കണ്ണൂർ – ലോകസഭാ തെരഞ്ഞെടുപ്പിൽ എൽ. ഡി. എഫ് പരാജയത്തിൽ ധന-വനം വകുപ്പുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ഭരണകക്ഷി നേതാവ്. കേരള കോൺഗ്രസ്(ബി) സംസ്ഥാന ജന.സെക്രട്ടറി ജോസ് ചെമ്പേരിയാണ് വിമർശനവുമായി രംഗത്തെത്തിയത്.
ലോകസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി പിന്നിലായതിൽ വനം വകുപ്പിന്റെ കെടുകാര്യസ്ഥതക്കും, കർഷക പെൻഷൻ കോൾഡ് സ്റ്റോറേജിൽ വെച്ച ധനവകുപ്പിന്റെ ധാർഷ്ഠ്യത്തിനും വലിയ പങ്കുണ്ടെന്ന് ജോസ് ചെമ്പേരി കുറ്റപ്പെടുത്തി. ഇന്ത്യയുടെ ചരിത്രത്തിൽ കർഷക പെൻഷൻ പ്രഖ്യാപിച്ച ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്. കക്ഷി രാഷ്ടിയത്തിനപ്പുറം കേരളത്തിലെ കർഷകർ മുഖ്യമന്ത്രിയുടെ പിന്നിൽ അണിനിരന്നു. ഒന്നാം പിണറായി സർക്കാറിന്റെ അവസാനനാളുകളിൽ കർഷക പെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഇതോടെ കർഷകർ മുഖ്യമന്ത്രിയിൽ ഒരു രക്ഷകനെ കണ്ടു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പൽ 91 ൽ നിന്നും 99 ൽ എത്തിയതിൽ കൃഷിക്കാർക്ക് വലിയ പങ്കുണ്ട്.
എന്നാൽ, കർഷക ക്ഷേമ ബോർഡ് സമർപ്പിച്ച, മുഖ്യമന്ത്രി ശുപാർശ ചെയ്ത, പദ്ധതികൾ ധനവകുപ്പ് കഴിഞ്ഞ രണ്ടു വർഷമായി കോൾഡ് സ്റ്റോറേജിൽ മരവിപ്പിച്ചിരിക്കുകയാണ്.
ധനവകുപ്പിന്റെ ഈ ജനവിരുദ്ധ നടപടിയും, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യജീവൻ ചവുട്ടിമെതിക്കപ്പെട്ടപ്പോൾ വനം വകുപ്പ് മൃഗങ്ങൾക്കൊപ്പം എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ സ്വീകരിച്ച കുറ്റകരമായ അനാസ്ഥയും കൃഷിക്കാരുടെ പ്രതീക്ഷ നഷ്ടപ്പെടുത്തി. ഇത് കർഷകരെ സർക്കാരിൽ നിന്നും അകറ്റി. എല്ലാ പാർട്ടികളിലും കൃഷിക്കാരുടെ സാന്നിദ്ധ്യം ഉണ്ട്.- ജോസ് ചെമ്പേരി പറഞ്ഞു.
കൃഷിക്കാർ സി.പി.എമ്മിലില്ല എന്ന ധനവകുപ്പിന്റെ കാഴ്ചപ്പാട് തെറ്റാണ്. മുഖ്യമന്ത്രിയുടെ തീരുമാനം മരവിപ്പിക്കാൻ ധനവകുപ്പിന് ആര് അധികാരം നല്കി. ഇതൊക്കെയാണ് പരിശോധനക്ക് വിധേയമാക്കേണ്ട വിഷയങ്ങൾ. ഇടതുപക്ഷം ദുർബ്ബലമാകരുതെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് തുറന്നു പറയുന്നതെന്നും ജോസ് ചെമ്പേരി പറഞ്ഞു.