തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എക്‌സൈസ് റെയ്ഡിൽ കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തുന്നത്. ഹോസ്റ്റലിലെ ഓരോ മുറികളിലും കയറിയാണ് എക്‌സൈസിന്റെ മിന്നൽ പരിശോധന. ചെറിയ അളവിൽ കഞ്ചാവ് കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ലഹരി കേസിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് നീക്കം. വൈകുന്നേരം വരെ പരിശോധന നീളുമെന്നാണ് സൂചന.
എക്‌സൈസിന്റെ സ്‌പെഷ്യൽ സ്‌ക്വാഡ് ഉദ്യോഗസ്ഥർ ഉൾപ്പടെ കൂടുതൽ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തിയേക്കും. പല കേസുകളും സംഘർങ്ങളും ഉടലെടുത്ത ഒരു കോളേജ് ഹോസ്റ്റലാണ് ഇത്. പഠിച്ചുപോയ പല വിദ്യാർത്ഥികളും ഇപ്പോഴും ഇവിടെ തമ്പടിക്കാറുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. കളമശേരി ഗവ. പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തിന് പിന്നാലെയാണ് തിരുവനന്തപുരത്തെ കോളേജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്. 20 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. മറ്റൊന്നും എക്‌സൈസ് സംഘം കണ്ടെത്തിയിട്ടില്ല. കഞ്ചാവ് പിടികൂടിയ മുറിയിൽ ആളുണ്ടായിരുന്നില്ല.
അതേസമയം, സംസ്ഥാനത്ത് ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 3057 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 107 കേസുകൾ രജിസ്റ്റർ ചെയ്തു. 117 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.559 കി.ഗ്രാം), കഞ്ചാവ് (3.435 കി.ഗ്രാം), കഞ്ചാവ് ബീഡി (81 എണ്ണം) എന്നിവ പോലീസ് ഇവരിൽ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് 2025 മാർച്ച് 30ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡിഹണ്ട് നടത്തിയത്.