കാസർക്കോട്- സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ എന്ന കുറാ തങ്ങൾ അന്തരിച്ചു. മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി ഒൻപതിന് മംഗലാപുരം കുറത്തിൽ നടക്കും. ഉള്ളാൽ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി തങ്ങളുടെ മകനാണ് ഫസൽ കോയമ്മ തങ്ങൾ. ദക്ഷിണ കന്നഡയിലെയും സമീപത്തെയും സുന്നി പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ച പണ്ഡിതനായിരുന്നു.
മഹല്ലുകളിലും സ്ഥാപനങ്ങളിലും തങ്ങൾക്ക് വേണ്ടി പ്രത്യേക പ്രാർഥനാ സദസ്സുകൾ സംഘടിപ്പിക്കണമെന്നും ഇന്ന്(08-07-24) വൈകുന്നേരം 05:00 മണിക്ക് എട്ടിക്കുളം തഖ്‌വാ ജുമാ മസ്ജിദിലും രാത്രി 07:00മണിക്ക് ഉള്ളാളിലും 09:00 മണിക്ക് കുറത്തിലും നടക്കുന്ന ജനാസ നിസ്കാരങ്ങളിലും മറ്റും ഏവരും ഭാഗമാവണമെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അഭ്യർഥിച്ചു.
ഫസൽ കോയമ്മ തങ്ങളെ അനുസ്മരിച്ച് കാന്തപുരം അബൂബക്കർ മുസ്ലിയാർ
താജുല്‍ ഉലമ സയ്യിദ് അബ്‌ദുറഹ്‌മാൻ ബുഖാരി ഉള്ളാള്‍ തങ്ങളുടെ മകനും സമസ്ത കേന്ദ്ര മുശാവറ അംഗവും ദക്ഷിണ കന്നഡ സംയുക്ത ജമാഅത്ത് ഖാളിയും അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങളുടെ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ അനുശോചന കുറിപ്പിൽ പറഞ്ഞു.
കർമ മേഖലയായ കർണാടകയിലെ കുറാ പ്രദേശത്തിന്റെ പേരിലാണ് തങ്ങൾ അറിയപ്പെടുന്നത്. ദക്ഷിണ കന്നഡ കുറത്തിലെ സയ്യിദ് ഫള്ല്‍ ഇസ്‌ലാമിക് സെന്റർ കേന്ദ്രീകരിച്ച് ദീർഘകാലം മത വൈജ്ഞാനിക ആത്മീയ പ്രവർത്തനങ്ങൾ നടത്തിവരുന്ന തങ്ങൾ കേരളത്തിലെയും കർണാടകയിലെയും സുന്നി മുന്നേറ്റത്തിൽ വലിയ ആവേശം കാണിച്ചു. സമസ്തയുടെയും കീഴ്‌ഘടകങ്ങളുടെയും പദ്ധതികൾക്കും പരിപാടികൾക്കും മാർഗനിർദേശവും നേതൃത്വവും നൽകുകയും ആത്മീയ കാര്യങ്ങളിൽ വിശ്വാസികൾക്ക് അഭയമാവുകയും ചെയ്തു. സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, ദക്ഷിണ കന്നട സംയുക്ത ജമാഅത്ത് ഖാളി, ജാമിഅ സഅദിയ്യ അറബിയ്യ ജന.സെക്രട്ടറി, എട്ടിക്കുളം താജുല്‍ ഉലമ എജ്യുക്കേഷണല്‍ സെന്റര്‍ ജന.സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിക്കുകയായിരുന്നു. ജാതിമതഭേദമന്യേ ഉത്തര കേരളത്തിലെയും ദക്ഷിണ കന്നഡയിലെയും അനേകായിരം ജനങ്ങൾക്ക് വലിയ ആശ്രയവും ആശ്വാസവുമായിരുന്നു കുറാ തങ്ങൾ.
താജുൽ ഉലമയുമായി വ്യക്തിപരമായി എനിക്കുണ്ടായിരുന്ന ബന്ധം വളരെ അടുത്തുനിന്ന് വീക്ഷിച്ച ഒരാൾ എന്ന നിലയിൽ പിതാവിന്റെ വിയോഗശേഷം ആ അടുപ്പം കാത്തുസൂക്ഷിക്കാൻ കുറാ തങ്ങൾ ശ്രദ്ധിച്ചിരുന്നു. ഇടയ്ക്കിടെ സന്ദർശിച്ചും വൈജ്ഞാനികവും പ്രാസ്ഥാനികവുംആത്മീയവുമായ കാര്യങ്ങൾ ചർച്ചചെയ്തും ഞങ്ങൾക്കിടയിലെ ബന്ധം ശക്തിപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച മർകസിൽവെച്ചാണ് ഞങ്ങൾ അവസാനമായി നേരിൽ കണ്ടത്. ഉപകാരപ്രദമായ ഒട്ടേറെ കാര്യങ്ങൾ ദീർഘനേരം സംസാരിച്ചും ഒരുമിച്ചിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചും പ്രാർഥിച്ചുമാണ് തങ്ങൾ അന്ന് പോയത്. യാത്ര പറഞ്ഞിറങ്ങുന്നതിന് മുമ്പ് എന്റെ റൂമിൽ വന്ന് പിതാവ് താജുൽ ഉലമയോടൊപ്പമുള്ള നല്ല ഓർമകൾ പങ്കുവെക്കുകയും ശൈലികളിലും രീതികളിലും ഞങ്ങൾക്കിടയിലെ സാമ്യതകൾ സ്നേഹത്തോടെ പറയുകയുമുണ്ടായി.
ഉള്ളാൾ സയ്യിദ് മദനി ദർഗാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സയ്യിദ് മദനി ശരീഅത്ത് കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ ഇന്ന് (തിങ്കൾ) വൈകുന്നേരം തങ്ങളോടൊപ്പം പങ്കെടുക്കാനിരിക്കെയാണ് ഈ വിയോഗം ഉണ്ടായത് എന്നത് അങ്ങേയറ്റം വേദനിപ്പിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു.