തിരുവനന്തപുരം- ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമനടപടി സ്വീകരിക്കുന്നതിൽ അനിശ്ചിതത്വം. ആർക്കെതിരെയും പരാതി ഇല്ലാത്ത സഹചര്യത്തിൽ നടപടി എടുക്കുന്നതിൽ പ്രതിസന്ധിയുണ്ടെന്നാണ് സർക്കാർ നിലപാട്. മൊഴി നൽകിയവർ പരാതിയുമായി മുന്നോട്ടു പോയാൽ മാത്രമേ നടപടി എടുക്കാൻ സാധിക്കൂവെന്ന് സർക്കാറിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ സജി ചെറിയാനും പി. രാജീവും പറഞ്ഞു. അതേസമയം, സിനിമാ നയം സ്വീകരിക്കാൻ സർക്കാർ നീക്കം തുടങ്ങിയതായി മന്ത്രി രാജീവ് പറഞ്ഞു.
റിപ്പോർട്ടിലെ മൊഴികളിൽ നിയമനടപടി സ്വീകരിക്കുന്നതിൽ ചർച്ച നടക്കുന്നുവെന്ന് മാത്രമാണ് മന്ത്രി പറഞ്ഞത്. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിൽ വരുത്താൻ കമ്മിറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച് ചർച്ച നടക്കുകയാണെന്നും സിനിമാ നയം രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടത് ജസ്റ്റിസ് ഹേമ തന്നെയാണെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. സർക്കാറിന് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
അതേസമയം, സർക്കാറിന് മുന്നിൽ പരാതികൾ ഇല്ലെന്നും നിർദ്ദേശങ്ങൾ മാത്രമാണുള്ളതെന്നുമാണ് മുൻ മന്ത്രി എ.കെ ബാലൻ പറയുന്നത്. റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചിട്ടില്ലെന്നും എ.കെ ബാലൻ വ്യക്തമാക്കി. പരാതി ലഭിക്കാതെ കേസെടുക്കാനാകില്ലെന്ന നിലപാടിലാണ് കേരള പോലീസ്.
റിപ്പോർട്ട് ആരെയും കുറ്റപ്പെടുത്താനല്ലെന്നും സിനിമ മേഖലയിലെ പ്രശ്നം പുറത്ത് അറിയിക്കുന്നതിന് വേണ്ടിയാണ് ഹേമ കമ്മിറ്റിയെന്നും സിനിമാ മേഖലയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ലു.സി.സി നേതാവും നടിയുമായ രേവതി അഭിപ്രായപ്പെട്ടു.
സർക്കാർ നടത്തിയത് ക്രിമിനൽ കുറ്റമാണെന്നും നാലരക്കൊല്ലം റിപ്പോർട്ടിന് മേൽ സർക്കാർ അടയിരിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി നടത്തിയത് ക്രിമിനൽ കുറ്റമാണ്. ഇതിൽ ആരുടെയും പരാതി ലഭിക്കേണ്ട ആവശ്യമില്ലെന്നും സ്വമേധയാ കേസെടുക്കാവുന്നതാണ്. സർക്കാറിന് ചിലരെ സംരക്ഷിക്കേണ്ട ആവശ്യമുണ്ടെന്നും അതാണ് നടക്കുന്നത്. ഇരകളാക്കപ്പെട്ട സ്ത്രീകളെ സർക്കാർ വീണ്ടും അപമാനിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാർ ആരെയാണ് സംരക്ഷിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ചോദിച്ചു.