കണ്ണൂർ: നരേന്ദ്രമോദിയെ വിമര്‍ശിക്കാന്‍ നാവുയരാത്ത മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയെ പരിഹസിക്കാന്‍ നൂറുനാവാണെന്നും അത് അദ്ദേഹത്തിന്റെ സംഘപരിവാര്‍ ബോധത്തിന് തെളിവാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി.
വര്‍ഗീയ ഫാസിസത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിക്കുന്ന രാഹുല്‍ ഗാന്ധിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെ വാക്കുകള്‍ കടമെടുത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നത്.
ബി.ജെ.പിയുടെ താര പ്രചാരകനെ പോലെയാണ് മുഖ്യമന്ത്രിയുടെ സംസാരം. നേരത്തെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് കുട്ടിസാഖക്കളെ ഉപയോഗിച്ച് ആക്രമിച്ചതും ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് രാഹുല്‍ ഗാന്ധിയെ ബി.ജെ.പി ലൈന്‍ പിടിച്ച് വിമര്‍ശിക്കുന്നതും അതിന്റെ ഭാഗമാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ നിന്നും സ്വയം രക്ഷാകവചം തീര്‍ക്കാനാണ് രാഹുല്‍ വിമര്‍ശനം പിണറായി വിജയന്‍ നടത്തുന്നത്.
ആത്മരക്ഷാര്‍ത്ഥമുള്ള ഭയം മുഖ്യമന്ത്രിയെ തികഞ്ഞ ഭീരുവാക്കിമാറ്റി. അതിനാലാണ് മോദി പ്രീണനത്തിനായി പിണറായി വിജയൻ രാഹുല്‍ ഗാന്ധി വിമര്‍ശകനായി മാറിയത്. സംഘപരിവാര്‍ വിരുദ്ധ പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിയുമായി സി.പി.എമ്മിനെ ഉപമിക്കാന്‍ പോലും സാധ്യമല്ല. രാഹുല്‍ ഗാന്ധി നയിക്കുന്ന സംഘപരിവാര്‍ വിരുദ്ധ പോരാട്ടത്തിന് പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും സര്‍ട്ടിഫിക്കറ്റ് വേണ്ട. രാജ്യത്തെ മതേതരവിശ്വാസികള്‍ക്ക് രാഹുലിനെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. ഭോപ്പാലിൽ മലയാളി അസോസിയേഷൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആർ.എസ്.എസ് പ്രതിഷേധത്തെ തുടർന്ന് കേരളത്തിലേക്ക് പ്രാണരക്ഷാർത്ഥം ഓടി ഒളിച്ച പിണറായി വിജയന് സംഘപരിപരിവാറിനെ നേരിടാനുള്ള തന്റേടം ഇല്ലെന്ന് സ്വയം തെളിയിച്ച വ്യക്തിയാണെന്നും സുധാകരന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാന്‍ സമയം കണ്ടെത്തുന്ന മുഖ്യമന്ത്രിയും സി.പി.എമ്മും നരേന്ദ്ര മോദി നടത്തുന്ന വര്‍ഗീയ നിലപാടുകളോട് സമരസപ്പെടുകയാണ്. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇപി ജയരാജാന്‍ ബി.ജെ.പിക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായുള്ള ബിസിനസ്സ് ബന്ധം അദ്ദേഹത്തെ ബി.ജെ.പി ആരാധകനാക്കിമാറ്റി. അതുകൊണ്ട് തന്നെ ഇ.പി. ജയരാജന് രാഹുല്‍ ഗാന്ധിയുടെ പേര് ഉച്ചരിക്കാനുള്ള യോഗ്യത പോലുമില്ല. ജനാധിപത്യത്തെയും മതേതരത്വത്തേയും തകര്‍ക്കാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നതില്‍ വെള്ളം ചേര്‍ത്ത സി.പി.എമ്മിനേയും പിണറായി വിജയനേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചതില്‍ എന്താണ് തെറ്റുള്ളത്.
എല്ലാ കേസുകളില്‍ നിന്നും പിണറായി വിജയനെ സംരക്ഷിക്കുന്ന ഗോഡ്ഫാദറായ നരേന്ദ്ര മോദിക്ക് വേണ്ടി ഇന്ത്യ സഖ്യത്തില്‍ പോലും വിള്ളലുണ്ടാക്കുന്ന നിലപാടാണ് കേരള ഘടകം സി.പി.എം സ്വീകരിക്കുന്നത്. മോദിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കുന്ന പിണറായി വിജയന്‍ കേരളത്തില്‍ ബി.ജെ.പിയുടെ പോഷക സംഘടനയെപ്പോലെ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനത്തെ മാറ്റി. കേരളത്തില്‍ സിപിഎമ്മിന്റെ ശവക്കുഴി തോണ്ടുന്ന സമീപനമാണ് പിണറായി വിജയന്റേത്. സിപിഎമ്മിന്റെ അന്തകനായി കാലം പിണറായി വിജയനെ രേഖപ്പെടുത്തുമെന്നും സുധാകരന്‍ പ്രസ്താവനയിൽ പറഞ്ഞു.