ന്യൂഡല്‍ഹി– ഗാർഹിക പാചകവാതക വില ഏപ്രില്‍ എട്ട് മുതല്‍ 50 രൂപ കൂടുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് പുരി പറഞ്ഞു. ഉജ്ജ്വല യോജന ഉപഭോക്താക്കള്‍ക്ക് 500 രൂപയില്‍ നിന്ന് 550 ആയും സാധാരണക്കാര്‍ക്ക് 803ല്‍ നിന്ന് 853 ആയിട്ടാണ് വില ഉയര്‍ത്തിയത്. ഈ മാറ്റം 2-3 ആഴ്ച വിലയിരുത്തുമെന്നും പെട്രോളിയത്തിന്റെയും ഡീസലിന്റെയും കാര്യത്തില്‍ ഈ അവസ്ഥ തുടരുകയാണെങ്കില്‍ വില പരിഷ്കരിക്കാന്‍ സാധ്യതയണ്ടെന്നും ഹര്‍ദീപ് പുരി പറഞ്ഞു.
പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ കൂട്ടിയതിനെ കുറിച്ച് മന്ത്രി പരാമര്‍ശിച്ചു. എക്സൈസ് തീരുവയിലെ വര്‍ധനവ് ഒരു തരത്തിലും സാധാരണക്കാരെ ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ എക്സൈസ് തീരുവയിലുണ്ടായ വര്‍ധനവിന്റെ ഭാരം എണ്ണക്കമ്പനികള്‍ വഹിക്കുമെന്നും ക്രമേണ പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റം പ്രതീക്ഷിക്കാമെന്നും അദ്ദേഹം അറിയിച്ചു. ചില്ലറ വില്‍പ്പനയില്‍ വിലവര്‍ദ്ധനവ് ബാധിക്കില്ലെന്ന് പെട്രോളിയം മന്ത്രി അറിയിച്ചു.