വയനാട്: മേപ്പാടി മുണ്ടക്കൈയിലുണ്ടായ വൻ ഉരുൾപൊട്ടലിൽ മരണം 43 ആയി. രക്ഷാപ്രവർത്തനത്തിന് തടസമായി കനത്ത മഴ പെയ്യുന്നുണ്ട്. വയനാട്ടിലേക്ക് രക്ഷാപ്രവർത്തനത്തിന് പോയ ഹെലികോപ്റ്റർ കോഴിക്കോട്ടിറക്കി. മരണസംഖ്യ ഇനിയും ഉയരാം എന്നാണ് വിവരം. ചൂരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി.
മുണ്ടെക്കെെയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്. മുണ്ടക്കെെ ട്രീവാലി റിസോർട്ടിൽ നാട്ടുകാരായ നൂറിലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിയവരിൽ വിദേശികളും ഉൾപ്പെടുന്നുണ്ട്.
പുലർച്ചെ രണ്ട് മണിയോടെയാണ് മുണ്ടക്കെെയിൽ ഉരുൾപ്പൊട്ടിയത്. കരസേനയുടെ 190 അംഗ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ടെറിട്ടോറിയൽ ആർമി കോഴിക്കോട് 122 ബറ്റാലിയനിൽ നിന്നും ഒരു കമ്പനി ഉടൻ യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്.
മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമായ ചൂരൽമല പാലവും പ്രധാന റോഡും തകർന്നതോടെ ഇവിടെനിന്നുള്ള ഒരു വിവരങ്ങളും ലഭിക്കാത്ത സാഹചര്യമാണുള്ളത്. രക്ഷാപ്രവർത്തകർക്ക് പ്രദേശത്തേക്ക് കടക്കാനോ ആളുകളെ പുറത്തെത്തിക്കാനോ സാധിച്ചിട്ടില്ല. നിലവിൽ 250 അംഗ എൻഡിആർഎഫ് സംഘം ചൂരൽ പുഴയ്‌ക്ക് ഇക്കരെയുള്ള ഭാഗത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. ചൂരൽമലയിൽ സൈന്യം എത്തിയ ശേഷം മുണ്ടക്കൈ മേഖലയിലേക്കും ചൂരൽപ്പുഴയ്‌ക്ക് അക്കരെയും എത്തിപ്പെടാനായി താൽക്കാലിക പാലം നിർമിച്ച് രക്ഷാപ്രവർത്തനം നടത്തും.