കണ്ണൂര്‍: തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പോലിസിനെ ആക്രമിച്ച കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. കേസില്‍ പ്രതികളായ പ്രദേശത്തെ എഴുപതോളം സിപിഎം പ്രവര്‍ത്തകര്‍ ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്. കുട്ടിമാക്കൂല്‍ സ്വദേശി സഹദേവന്‍ അടക്കം രണ്ടു പേരെയാണ് ഇതുവരെ പിടികൂടാനായത്. അതേസമയം, തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ടവരെയും പോലിസ് കേസില്‍ പെടുത്തിയെന്നാണ് സിപിഎം ആരോപിക്കുന്നത്.
മണോളിക്കാവില്‍ ഉത്സവത്തിനിടെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം തടയുന്നതിനിടെ എസ്‌ഐ ഉള്‍പ്പെടെ പോലിസുകാരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു. വൈകിട്ട് മണോളിക്കാവില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലിസ് സംഘം കേസിലെ ഒന്നാം പ്രതിയും റൗഡി ലിസ്റ്റില്‍ പെട്ടയാളുമായ ദിപിനെ കസ്റ്റഡിയിലെടുത്ത് പോലിസ് വാഹനത്തില്‍ കയറ്റി. പിന്നാലെ, സ്ഥലത്ത് സംഘടിച്ച സിപിഎം പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞു. പ്രതിയെ ബലമായി പിടിച്ചിറക്കി കൊണ്ടുപോയി. എസ്‌ഐ ഉള്‍പ്പെടെയുളളവരെ ഗേറ്റിനുള്ളില്‍ പൂട്ടിയിട്ടു.
ഉത്സവം നടക്കുന്നതിനാലും സ്ത്രീകള്‍ ഉള്‍പ്പെടെ വലിയ ആള്‍ക്കൂട്ടം സ്ഥലത്തുണ്ടായിരുന്നതുകൊണ്ടും പോലിസ് കൂടുതല്‍ ബലപ്രയോഗത്തിനു തുനിയാതെ പിന്‍വാങ്ങുകയായിരുന്നു. പോലിസുകാരെ കൊല്ലുമെന്ന് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്‌ഐആര്‍. എഴുന്നള്ളിപ്പിനിടെ സിപിഎം പ്രവര്‍ത്തകര്‍ ഇന്‍ക്വിലാബ് മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്നാണ് പോലിസ് കേസ്. കേരളം ഭരിക്കുന്നത് ഞങ്ങളെന്നും കളിച്ചാല്‍ തലശ്ശേരി സ്റ്റേഷനില്‍ ഉണ്ടാകില്ലെന്നും ഭീഷണി മുഴക്കിയായിരുന്നു ബുധനാഴ്ചയിലെ ആക്രമണമെന്നും എഫ്‌ഐആറിലുണ്ട്.