ദമാം. തിരുവനന്തപുരം എയർപോർട്ട് യൂസേഴ്‌സ് ഫീ വർദ്ധിപ്പിക്കുവാനുള്ള തീരുമാനത്തിൽ കേരള സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും വർദ്ധിപ്പിച്ച നിരക്ക് പിൻവലിപ്പിക്കുവാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ധം ചെലുത്തണമെന്നും ഒ.ഐ.സി.സി സൗദി നാഷനൽകമ്മറ്റി പ്രസിഡൻ്റ് ബിജു കല്ലുമല അഭ്യർത്ഥിച്ചു .
കേരളത്തിന്റെ തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് വരെയുള്ള പ്രദേശ വാസികളും തമിഴ്നാട്ടിൽ നിന്നും കന്യാകുമാരി, നാഗർകോവിൽ, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളുടെയും ഏക ആശ്രയമാണ് തിരുവനന്തപുരം വിമാനത്താവളം. നിലവിൽ സൗദി അറേബ്യാ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും നേരിട്ടുള്ള വിമാന സർവീസുകൾ ഇല്ലാത്തതിനാൽ മറ്റു രാജ്യങ്ങൾ വഴി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യേണ്ടി വരുന്നതിനാൽ ഭീമമായ ടിക്കറ്റ് നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. അതോടൊപ്പം ഫീസ് വർദ്ധനകൂടി വരുന്നത് പ്രവാസികൾക്ക് വലിയ ബാധ്യതയായി മാറുമെന്നും ബിജു കല്ലുമല പ്രസ്താവനയിൽ പറഞ്ഞു . ആഭ്യന്ത സർവ്വീസുകൾക്കും ചാർജ്ജ് വർധന ബാധകമായതിനാൽ ഇന്ത്യയിലെ ഇതര എയർപോർട്ടുകൾ വഴി കണക്ഷൻ വിമാനങ്ങളിൽ തിരുവനന്തപുരത്ത് എത്തുന്നവരേയും ഇത് ബാധിക്കും .
ഈ വിഷയത്തത്തിൽ അടിയന്തിരമായി കേരളം സർക്കാരും , കേരളത്തിൽ നിന്നുമുള്ള എം.പി മാരും ഇടപെടണമെന്നും കേന്ദ്ര സർക്കാരിലും എയർപോർട്ട് അതോറിറ്റിയിലെ ശക്തമായ സമ്മർദ്ധം ചെലുത്തണമെന്നും ഒ.ഐ.സി.സി സൗദി നാഷനൽകമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല അഭ്യർത്ഥിച്ചു .ഈ വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കേരള മുഖ്യമന്ത്രി , നോർക്ക, കേരളത്തിൽ നിന്നുള്ള എം.പി മാർ എന്നിവർക്ക് നിവേദനം നൽകുമെന്നും ബിജു കല്ലുമല അറിയിച്ചു .