ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്രയുടെ മകളും മരുമകനും എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ദമ്പതികളെ ഒഡീഷ പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികളായ ഹൻസിത അഭിലിപ്സ, അനിൽ കുമാർ മൊഹന്തി എന്നിവരാണ് അറസ്റ്റിലായത്.
തങ്ങൾക്ക് ഉന്നത ബന്ധമുണ്ടെന്ന് പറഞ്ഞ് ഇവർ പലരിൽ നിന്നും പണം വാങ്ങിയതായി പോലീസ് പറഞ്ഞു. ഇരുവരുടെയും വസതിയിൽ പോലീസ് നടത്തിയ പരിശോധനയിൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നതർക്കൊപ്പം നിൽക്കുന്ന നിരവധി ഫോട്ടോകൾ കണ്ടെടുത്തു.
ഭുവനേശ്വറിലെ സമ്പന്നരായ വ്യവസായികൾ, ബിൽഡർമാർ, മൈനിംഗ് ഓപ്പറേറ്റർമാർ തുടങ്ങിയവരെ ഇവർ കബളിപ്പിച്ചു. പ്രതികളെ ചോദ്യം ചെയ്തു വരുകയാണെന്ന് പോലീസ് പറഞ്ഞു.