ജിദ്ദ – കോഴിയിറച്ചി ഉല്‍പാദനത്തില്‍ സൗദി അറേബ്യ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ആദ്യത്തെ ആറു മാസക്കാലത്ത് സൗദിയില്‍ 55.8 കോടി കിലോ കോഴിയിറച്ചിയാണ് ഉല്‍പാദിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഒമ്പതു ശതമാനം കൂടുതലാണിത്. കഴിഞ്ഞ കൊല്ലം ആദ്യ പകുതിയില്‍ കോഴിയിറച്ചി ഉല്‍പാദനം 51.1 കോടി കിലോ ആയിരുന്നു.
പൗള്‍ട്രി ഫാം പദ്ധതികളില്‍ ജൈവ സുരക്ഷാ പ്രയോഗങ്ങള്‍ നടപ്പാക്കുന്നതും ഉല്‍പാദന പ്രക്രിയകളില്‍ ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതും കോഴിവളര്‍ത്തല്‍ മേഖലയുടെ വികസനത്തിനും പ്രാദേശിക ഉല്‍പാദനം വര്‍ധിപ്പിക്കാനും സഹായകമായി. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കോഴിവളര്‍ത്തല്‍ വ്യവസായം വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കാര്‍ഷിക വികസന നിധിയില്‍ നിന്ന് നിക്ഷേപച്ചെലവിന്റെ 70 ശതമാനം വരെ ലഘുവായ്പയായി നല്‍കും.
കോഴിയിറച്ചി മേഖലയില്‍ സ്വയംപര്യാപ്ത വര്‍ധിപ്പിക്കുന്നതില്‍ രാജ്യം പുരോഗതി കൈവരിച്ചുവരികയാണ്. ഉല്‍പാദന ശേഷി വര്‍ധിപ്പിക്കാനും ദേശീയ ഭക്ഷ്യസുരക്ഷ കൈവരിക്കാനും പ്രാദേശിക ഉള്ളടക്കം വര്‍ധിപ്പിക്കാനും പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ട് ഈ മേഖലയില്‍ പുതിയ നിക്ഷേപങ്ങള്‍ നടത്തി വിപുലീകരണ പദ്ധതി പ്രകാരം രാജ്യം പ്രവര്‍ത്തിക്കുന്നു. കോഴിയിറച്ചി മേഖലയില്‍ സമ്പൂര്‍ണ സ്വയംപര്യാപ്തത കൈവരിക്കാനാണ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കോഴിവളര്‍ത്തല്‍ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങളും പിന്തുണകളും കാര്‍ഷിക വികസന നിധി വഴി ലഘുവായ്പകളും നല്‍കുന്നു.