കോഴിക്കോട്: ഇനി പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരന്. പൊതുരംഗത്തേക്ക് തത്കാലമില്ല. സ്ഥാനാർഥിയായോ പാര്‍ട്ടി നേതൃസ്ഥാനത്തേക്കോ ഇല്ല. തദ്ദേശതെരഞ്ഞടുപ്പ് വരുമ്പോള്‍ സജീവമാകുമെന്നും പ്രചാരണ രംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും തമ്മില്‍ തല്ലിയാല്‍ വരുംതെരഞ്ഞെടുപ്പുകളില്‍ തോല്‍വിയായിരിക്കും ഫലമെന്നും മുരളീധരൻ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞത് കഴിഞ്ഞു. അതിന്റെ പേരിൽ സംഘർഷമുണ്ടാക്കരുത്. പ്രതികരിക്കേണ്ട സമയത്തേ പ്രതികരിക്കാൻ പാടുള്ളൂ. എപ്പോഴും പ്രതികരിക്കേണ്ട. അടിയും പോസ്റ്റർ യുദ്ധവും നല്ലതല്ലെന്നും മുരളീധരൻ പറഞ്ഞു.
“കോണ്‍ഗ്രസിനു ഒരുപാട് നേതാക്കളുണ്ട് എനിക്ക് പുതിയ പദവി ആവശ്യമില്ല. സുധാകരനെ മാറ്റാന്‍ പാടില്ല. ഇത്രയും നല്ല വിജയമുണ്ടാകുമ്പോള്‍ അദ്ദേഹത്തെ മാറ്റരുത്. കെപിസിസി അധ്യക്ഷ സ്ഥാനം തരേണ്ട ആവശ്യമില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മൂഡില്ല. രാജ്യസഭയില്‍ ഒരുകാരണവശാലും ഞാന്‍ പോകില്ല. രാജ്യസഭയില്‍ പോകുന്നെങ്കില്‍ എന്റെ ആരോഗ്യത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കരുതണം.’ – മുരളീധരന് പറഞ്ഞു.
തൃശൂരിലൊരു കേന്ദ്രമന്ത്രി വന്നാല്‍ ഗുണം ചെയ്യുമെന്ന് ന്യൂ ജനറേഷനിടയില്‍ ചിന്ത വന്നു. പരമ്പരാഗത വോട്ടുകള്‍ കിട്ടി. ചില ആളുകള്‍ മാത്രം വിചാരിച്ചാല്‍ വോട്ട് മറിയില്ല. തൃശൂരില്‍ പോകേണ്ട കാര്യമില്ലായിരുന്നു. തെറ്റുകാരന്‍ താന്‍ തന്നെയായിരുന്നു. ബിജെപിയില്‍ പോകുന്നതിനെക്കാള്‍ നല്ലത് വീട്ടിലിരിക്കുന്നതാണ്. എല്ലാം പോയാലും ഈ വീട് ഉണ്ടാകുമല്ലോ അത്രയും മതിയെന്നും മുരളീധരന് പറഞ്ഞു.
ഒരാള്‍ക്കെതിരെയും പരാതിയില്ല. എന്റെ തോല്‍വിയില്‍ അന്വേഷണ കമ്മീഷന് വേണ്ട. അന്വേഷണ കമ്മീഷന് വന്നാല്‍ വീണ്ടും തര്‍ക്കം ഉണ്ടാവും. പല കമ്മീഷന് റിപ്പോര്‍ട്ടുകളും ഞാന്‍ കണ്ടിട്ടുണ്ട്. തോല്‍വിയില്‍ ഒരു നേതാക്കളെയും കുറ്റപ്പെടുത്താന്‍ ഇല്ല. പലരും പലതും പറയും, ആലോചിച്ച് തീരുമാനം എടുക്കണം എന്നതാണ് ഈ തെരഞ്ഞടുപ്പില്‍ പഠിച്ച പാഠമെന്നും മുരളീധരന് പറഞ്ഞു.