- മിലാഫ് കോള നിര്‍മിക്കുന്നത് ഈത്തപ്പഴ സത്ത് ഉപയോഗിച്ച്
റിയാദ് – ലോക വിപണിയില്‍ ശീതളപാനീയങ്ങളുമായി മത്സരിക്കാന്‍ ആഗോള മാനദണ്ഡങ്ങളോടെ ഈത്തപ്പഴ സത്ത് ഉപയോഗിച്ച് നിര്‍മിച്ച മിലാഫ് കോള പുറത്തിറക്കി സൗദി അറേബ്യ. ഹാനികരമായ ശീതളപാനീയങ്ങള്‍ക്ക്, ആരോഗ്യകരവും സ്വാദിഷ്ടവും രുചികരവും പോഷകമൂല്യമുള്ളതുമായ ബദലായി മിലാഫ് കോള മാറും. ആഗോള വിപണിയില്‍ ശീതളപാനീയ വിപണിയില്‍ മിലാഫ് കോള വൈകാതെ സാന്നിധ്യമറിയിക്കും. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിനു കീഴിലെ മദീന ഹെറിറ്റേജ് കമ്പനി ഉല്പന്നമാണ് മിലാഫ് കോള. ഈത്തപ്പഴ സത്തില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന ആദ്യത്തെ ആഗോള ഉല്പന്നമെന്ന നിലക്ക് മിലാഫ് കോള വൈകാതെ പ്രാദേശിക വിപണിയില്‍ പുറത്തിറക്കും.
റിയാദില്‍ നടക്കുന്ന വേള്‍ഡ് ഓഫ് ഡേറ്റ്സ് എക്സിബിഷനില്‍ പുതിയ ഉല്പന്നം ഔദ്യോഗികമായി ലോഞ്ച് ചെയ്തു. മിലാഫ് ബ്രാന്‍ഡിലൂടെ നിരവധി പരിവര്‍ത്തന ഉല്പന്നങ്ങള് അവതരിപ്പിക്കാനും സൗദി ഈത്തപ്പഴവുമായി ബന്ധപ്പെട്ട ഉല്പന്നങ്ങള് വൈവിധ്യവല്‍ക്കരിക്കാനുമുള്ള മദീന ഹെറിറ്റേജ് കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഉല്പന്നം പുറത്തിറക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ശീതളപാനീയ വിപണിയില്‍ പ്രധാന കൂട്ടിച്ചേര്‍ക്കലായിരിക്കും ഈ ഉല്പന്നം. ലോകത്ത് ശീതളപാനീയ വിപണിയില്‍ ഏറെ ഉയര്‍ന്ന ഉപഭോഗവും വരുമാനവുമാണുള്ളത്.
സൗദിയിലെ ഈത്തപ്പഴത്തിന്റെ മൂല്യം ഉയര്‍ത്തല്‍ കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണെന്ന് മദീന ഹെറിറ്റേജ് കമ്പനി സി.ഇ.ഒ എന്‍ജിനീയര്‍ ബന്ദര്‍ അല്‍ഖഹ്ത്താനി പറഞ്ഞു. വിപണിയില്‍ ഡിമാന്റുള്ളതും ഉയര്‍ന്ന പോഷകമൂല്യമുള്ളതുമായ, ഈത്തപ്പഴത്തിന്റെ പരിവര്‍ത്തന ഉല്പന്നങ്ങള് പുറത്തിറക്കാന്‍ കമ്പനി പ്രവര്‍ത്തിക്കുന്നു. ലോകത്തിന് നല്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നായി ഈത്തപ്പഴവും അവയുടെ ഡെറിവേറ്റീവുകളും മാറുന്നതിന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവുമായും നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്റ് ഡേറ്റ്സുമായും സഹകരിച്ച് ഈത്തപ്പഴത്തില്‍ നിന്നുള്ള നിരവധി പരിവര്‍ത്തന ഉല്പന്നങ്ങള് പുറത്തിറക്കാന്‍ കമ്പനി പ്രവര്‍ത്തിക്കുമെന്നും എന്‍ജിനീയര്‍ ബന്ദര്‍ അല്‍ഖഹ്ത്താനി പറഞ്ഞു.
ഈത്തപ്പഴവും ഈത്തപ്പഴം ഉപയോഗിച്ചുള്ള ഉപോല്പന്നങ്ങളും ഈത്തപ്പഴം ചേര്‍ത്ത ഉല്പന്നങ്ങളും വിപണനം ചെയ്യുകയും നിര്‍മിക്കുകയും ചെയ്യുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മിലാഫ് ബ്രാന്‍ഡ് മദീന ഹെറിറ്റേജ് കമ്പനി ഇക്കഴിഞ്ഞ ഓഗസ്റ്റ് 26 ന് ആണ് ഉദ്ഘാടനം ചെയ്തത്. ആരോഗ്യ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ കൃഷി, നിര്‍മാണം, പേക്കിംഗ് എന്നിവയിലൂടെ ഉയര്‍ന്ന നിലവാരത്തിലുള്ള മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന നിലക്ക് സൗദി ഈത്തപ്പഴം വിപണനം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മിലാഫ് ബ്രാന്‍ഡ് ആരംഭിച്ചിരിക്കുന്നത്. മദീനയിലെ അജ്വ അടക്കം സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നിന്നുള്ള ഏറ്റവും പ്രശസ്തവും മികച്ചതുമായ മുന്തിയ ഈത്തപ്പഴങ്ങള്‍ മിലാഫ് ബ്രാന്‍ഡില്‍ മദീന ഹെറിറ്റേജ് കമ്പനി വിപണനം ചെയ്യുന്നു. പൈതൃക പ്രതീകാത്മകത വഹിക്കുന്ന അജ്വ ഹജ്, ഉംറ തീര്‍ഥാടകരും സന്ദര്‍ശകരും വാങ്ങാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നു. ആരോഗ്യ ഗുണങ്ങളാലും പോഷക ഘടകങ്ങളാലും ഇത് വേറിട്ടുനില്ക്കുന്നു.
ആധികാരിക സൗദി പൈതൃകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ആകര്‍ഷകമായ ഡിസൈനുകളിലും വ്യത്യസ്ത വലിപ്പത്തലിമുള്ള പേക്കറ്റുകള്‍ കമ്പനി ഈത്തപ്പഴം വിപണനം ചെയ്യുന്നു. സൗദിയിലെയും വിദേശങ്ങളിലെയും ഉപയോക്താക്കളില്‍ നിന്ന് വലിയ ഡിമാന്റുള്ള സുക്കരി, ഖലാസ്, അല്സ്വഖ്ഇ, അല്സ്വഫാവി, അല്‍ഖദ്രി, മബ്റൂം പോലുള്ള പ്രശസ്തമായ ഈത്തപ്പഴ ഇനങ്ങളും മിലാഫ് വിപണനം ചെയ്യുന്നു. പഞ്ചസാര ചേര്‍ക്കാത്ത, ആരോഗ്യകരമായ ഉല്പന്നങ്ങള് കുടുംബങ്ങള്‍ക്ക് നല്കാന് ചോക്കലേറ്റ് ക്രീം, ഈത്തപ്പഴ ക്രീം അടക്കമുള്ള ഉല്പന്നങ്ങളും മിലാഫ് ബ്രാന്‍ഡില്‍ മദീന ഹെറിറ്റേജ് കമ്പനി പുറത്തിറക്കുന്നുണ്ട്. പഞ്ചസാര ചേര്‍ത്തുള്ള ഉല്പന്നങ്ങള്ക്കു പകരം ആരോഗ്യകരമായ പാനീയങ്ങളും പ്രകൃതിദത്തമായ പലഹാരങ്ങളും പുറത്തിറക്കി സമഗ്രമായ ആരോഗ്യകരമായ ഉല്പന്നങ്ങള് മിലാഫ് വികസിപ്പിക്കുമെന്ന് എന്‍ജിനീയര്‍ ബന്ദര്‍ അല്‍ഖഹ്ത്താനി പറഞ്ഞു.