വർക്കല- കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ഭർത്താവ് തീപൊള്ളലേൽപ്പിച്ച ഭാര്യയും മകനും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ചാവര്‍കോട് ആശാൻമുക്കിന് സമീപം കുന്നത്തുവിള വീട്ടിൽ രാജേന്ദ്ര (53)നും ഭാര്യ ബിന്ദു (42), മകൻ അമല്‍ (18) എന്നിവരാണ് മരിച്ചത്. രാജേന്ദ്രന് ഇന്നലെ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതര പൊള്ളലേറ്റ് ഭാര്യയേയും മകനേയും പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്ന് രാവിലെ അമല്‍ മരിക്കുകയായിരുന്നു. ഉച്ചയോടെ ഭാര്യ ബിന്ദുവും മരിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ രാജേന്ദ്രന്റെ വീടിനുള്ളിലായിരുന്നു സംഭവം. കുടുംബപ്രശ്നങ്ങളെ തുടർന്ന് രാജേന്ദ്രനും ഭാര്യ ബിന്ദുവും കഴിഞ്ഞ കുറച്ച് മാസത്തോളമായി അകന്നു കഴിയുകയായിരുന്നു. ബിന്ദു തന്റെ സാധനങ്ങൾ എടുക്കാനായി മകനെയും മകളെയും കൂട്ടി വൈകീട്ട് രാജേന്ദ്രന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു ദാരുണമായ സംഭവം.
വാക്കുതർക്കത്തിനിടയിൽ പ്രകോപിതനായ രാജേന്ദ്രൻ വീട്ടിൽ കരുതിയിരുന്ന തിന്നർ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഈ സമയം മകൾ സാന്ദ്ര വീടിന് പുറത്തുനിൽക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും രാജേന്ദ്രൻ പൊള്ളലേറ്റ് മരിച്ചിരുന്നു. അയിരൂർ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ബിന്ദുവിനെയും മകനെയും പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പെട്രോളൊഴിച്ച് തീ കൊളുത്തിയെന്ന് ആദ്യം നാട്ടുകാർക്ക് സംശയം ഉണ്ടായിരുന്നെങ്കിലും പെയിന്റ് പണിക്കാരനായ രാജേന്ദ്രൻ വീട്ടിൽ സൂക്ഷിച്ചിരുന്ന തിന്നർ ഉപയോഗിച്ചാകും തീകൊളുത്തിയതെന്നാണ് പോലീസ് നിഗമനം. ഫൊറൻസിക് പരിശോധനാ ഫലങ്ങൾക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് അയിരൂർ പോലീസ് അറിയിച്ചു.