കുമാരൻ, പ്രേമ ജയകുമാർ, പി.കെ. ഗോപി, ബക്കളം ദാമോദരൻ, എം. രാഘവൻ ,രാജൻ തിരുവോത്ത് എന്നിവർക്ക് സമഗ്ര സംഭാവന പുരസ്ക്കാരത്തിനും അർഹരായി. 30000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്ക്കാരം. കല്പറ്റ നാരായണന്റെ ’തെരഞ്ഞെടുത്ത കവിതകൾ’ മികച്ച കവിതാ ഗ്രന്ഥമായി തെരഞ്ഞെടുത്തു. ഹരിതാ സാവിത്രിയുടെ ’സിൻ’ ആണ് മികച്ച നോവൽ. എൻ. രാജനെഴുതിയ ’ഉദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബാണ്’ മികച്ച ചെറുകഥ. ഗിരീഷ് പി.സി പാലം എഴുതിയ ’ഇ ഫോർ ഈഡിപ്പസ്’ മികച്ച നാടകമായി തെരഞ്ഞെടുത്തു.
പി. പവിത്രന്റെ ’ഭൂപടം തലതിരിക്കുന്പോൾ’ ആണ് മികച്ച സാഹിത്യ വിമർശനത്തിനുള്ള പുരസ്കാരം നേടിയത്. ബി. രാജീവന്റെ ’ഇന്ത്യയെ വീണ്ടെടുക്കൽ’ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം നേടി. കെ. വേണുവിന്റെ ’ഒരന്വേഷണത്തിന്റെ കഥ’ മികച്ച ജീവചരിത്രം/ആത്മകഥാ വിഭാഗത്തിൽ പുരസ്കാരം നേടി.
’ആംചോ ബസ്തറി’ലൂടെ നന്ദിനി മേനോൻ മികച്ച യാത്രാ വിവരണത്തിനുള്ള പുരസ്കാരം നേടി. എ.എം. ശ്രീധരന്റെ ’കഥാകദികെ’യാണ് വിവർത്തന സാഹിത്യ പുരസ്കാരം കരസ്ഥമാക്കിയത്. ബാലസാഹിത്യം വിഭാഗത്തിൽ ഗ്രേസി രചിച്ച ’പെണ്‍കുട്ടിയും കൂട്ടരും’ പുസ്കാരം നേടി. സുനീഷ് വാരനാടിന്റെ വാരനാടൻ കഥകളാണ് ഹാസസാഹിത്യ പുരസ്കാരം നേടിയത്. 25000 രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡുകൾ.
2023ലെ എൻഡോവ്മെന്റ് അവാർഡുകൾക്ക് ഏഴ് പേർ അർഹരായി. ’മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും’ എന്ന ഉപന്യാസത്തിലൂടെ കെ.സി. നാരായണൻ സി.ബി. കുമാർ അവാർഡിന് അർഹനായി.(3000 രൂപ), ’തഥാഗതിനിലൂടെ’ (വൈദികസാഹിത്യം) കെ.എൻ. ഗണേശ്. കെ.ആർ.നന്പൂതിരി അവാർഡിനും (2000 രൂപ), ഇസ്ലാമിക ഫെമിനിസത്തിലൂടെ (വൈജ്ഞാനിക സാഹിത്യം) ഉമ്മുൽ ഫായിസ ജി.എൻ.പിള്ള അവാർഡിനും (3000 രൂപ), എ.വി. സുനുവിന്റെ ’ഇന്ത്യൻ പൂച്ച’ (ചെറുകഥ) ഗീതാ ഹിരണ്യൻ അവാർഡിനും (10000 രൂപ), ആദിയുടെ ’പെണ്ണപ്പൻ’ യുവകവിതാ അവാർഡിനും (10000 രൂപ), ഒ.കെ. സന്തോഷിന്റെ ’അനുഭവങ്ങൾ അടയാളങ്ങൾ’ (സാഹിത്യ വിമർശനം) പ്രഫ. എം. അച്യുതൻ എൻഡോവ്മെന്റ് അവാർഡിനും (25000 രൂപ), കെ.ടി. പ്രവീണ്‍ (’സീത എഴുത്തച്ഛന്റെയും വാല്മകിയുടെയും കുമാരനാശാന്റെയും ) തുഞ്ചൻ സ്മാരക പ്രബന്ധ മത്സരത്തിലൂടെയും (5000 രൂപ) എൻഡോവ്മെന്റ് പുരസ്കരത്തിന് അർഹനായി.
പുരസ്കാരത്തിന് അർഹമായ കൃതി ഇല്ലാത്തതിനാൽ വിലാസിനി പുരസ്കാരം ഇത്തവണ പ്രഖ്യാപിച്ചിട്ടില്ല.
അക്കാദമി സെക്രട്ടറി പ്രഫ. സി.പി. അബൂബക്കർ, വൈസ് പ്രസിഡന്റ് അശോകൻ ചെരുവിൽ, കമ്മിറ്റി അംഗങ്ങൾ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.