കണ്ണൂർ: മതവിദ്വേഷം വളർത്തുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ശബ്ദസന്ദേശം പ്രചരിപ്പിച്ചു എന്ന കേസിൽ ലീഗ് നേതാവ് അറസ്റ്റിൽ. മുസ്ലിംലീഗ് കീഴല്ലൂർ പഞ്ചായത്ത് ട്രഷറർ തെരൂർ പാലയോട്ടെ ടി.പി. ബഷീറിനെയാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം തെരൂർ യുപി സ്കൂളിലെ 72-ാം ബൂത്തിൽ ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഇതേ തുടർന്ന് എൽഡിഎഫ് പ്രവർത്തകൻ പാലയോട്ടെ കെ സഞ്ജയിയെ ബഷീറും മകനുമടങ്ങിയ യുഡിഎഫ് സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാത്രിയോടേ ബഷീർ വാട്‌സാപ്പ് ഗ്രൂപ്പിൽ 25 മിനിറ്റോളം നീളുന്ന സന്ദേശം പ്രചരിപ്പിച്ചത്. സംഭവം ശ്രദ്ധയിൽ പെട്ട കീഴല്ലൂർ ഗ്രാമപഞ്ചായത്തംഗം പി.ബാബുവാണ് പൊലീസിൽ പരാതി നൽകിയത്.
ബഷീറിനെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് യുഡിഎഫ് സംഘം ജാമ്യത്തിൽ വിടണമെന്ന് ആവശ്യപ്പെട്ട് രാത്രി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.