കോട്ടയം – പാലായിലെ മുഖ്യമന്ത്രിയുടെ പരസ്യമായ ആക്ഷേപത്തിന് തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് എം യോഗത്തിൽ പൊട്ടിത്തെറിച്ചത് പാർട്ടിയിലെ പുതിയ ധ്രുവീകരണത്തിൻ്റെ തുടക്കം. സിപിഐ അടക്കമുള്ള കക്ഷികൾ പരസ്യമായി വിമർശിക്കുമ്പോൾ കേരള കോൺഗ്രസ് എന്തിനു നിശബ്ദമാകുന്നു എന്ന ചോദ്യമാണ് ചാഴിക്കാടൻ കേരള കോൺഗ്രസിൽ ഉയർത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരമാണെന്ന് ചാഴിക്കാടൻ തുറന്നടിച്ചു. കേരള കോൺഗ്രസ് എം ഇതുവരെ സ്വീകരിച്ച രാഷ്ട്രീയ നിലപാടിന് വിരുദ്ധമായിരുന്നു ഇത്. ദേശീയതലത്തിൽ കോൺഗ്രസിന് അനുകൂലമായ വികാരമാണ് കേരളത്തിലും തരംഗമായതെന്നാണ്
ജോസ് കെ മാണി വെളിപ്പെടുത്തിയത്.ഇത് പരസ്യമായി തള്ളിക്കളയുകയായിരുന്നു തോമസ് ചാഴിക്കാടൻ ചെയ്തത്.കോട്ടയത്ത് താൻ പരാജയപ്പെട്ടത് മുഖ്യമന്ത്രിക്കെതിരായ വികാരം കൊണ്ടാണെന്ന്
ചാഴിക്കാടൻ വ്യക്തമാക്കി.
പാർട്ടി സ്റ്റിയറിങ് കമ്മിറ്റിയിൽ ആയിരുന്നു അപ്രതീക്ഷിതവിമർശനം. പാലായിൽ നവകേരള സദസ്സിൽ മുഖ്യമന്ത്രി തോമസ് ചാഴിക്കാടനെ ശകാരിച്ചിരുന്നു.അന്ന് പ്രതികരിക്കാതിരുന്നതാണ് കോട്ടയത്തെ പരാജയത്തിന് കാരണം എന്ന മട്ടിലായിരുന്നു ചാഴിക്കാടന്റെ പൊട്ടിത്തെറിക്കൽ ‘
മാധ്യമ വാർത്തകളോട് പിന്നീട് പ്രതികരിക്കാൻ ചാഴിക്കാടൻ തയ്യാറായില്ലെങ്കിലും ഇത്തരത്തിൽ ഒരു വിമർശനം നടത്തിയതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. സിപിഐ ഉൾപ്പെടെ എല്ലാ ഘടകകക്ഷികളും മുഖ്യമന്ത്രിയെ വിമർശിക്കുമ്പോൾ കേരള കോൺഗ്രസ് എന്തുകൊണ്ട് നിശബ്ദമാകുന്നുവെന്ന് ചാഴിക്കാടൻടൻ ചോദിച്ചു.
പരാജയത്തെ തുടർന്ന് ജോസ് കെ മാണിയുടെ നിശബ്ദതയ്ക്കെതിരെ പാർട്ടിയിൽ പുകയുന്ന അമർഷമാണ് ചാഴിക്കാടനിലൂടെ പുറത്തുവന്നത്. ചാഴികാടനെ പിന്തുണച്ച് കൂടുതൽ നേതാക്കൾ രംഗത്ത് വരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.
ക്നാനായ സമുദായ അംഗമായ ചാഴികാടൻ തനിക്ക് സിപിഎം വോട്ട് ലഭിച്ചില്ലെന്നും ആരോപിച്ചിരുന്നു. നേരത്തെ പാലായിൽ ജോസ് കെ മാണി പരാജയപ്പെട്ടപ്പോഴും ഇതേ ആക്ഷേപം ഉയർന്നിരുന്നതാണ്.