ദുബായ് – കള്ളപ്പണം വെളുപ്പിച്ച ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട രണ്ടു അന്താരാഷ്ട്ര ശൃംഖലകളെ യു.എ.ഇ ഫെഡറല്‍ വകുപ്പുകളുമായി സഹകരിച്ച് ദുബായ് അധികൃതര്‍ തകര്‍ത്തു. 64.1 കോടി ദിര്‍ഹം മൂല്യമുള്ള കള്ളപ്പണം സംഘങ്ങള്‍ വെളുപ്പിച്ചതായി കണ്ടെത്തി. ഒരു യു.എ.ഇ പൗരന്, 21 ബ്രിട്ടീഷ് പൗരന്മാര്, രണ്ട് അമേരിക്കക്കാര്‍, ഒരു ചെക്ക് പൗരന്, യു.എ.ഇ പൗരന്റെ ഉടമസ്ഥതയിലുള്ള രണ്ട് കമ്പനികള്‍ എന്നിവര്‍ ഉള്‍പ്പെട്ട ആദ്യ സംഘത്തിനെതിരായ കേസ് ദുബായ് കോടതിയിലെ ക്രിമിനല്‍ കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സിലേക്ക് ദുബായ് പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.
46.1 കോടി ദിര്‍ഹത്തിന്റെ അനധികൃത ഫണ്ടുകള്‍ കൈവശം വെച്ചെന്നും വ്യാജമായി ഔദ്യോഗിക രേഖകള്‍ നിര്‍മിച്ചെന്നും അവ ഉപയോഗിച്ചെന്നുമുള്ള ആരോപണങ്ങളാണ് ഇവര്‍ നേരിടുന്നത്. രണ്ട് പ്രാദേശിക കമ്പനികളെ മറയാക്കി അനധികൃത പണം സ്രോതസ്സ് മറച്ചുവെച്ച് സംഘം ബ്രിട്ടനില്‍ നിന്ന് യു.എ.ഇയിലേക്ക് കടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ബ്രിട്ടനിലെ നിയമാനുസൃത വ്യാപാരത്തില്‍ നിന്നുള്ള വരുമാനമാണെന്ന് തെറ്റായി പ്രഖ്യാപിച്ച് വ്യാജ രേഖകള്‍ ഉപയോഗിച്ച് സംഘം കസ്റ്റംസ് പരിശോധനകള്‍ മറികടക്കുകയായിരുന്നു.
മറ്റൊരു വിജയകരമായ ഓപ്പറേഷനില്‍, ദുബായ് ഇക്കണോമിക് സെക്യൂരിറ്റി സെന്ററും ദുബായ് പബ്ലിക് ഫണ്ട് പ്രോസിക്യൂഷനും തമ്മിലുള്ള സഹകരണത്തിലൂടെ ക്രിപ്റ്റോകറന്‍സികള്‍ ഉപയോഗിച്ച് 18 കോടി ദിര്‍ഹം മൂല്യമുള്ള കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മറ്റൊരു അന്താരാഷ്ട്ര സംഘടിത കുറ്റകൃത്യ ശൃംഖലയെയും തകര്‍ത്തു. 30 വ്യക്തികളും മൂന്ന് കമ്പനികളും ഉള്‍പ്പെട്ട ശൃംഖലയുമായി ബന്ധപ്പെട്ട കേസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന് ദുബായ് കോടതിയിലെ കള്ളപ്പണം വെളുപ്പിക്കല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു. ക്രിപ്റ്റോകറന്‍സികള്‍ ഉപയോഗിച്ച് 18 കോടി ദിര്‍ഹം മൂല്യമുള്ള സങ്കീര്‍ണ്ണമായ കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നെറ്റ്വര്‍ക്ക് ബ്രിട്ടനിലും ദുബായിലും ഉടനീളം പ്രവര്‍ത്തിച്ചു. യു.കെയിലും ദുബായിലും ഉള്ള ലൈസന്‍സില്ലാത്ത ക്രിപ്റ്റോകറന്‍സി ഇടനിലക്കാര്‍ വഴിയാണ് ഈ നെറ്റ്വര്‍ക്ക് ബ്രിട്ടനില്‍ കള്ളപ്പണം വെളുപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ബ്രിട്ടനില്‍ മയക്കുമരുന്ന് കടത്ത്, വഞ്ചന, നികുതി വെട്ടിപ്പ് തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം വെളുപ്പിച്ച പദ്ധതി രണ്ട് ഇന്ത്യക്കാരും ഒരു ബ്രിട്ടീഷ് പൗരനുമാണ് ആസൂത്രണം ചെയ്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൃത്യമായി ആസൂത്രണം ചെയ്ത ഓപ്പറേഷനാണ് പ്രതികളെ പിടികൂടുന്നതിലേക്കും കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിലേക്കും നയിച്ചത്.
ദുബായ് പബ്ലിക് ഫണ്ട് പ്രോസിക്യൂഷന്, ദുബായ് ഇക്കണോമിക് സെക്യൂരിറ്റി സെന്റര്‍, ദുബായ് പോലീസിനു കീഴിലെ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ യൂനിറ്റ്, യു.എ.ഇ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂനിറ്റ്, ദുബായ് കസ്റ്റംസ്, യു.എ.ഇ നീതിന്യായ മന്ത്രാലയത്തിനു കീഴിലെ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ സംയുക്ത പരിശ്രമത്തിലൂടെയാണ് ഈ സങ്കീര്‍ണ്ണമായ ഓപ്പറേഷനുകളുടെ വിജയം സാധ്യമായത്.
അന്താരാഷ്ട്ര കള്ളപ്പണം വെളുപ്പിക്കല്‍ ശൃംഖലകള്‍ വിജയകരമായി തകര്‍ക്കുന്നതിലേക്ക് നയിച്ച ഏകോപിതവും സൂക്ഷ്മവുമായ അന്വേഷണങ്ങള്‍ നടത്തിയതിന് പബ്ലിക് പ്രോസിക്യൂഷന്, നിയമ നിര്‍വഹണ ഏജന്‍സികള്‍, പ്രാദേശിക, ഫെഡറല്‍ ഏജന്‍സികള്‍ എന്നിവയെ ദുബായ് അറ്റോര്‍ണി ജനറല്‍ ഇസാം ഈസ അല്‍ഹുമൈദാന്‍ അഭിനന്ദിച്ചു. സങ്കീര്‍ണ്ണമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാനും ദേശീയ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കാനും സാമ്പത്തിക സ്ഥിരത വര്‍ധിപ്പിക്കാനും ഇത്തരം ശ്രമങ്ങള്‍ ഏറെ പ്രധാനമാണ്. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ നടപ്പാക്കാനും സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ചെറുക്കാനും, ആഗോള സാമ്പത്തിക സമഗ്രത കാത്തുസൂക്ഷിക്കാന്‍ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനുമുള്ള ദുബായുടെ പ്രതിബദ്ധത ദുബായ് അറ്റോര്‍ണി ജനറല്‍ ഇസാം ഈസ അല്‍ഹുമൈദാന്‍ ആവര്‍ത്തിച്ചു.