തൃശൂർ: തന്റെ വീട്ടിലേക്ക് ആര് കേക്ക് കൊണ്ടുവന്നാലും സ്വീകരിക്കുമെന്ന് തൃശൂർ മേയർ എം.കെ വർഗീസ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കൊടുത്തയച്ച ക്രിസ്മസ് കേക്ക് മേയർ സ്വീകരിച്ചതിനെതിരെ സിപിഐ നേതാവ് സുനിൽ കുമാർ രംഗത്തെത്തിയിരുന്നു. മേയർക്ക് ചോറ് ഇവിടെയും കൂറ് അവിടെയും എന്ന് പ്രതികരിച്ച സുനിൽ കുമാർ, തൃശൂരിൽ ബി.ജെ.പിയുടെ വിജയത്തിന് സഹായം ചെയ്തയാളാണ് മേയറെന്നും ആരോപിച്ചിരുന്നു.
കേക്ക് കഴിച്ചെന്നുവച്ച് താൻ ആ പ്രസ്ഥാനത്തിലേക്ക് പോകില്ലെന്നും വർഗീസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ‘സുനിൽ കുമാറിന് എന്തും പറയാം. ഇടതുപക്ഷത്തിന്റെ ചട്ടക്കൂടിൽ ഇവിടത്തെ പുരോഗതിക്കയി പ്രവർത്തിക്കുന്ന മേയറാണ് ഞാൻ. അതിനെ ഇല്ലായ്മ ചെയ്യാൻ ഇതുപോലെയുള്ള കാര്യങ്ങൾ പറയുന്നത് തെറ്റാണ്. കഴിഞ്ഞ ഇലക്ഷൻ സമയത്ത് സുരേഷ്ഗോപി വന്നു കേക്ക് തന്നു. അദ്ദേഹത്തിന് ഞാനൊരു കേക്ക് കൊടുത്തു. അതൊരു തെറ്റാണോയെന്നും വർഗീസ് ചോദിച്ചു.
‘ക്രിസ്മസ് ദിനത്തിൽ വീട്ടിൽ ഞാൻ ലോക രക്ഷകനെ കാത്തിരിക്കുന്ന ദിവസമായിരുന്നു. അന്ന് ആരോടും ചോദിക്കാതെയാണ് ഇവർ വീട്ടിലേക്ക് കടന്നു വന്നത്. അവരെനിക്ക് കേക്ക് തന്നു, ഞാനും ഒരു പീസ് കേക്ക് കൊടുത്തു. ഇതിൽ എന്താണ് തെറ്റ്? എനിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് എന്ത് അടിസ്ഥാനത്തിലാണ് ആരോപിക്കുന്നതെന്ന് വ്യക്തമാക്കണം. മേയർ എന്ന നിലയിൽ എന്നെ ഏൽപിച്ച ജോലി ഞാൻ ചെയ്യുന്നുണ്ട്. തൃശൂരിൽ സമഗ്ര വികസനമാണ് നടക്കുന്നതെന്നും വർഗീസ് പറഞ്ഞു. ബി.ജെ.പി അവരുടെ ആശയങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. അന്നേ ദിവസം എന്റെ വീട്ടിൽ കോൺഗ്രസുകാരോ സ്വന്തം പാർട്ടിക്കാരായ സി.പി.എമ്മുകാരോ കേക്കുമായി വന്നിട്ടില്ലെന്നും വർഗീസ് വ്യക്തമാക്കി.