തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഫെബ്രുവരി 24 ന് മൂവാറ്റുപുഴ നഗരസഭ 13-ാം വാര്‍ഡിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, തദ്ദേശ, പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റ് നിയമാനുസൃത സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയ്ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.ഇടുക്കി ജില്ലയില്‍ ഉപതെരഞ്ഞടുപ്പ് നടക്കുന്ന വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട് ഏഴാം വാര്‍ഡിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 24 ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
തൃശൂരില്‍ അവധി ഈ പ്രദേശങ്ങളില്‍
തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മാന്തോപ്പ് വാര്‍ഡില്‍ തിങ്കളാഴ്ച ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വാര്‍ഡ് പരിധിയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടുമുന്‍പുള്ള 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിവസമായ ചൊവ്വാഴ്ചയും വാര്‍ഡിന്റെ പരിധിക്കുള്ളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
തിരുവനന്തപുരത്തെ തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശ്രീവരാഹം , കരുംകുളം ഗ്രാമപഞ്ചായത്തിലെ കൊച്ചുപള്ളി , പൂവച്ചല്‍ ഗ്രാമ പഞ്ചായത്തിലെ പുളിങ്കോട്, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറ എന്നീ വാര്‍ഡുകളില്‍ സ്ഥിതി ചെയ്യുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വോട്ടെടുപ്പ് നടക്കുന്ന ഫെബ്രുവരി 24 തിങ്കളാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പോളിങ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഫെബ്രുവരി 23, 24 എന്നീ തീയതികളിലും , വോട്ടെണ്ണല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഫെബ്രുവരി 25നു0 അവധിയാണ്.
മലപ്പുറത്ത് കരുളായി പഞ്ചായത്തിലെ വാര്‍ഡ് 12 (ചക്കിട്ടമല), തിരുനാവായ പഞ്ചായത്തിലെ വാര്‍ഡ് എട്ട് ( എടക്കുളം ഈസ്റ്റ് ) എന്നിവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിങ് സ്റ്റേഷനുകളായ പുള്ളിയില്‍ ദേവദാര്‍ സ്‌കൂള്‍, അമ്പലപ്പടി ഫസലെ ഉമര്‍ പബ്ലിക് സ്‌കൂള്‍, എടക്കുളം ജിഎല്‍പി സ്‌കൂള്‍ എന്നിവയ്ക്ക് ഫെബ്രുവരി 23നും 24നും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫെബ്രുവരി 24ന് അവധിയാണ്. അതേസമയം പൊതു പരീക്ഷ നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ല.
കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രാമപുരം ഗ്രാമപഞ്ചായത്തിലെ ജിവി സ്‌കൂള്‍ വാര്‍ഡിന്റെ പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഫെബ്രുവരി 24ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ അവധി പ്രഖ്യാപിച്ചു. പോളിങ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന ഏഴാച്ചേരി ഗോവിന്ദവിലാസം യുപി സ്‌കൂളിന് ഫെബ്രുവരി 23, 24 തീയതികളില്‍ അവധിയായിരിക്കും. ജിവി സ്‌കൂള്‍ വാര്‍ഡിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാല്‍ സ്വന്തം പോളിങ് സ്റ്റേഷനില്‍ പോയി വോട്ടു ചെയ്യുന്നതിന് പ്രത്യേക അനുമതി ബന്ധപ്പെട്ട മേലധികാരികള്‍ അനുവദിച്ചു നല്‍കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.
കൊല്ലത്തും രണ്ട് ദിവസം അവധി
കൊല്ലം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലും കളക്ടര്‍ കഴിഞ്ഞദിവസം അവധി പ്രഖ്യാപിച്ചിരുന്നു. പോളിങ് സ്റ്റേഷനുകളായും കൗണ്ടിങ് സെന്ററുകളായും പ്രവര്‍ത്തിക്കുന്ന കല്ലുവാതുക്കല്‍ അമ്പലപ്പുറം 18ാം നമ്പര്‍ അങ്കണവാടിയ്ക്കും, കൊട്ടാരക്കര ഗവ. വിഎച്ച്എസ്എസ് ആന്‍ഡ് എച്ച്എസ് ഫോര്‍ ഗേള്‍സ്, കരുനാഗപ്പള്ളി ഗവ. മോഡല്‍ എച്ച്എസ്എസ് എന്നിവയ്ക്കും വോട്ടിങ്, കൗണ്ടിങ് ദിനങ്ങളായ ഫെബ്രുവരി 24, 25 തീയതികളില്‍ അവധിയാണ്. മറ്റു പോളിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച മാത്രമാണ് അവധിയെന്ന് കളക്ടര്‍ അറിയിച്ചു.
കണ്ണൂരില്‍ ഫെബ്രുവരി 24 തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പന്ന്യന്നൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് താഴെ ചമ്പാടിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അന്നേദിവസം കണ്ണൂര്‍ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 13 ജില്ലകളിലായി 30 തദ്ദേശ വാര്‍ഡുകളിലാണ് തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുക. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ തദ്ദേശ വാര്‍ഡുകളിലും തെരഞ്ഞെടുപ്പുണ്ട്.