പ്രതിവര്‍ഷം 22 ലക്ഷത്തിലേറെ ചാര്‍ജറുകളും ചാര്‍ജര്‍ കേബിളുകളും ലാഭിക്കാനും പദ്ധതി സഹായിക്കും
ജിദ്ദ – മൊബൈല്‍ ഫോണുകള്‍ക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും ഏകീകൃത ചാര്‍ജിംഗ് പോര്‍ട്ട് നിര്‍ബന്ധമാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം 2026 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കുമെന്ന് സൗദി സ്റ്റാന്റേര്‍ഡ്സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷനും കമ്മ്യൂണിക്കേഷന്‍സ്, സ്പേസ് ആന്റ് ടെക്നോളജി കമ്മീഷനും അറിയിച്ചു. ആദ്യ ഘട്ടം നാളെ മുതല്‍ നടപ്പാക്കി തുടങ്ങും.
മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്, ഡിജിറ്റല്‍ ക്യാമറകള്‍, ഇ-റീഡറുകള്‍, പോര്‍ട്ടബിള്‍ വീഡിയോ ഗെയിം കണ്‍സോളുകള്‍, ഹെഡ്ഫോണുകള്, ഇയര്‍ഫോണുകള്‍, ആംപ്ലിഫെയറുകള്‍, കീബോര്‍ഡുകള്‍, മൗസുകള്‍, പോര്‍ട്ടബിള്‍ നാവിഗേഷന്‍ സിസ്റ്റങ്ങള്‍, പോര്‍ട്ടബിള്‍ സ്പീക്കറുകള്‍, വയര്‍ലെസ് റൂട്ടറുകള്‍ എന്നീ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കാണ് നാളെ മുതല്‍ ഏകീകൃത ചാര്‍ജിംഗ് പോര്‍ട്ട് നിര്‍ബന്ധമാക്കുന്നത്. ഈ ഉപകരണങ്ങളിലെല്ലാം യു.എസ്.ബി ടൈപ്പ്-സി ഇനത്തില്‍ പെട്ട ചാര്‍ജിംഗ് പോര്‍ട്ടുകള്‍ നിര്‍ബന്ധമാണ്. രണ്ടാം ഘട്ടം നിലവില്‍വരുന്ന 2026 ഏപ്രില്‍ ഒന്നു മുതല്‍ ലാപ്ടോപ്പുകള്‍ക്കും ഏകീകൃത ചാര്‍ജിംഗ് പോര്‍ട്ട് നിര്‍ബന്ധമാക്കും.
സൗദി വിപണിയില്‍ മൊബൈല്‍ ഫോണുകളുടെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഏകീകരിക്കല്‍ നിര്‍ബന്ധമാക്കുന്ന ഘട്ടങ്ങള്‍ സൗദി സ്റ്റാന്റേര്‍ഡ്സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷനും കമ്മ്യൂണിക്കേഷന്‍സ്, സ്പേസ് ആന്റ് ടെക്നോളജി കമ്മീഷനും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ആറിന് അറിയിച്ചിരുന്നു. ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനും അവരുടെ മേല്‍ അധിക ചെലവുകള്‍ അടിച്ചേല്പിക്കാതിരിക്കാനും ഉയര്‍ന്ന ഗുണനിലവാരമുള്ള ചാര്‍ജിംഗ്, ഡാറ്റ ട്രാന്‍സ്ഫര്‍ സാങ്കേതികവിദ്യ നല്‍കാനും ഇലക്ട്രോണിക് മാലിന്യങ്ങള്‍ കുറച്ച് പരിസ്ഥിതി സുസ്ഥിരതാ തത്വങ്ങള്‍ക്ക് പിന്തുണ നല്‍കാനുമാണ് ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഏകീകരിക്കാനുള്ള തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രതിവര്‍ഷം 22 ലക്ഷത്തിലേറെ ചാര്‍ജറുകളും ചാര്‍ജര്‍ കേബിളുകളും ലാഭിക്കാനും വര്‍ഷത്തില്‍ 17 കോടി റിയാല്‍ ലാഭിക്കാനും പുതിയ തീരുമാനം സഹായിക്കുമെന്ന് സൗദി സ്റ്റാന്റേര്‍ഡ്സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷനും കമ്മ്യൂണിക്കേഷന്‍സ്, സ്പേസ് ആന്റ് ടെക്നോളജി കമ്മീഷനും പറഞ്ഞു. വര്‍ഷത്തില്‍ പതിനഞ്ചു ടണ്ണോളം ഇലക്ട്രോണിക്സ് മാലിന്യങ്ങള്‍ കുറച്ച് സാങ്കേതിക മേഖലയില്‍ സുസ്ഥിരത കൈവരിക്കാനുള്ള സൗദി അറേബ്യയുടെ ലക്ഷ്യം കൈവരിക്കാനും ഇത് സഹായിക്കും.