കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ നിർണായക നീക്കവുമായി പോലീസ്. യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തവരുടെ മൊഴി പോലീസ് എടുത്തു. പി.പി. ദിവ്യക്കെതിരെ കളക്ടറേറ്റ് റവന്യൂ വിഭാഗം ജീവനക്കാർ മൊഴി നൽകിയെന്നാണ് സൂചന.
എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് ദിവ്യയെ വാക്കാൽ പോലും ക്ഷണിച്ചിരുന്നില്ലെന്ന് സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ മൊഴി നൽകി. ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായാണെന്നും പ്രസംഗത്തിന് ശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നും ജീവനക്കാർ മൊഴി നൽകി.
എഡിഎം മൂന്നുവരിയിൽ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തവർ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ ദിവ്യ മുൻകൂർ ജാമ്യഹർജിയുമായി കോടതിയെ സമീപിച്ചു. യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ എത്തിയതെന്ന് പി.പി.ദിവ്യ നൽകിയ മുൻ കൂർ ജാമ്യഹർജിയിൽ പറയുന്നു.