മലപ്പുറം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിലുള്ള ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ സ്ഥാപനങ്ങളുടെ വാർഷിക സമ്മേളനത്തിന് പാണക്കാട് വനിതാ കാമ്പസിൽ പ്രൗഢമായ സമാപനം. രണ്ട് ദിവസങ്ങളിലായി നടന്ന വാർഷിക സമ്മേളനം നാല് വേദികളിലായി 15 സെഷനുകളായാണ് സംഘടിപ്പിച്ചത്.
സമൂഹത്തിൻ്റെ ധാർമികവും സാംസ്കാരികവുമായ പുനരുജ്ജീവനത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന ആഹ്വാനത്തോടെയാണ് വാർഷിക സമ്മേളനത്തിന് സമാപനം കുറിച്ചത്. സാഹോദര്യവും സഹിഷ്ണുതയും സമൂഹത്തിൽ വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
മനുഷ്യൻ്റെ ആത്മീയമായ അന്വേഷണങ്ങളെ സ്വാർത്ഥതക്കും സാമ്പത്തിക നേട്ടത്തിനും വേണ്ടി ഉപയോഗപ്പെടുത്തുന്ന പുരോഹിതന്മാരെ ഒറ്റപ്പെടുത്തുവാൻ വിശ്വാസി സമൂഹം മുന്നോട്ടു വരണം. വിദ്യാഭ്യാസമെന്നത് മനുഷ്യൻ്റെ നന്മയ്ക്കും ലോകസമാധാനത്തിനും ഉതകുന്ന വിധം ക്രമപ്പെടുത്തുവാനും ആവശ്യമായ പരിഷ്കരണങ്ങൾ കാലാനുസൃതമായി കൊണ്ടുവരാനും ഭരണകൂടം തയ്യാറാകണമെന്നും സമാപന സമ്മേളനം ആവശ്യപ്പെട്ടു. രണ്ടാം ദിന സമ്മേളനം സൗദി മതകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. അവ്വാദ് ബിൻ സബ്തി അൽ അനസി ഉദ്ഘാടനം ചെയ്തു.
ഖുർആൻ മുന്നോട്ടുവെക്കുന്ന സമാധാന സന്ദേശങ്ങൾക്ക് വർത്തമാനകാലത്ത് പ്രസക്തി വർദ്ധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ദിവ്യ സന്ദേശങ്ങളുടെ അടിസ്ഥാനതത്വത്തിൽ നിന്ന് വ്യതിചലിക്കുമ്പോഴാണ് സമൂഹത്തിൽ ഭിന്നതകളും വഴികേടും രൂപപ്പെടുന്നതെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
മുസ്‌ലിം ലോകത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ നേതൃപരമായ പങ്കും സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതിലും സഊദി അറേബ്യ എന്നും നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഏകദൈവ വിശ്വാസമാണ് ഇസ്‌ലാമിൻ്റെ അടിത്തറയെന്നും, വിശുദ്ധ ഖുർആനും പ്രവാചക ചര്യയും പിന്തുടരുമ്പോഴാണ് മുസ്‌ലിം സമൂഹത്തിൽ ഐക്യവും സമാധാനവും രൂപപ്പെടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യ എംബസിയുമായി സഹകരിച്ച് ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ കാമ്പസ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വൈജ്ഞാനിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ അദ്ദേഹം വിതരണം ചെയ്തു. ഇന്ത്യയിലെ സൗദി അറേബ്യ എംബസി അറ്റാഷെ ശൈഖ് ബദർ നാസർ അൽ അനസി ചടങ്ങിൽ സംബന്ധിച്ചു. പൂർവ വിദ്യാർഥി സംഗമത്തിൽ മുഷ്താഖ് അൽ ഹികമി അധ്യക്ഷത വഹിച്ചു. അബ്ദുൽ മാലിക് സലഫി, ത്വൽഹത്ത് സ്വലാഹി, സ്വലാഹുദ്ദീൻ അൽ ഹികമി, അശ്റഫ് അൽ ഹികമി എന്നിവർ സംസാരിച്ചു.
സീനിയർ സിറ്റിസൺ മീറ്റിൽ ഡോ.വി.എം.മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുറഹ്മാൻ ആദൃശേരി, ഡോ. യൂസുഫ് മദനി, മുഹമ്മദ് ഹനീഫ ഓടക്കൽ, മുഹമ്മദലി ബാഖവി എന്നിവർ പ്രസംഗിച്ചു.
ലീഡേഴ്സ് മീറ്റിൽ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ അധ്യക്ഷത വഹിച്ചു. പി.എൻ അബ്ദുല്ലത്തീഫ് മദനി, നാസിർ ബാലുശ്ശേരി, ഷമീർ മദീനി, പ്രൊഫ.എം.അബ്ദുല്ല സുല്ലമി, മുജീബ് സ്വലാഹി എന്നിവർ പ്രസംഗിച്ചു.
സമാപന പൊതുസമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി. എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. അബൂബക്കർ സലഫി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യാതിഥിയായിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ, എ.എ.റഹീം, എം.പി, കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദലി, ഡി സി സി പ്രസിഡന്റ്‌വി എസ് ജോയ്, യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് ദാനിഷ്, പ്രൊഫ. ദിൽ മുഹമ്മദ് സലഫി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ടി.കെ.അശ്റഫ്, ഫൈസൽ മൗലവി, അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി, സി.പി.സലീം, മുഹമ്മദ് സ്വാദിഖ് മദീനി, ശരീഫ് ഏലാങ്കോട്, പി.എം.ഷാഹുൽ ഹമീദ്, അശ്റഫ് വെൽകം, ഷബീബ് സ്വലാഹി, ഹംസ മദീനി, ശുറൈഹ് സലഫി, സകരിയ്യ മദീനി, റഷീദ് കുട്ടമ്പൂർ, താജുദ്ദീൻ സ്വലാഹി, മുഹമ്മദ് ശമീൽ മഞ്ചേരി എന്നിവർ പ്രസംഗിച്ചു.