ജയഭാരതിക്ക് ഇന്ന് എഴുപതിന്റെ നിറവ്. അവരെയോ അവരുടെ ഫോട്ടോകളോ കണ്ടാല്‍ പക്ഷേ ആരും അത് പറയില്ല. കാലത്തെ പിടിച്ചുകെട്ടിയ സൗന്ദര്യം ആ കണ്ണുകളില്‍ നിന്ന് മാഞ്ഞിട്ടില്ല. സദാ തുളുമ്പി നില്‍ക്കുന്ന അഴകിന്റെ മഴവില്‍ഛായകള്‍.
നൂറുക്കണക്കിന് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളെ കീഴടക്കിയ നടിയാണ് ജയഭാരതി. ഒരു പക്ഷേ നസീര്‍-ഷീല ജോഡി നമ്മുടെ സിനിമാരംഗം കീഴടക്കിയ ആ കാലഘട്ടത്തില്‍ തന്നെ മധു- ജയഭാരതി, വിന്‍സെന്റ്- ജയഭാരതി, സോമന്‍ – ജയഭാരതി കൂട്ടുകെട്ടായിരിക്കണം, അഭ്രപാളികളെ കൂടുതലായും ഹരം കൊള്ളിച്ചത്. കെ.പി.എ.സിയുടെ നീലക്കണ്ണുകള്‍ എന്ന സിനിമയില്‍ മധുവിനോടൊപ്പം നായികാവേഷം കൈകാര്യം ചെയ്ത ജയഭാരതിക്ക് ആ സിനിമയുടെ നിര്‍മാതാക്കളായ കെ.പി.എ.സി കായംകുളത്ത് നല്‍കിയ ഒരു സ്വീകരണച്ചടങ്ങില്‍ അവര്‍ പറഞ്ഞു: നസീര്‍ സാറായാലും മധു സാറായാലും എന്റെ വേഷത്തെ തിളക്കമേറ്റുന്നത് കഥാപാത്രങ്ങളുടെ വൈവിധ്യമാകണം.
ജയന്‍ (ജയഭാരതിയുടെ ബന്ധു കൂടിയായിരുന്നു ജയന്‍), വിന്‍സെന്റ്, സോമന്‍ തുടങ്ങിയവരോടൊപ്പമുള്ള അഭിനയം കുറച്ചുകൂടി കംഫര്‍ട്ടബ്‌ളാണ് എന്നും ആ സ്വീകരണത്തില്‍ ജയഭാരതി പറഞ്ഞതോര്‍ക്കുന്നു. ജയഭാരതിയുടെ കരച്ചിലിന് ഒരു പക്ഷേ ശാരദയേയും പിന്നിലാക്കുന്ന വിഷാദഛവി കലര്‍ന്നിരുന്നു. അത് ചിലപ്പോഴെങ്കിലും തിയേറ്ററുകളിലെ സ്ത്രീകളെ കണ്ണീരണിയിച്ചു. മുസ്‌ലിം വേഷങ്ങളില്‍ അവര്‍ മൗലികത കാത്ത് സൂക്ഷിച്ചു. ഖദീജ എന്ന സിനിമയിലെ അഭിനയം അവരെ വേറിട്ടുനിര്‍ത്തി. തമിഴ് ഉള്‍പ്പെടെ നാനൂറോളം സിനിമകളില്‍ ജയഭാരതി വിഭിന്ന വേഷങ്ങള്‍ അനായാസം കൈകാര്യം ചെയ്തു. രണ്ടു ഹിന്ദി സിനിമകളിലും ഒരു തെലുങ്ക് സിനിമയിലും അവര്‍ അഭിനയിച്ചു. കണ്‍മണികള്‍, കടമറ്റത്തച്ചന്‍, നാടന്‍ പെണ്ണ്, കളിയല്ല കല്യാണം, വെളുത്ത കത്രീന, അഞ്ചു സുന്ദരികള്‍, പാടുന്ന പുഴ, വിദ്യാര്‍ഥി, വിരുന്നുകാരി, നഴ്‌സ്, അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ തുടങ്ങി ഏറ്റവുമൊടുവില്‍ നക്ഷത്രങ്ങള്‍ പറയാതിരുന്നത്, എഴുപുന്ന തരകന്‍, സൂര്യപുത്രന്‍, കവാടം, ഊട്ടിപട്ടണം തുടങ്ങിയ ചിത്രങ്ങളില്‍ ജയഭാരതി നിറഞ്ഞുനിന്നു. ഈ ചിത്രങ്ങളില്‍ പലതും റെക്കാര്‍ഡ് കലക്ഷന്‍ നേടി. പലതിലേയും വേഷങ്ങള്‍ ജയഭാരതിയെന്ന നടിയെ ഉയരങ്ങളിലേക്കെത്തിച്ചു.
ശാരദ, ഷീല സുരഭില കാലത്തോടൊപ്പം മലയാള സിനിമയുടെ നായികാസങ്കല്‍പങ്ങളില്‍ സൗന്ദര്യത്തിന്റെ പുതിയൊരു വ്യാകരണം ചമച്ച നടികൂടിയാണ് ജയഭാരതിയെന്ന് പറയാം. ജയഭാരതിയുടെ ഡേറ്റ് കാത്ത് രണ്ടു വര്‍ഷം തന്റെ സിനിമ വൈകിക്കുകയും ഒടുവില്‍ അവരെ വെച്ചെടുത്ത സിനിമ വന്‍ ഹിറ്റാക്കുകയും ചെയ്ത പ്രവാസി കൂടിയായ ഒരു സിനിമാനിര്‍മാതാവിനെ ഈ ലേഖകന് നേരിട്ടറിയാം. അത്രയ്ക്കും ജയഭാരതി ഫാനായിരുന്നു അദ്ദേഹം.
അവള്‍ വിശ്വസ്തയായിരുന്നു എന്ന സിനിമയിലെ ജയഭാരതിയുടെ ഉജ്വലമായ ഭിനയം കാണാനായി മാത്രം ആ സിനിമ അഞ്ചു പ്രാവശ്യം കണ്ട ഒരു സുഹൃത്തിനേയും എനിക്കറിയാം. എഴുപതുകളും എണ്‍പതുകളും മലയാള സിനിമയുടെ നായികാസങ്കല്‍പത്തിന്റെ ഭ്രമണപഥമായിരുന്നു ജയഭാരതി. രണ്ടു തവണ സംസ്ഥാന ഫിലിം അവാര്‍ഡും ഒരു തവണ കേന്ദ്രസര്‍ക്കാര്‍ ഫിലിം ജൂറി പരാമര്‍ശവും ലഭിച്ചിട്ടുള്ള ജയഭാരതി പത്തൊമ്പതാം വയസ്സില്‍ നൂറു സിനിമകള്‍ തികച്ച അപൂര്‍വ റെക്കാര്‍ഡ് എഴുതിച്ചേര്‍ത്ത പ്രതിഭാശാലിയായ അഭിനേത്രിയാണ്. പതിനഞ്ചാം വയസ്സില്‍ പെണ്‍മക്കള്‍ എന്ന ചിത്രത്തിലും തുടര്‍ന്ന് പി. ഭാസ്‌കരന്റെ കാട്ടുകുരങ്ങ് എന്ന ചിത്രത്തിലും അഭിനയം തുടങ്ങിയ ജയഭാരതി 2002 ല്‍ ഒന്നാമന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തോടെ രംഗത്ത് നി്ന്ന് മാറി അശ്വതി ആര്‍ട്ട് അക്കാദമി എന്ന നൃത്തക്ലാസുമായി ബന്ധപ്പെട്ട് കഴിയുകയാണ്. 1973 ല്‍ പുറത്തിറങ്ങിയ മാധവിക്കുട്ടി എന്ന ചിത്രവും ഭരതന്‍ സംവിധാനം ചെയ്ത പദ്മരാജന്‍ തിരക്കഥയെഴുതിയ രതിനിര്‍വേദം എ്ന്ന ചിത്രവും ജയഭാരതിയെ പ്രശസ്തയാക്കി. രതിനിര്‍വേദം, അന്നോളമുള്ള പ്രേമ-കാമസങ്കല്‍പങ്ങളുടെ അടിവേരറുത്തു. കൃഷ്ണചന്ദ്രനോടൊത്തുള്ള ജയഭാരതിയുടെ ആകര്‍ഷകമായ അഭിനയപാടവമാകണം, പ്രസ്തുത സിനിമയെ അക്കാലത്തെ സര്‍വകാലറെക്കാര്‍ഡുകളും ഭേദിക്കാന്‍ പോന്നതായി. ദക്ഷിണേന്ത്യന്‍ സിനിമയെ പിടിച്ചുകുലുക്കുകയായിരുന്നു രതിനിര്‍വേദം.
ലക്ഷ്മിഭാരതി എന്നാണ് ജയഭാരതിയുടെ ശരിയായ പേര്. കൊല്ലം തേവള്ളി സ്വദേശി ശിവശങ്കരന്‍ പിള്ളയുടേയും ശാരദയുടേയും മകളായി തമിഴ്‌നാട്ടിലെ ഈറോഡില്‍ ജനിച്ച ജയഭാരതി, മാതാപിതാക്കളുടെ വേര്‍പാടിനു ശേഷമാണ് കലാരംഗത്ത് നിലയുറപ്പിച്ചത്. നൃത്തത്തിലൂടെ സിനിമയിലെത്തിയ അവരെ പലരും അകമഴിഞ്ഞ് സഹായിച്ചു. നിര്‍മാതാവ് ഹരി പോത്തനുമായുള്ള ബന്ധം തകര്‍ന്ന ശേഷം നടന്‍ സത്താറുമായി വിവാഹിതയായി. ഈ ബന്ധത്തിലുള്ള മകന്‍ കൃഷ് ജെ. സത്താര്‍ കുടുംബത്തോടൊപ്പം അമേരിക്കയിലാണ്.
ജയഭാരതി പറയുന്നു: ജീവിതത്തിലെ ഒരു കാലഘട്ടത്തിലും ഇനി സിനിമയില്‍ അഭിനയിക്കില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞ് പോയ പലരും തിരിച്ചുവന്നു. എത്രയോ ജന്മമെടുത്താലും ഞാന്‍ എന്നും സിനിമാക്കാരി തന്നെയായിരിക്കും. അടുത്ത ജന്മത്തില്‍ ആരാകണമെന്ന് എപ്പോള്‍ ചോദിച്ചാലും ഞാന്‍ പറയുന്നത് ഒരേ ഉത്തരമായിരിക്കും: ‘എനിക്ക് ജയഭാരതിയായാല്‍ മതി..’
ജയഭാരതി ഇത്രയും കാലം എന്തുചെയ്യുകയായിരുന്നുവെന്ന് ചോദിക്കുന്നവരോട് പറയാനുള്ള മറുപടി: ഞാന്‍ നൃത്തം പ്രക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. വീണ വായിക്കുന്നുണ്ടായിരുന്നു, സംസ്‌കൃതം പഠിക്കുന്നുണ്ടായിരുന്നു…മകന്‍ വളര്‍ന്നപ്പോള്‍ ഏതൊരമ്മയേയും പോലെ അവനുവേണ്ടി ഞാന്‍ പലതില്‍നിന്നും മാറിനിന്നതാണ്.’
‘സിനിമയില്‍ വരുമ്പോള്‍ എന്റെ കൈയില്‍ ഭരതനാട്യം മാത്രമേയുണ്ടായിരുന്നുള്ളൂ. മലയാളം എന്ന ഭാഷ പോലും ശരിയ്ക്ക് അറിയില്ലായിരുന്നു. ഭാസ്‌കരന്‍ മാസ്റ്റര്‍, സേതുമാധവന്‍സാര്‍, ഹരനണ്ണന്‍ എന്നുഞാന്‍ വിളിക്കുന്ന ഹരിഹരന്‍ അവരെല്ലാം ചേര്‍ന്ന് എന്നെ നടിയാക്കി മാറ്റി. അത് അവരുടെ വാശിയായിരുന്നു. അക്കാലത്ത് ബാംഗ്ലൂര്‍ ഭാരതി എന്നൊരു നടിയുണ്ടായിരുന്നതുകൊണ്ടാണ് ലക്ഷ്മീഭാരതിയെന്ന പേരുമാറ്റി ജയഭാരതിയാക്കിയത്.
– മലയാളമാണ്, കേരളീയരാണ് എന്നെ വളര്‍ത്തി വലുതാക്കിയത്. പറഞ്ഞ സമയത്ത് ഷൂട്ടിംഗ് തീരാതിരുന്നപ്പോള്‍ തമിഴിലെ ഒരു വലിയ നടനോട് ഞാന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. എനിക്ക് മലയാളം തന്നെയാണ് വലുത്. എന്റെ ശാപ്പാട് അവിടെയാണെന്ന്!