കോഴിക്കോട്: അബൂദബി ശക്തി സാഹിത്യ പുരസ്കാരം ദേശാഭിമാനി മുൻ ചീഫ് ന്യൂസ് എഡിറ്ററും മുതിർന്ന മാധ്യമ പ്രവർത്തകനുമായ പി.പി അബൂബക്കറിന്. ചിന്ത ബുക്സ് പ്രസിദ്ധീകരിച്ച ‘ദേശാഭിമാനി ചരിത്രം’ എന്ന ഗവേഷണ ഗ്രന്ഥത്തിനാണ് പ്രത്യേക പുരസ്കാരം.
കാൽലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം 25ന് ചെങ്ങന്നൂരിൽ നടക്കുന്ന ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സമ്മാനിക്കും. മികച്ച മാധ്യമ പഠനമെന്ന് വിലയിരുത്തിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ദേശാഭിമാനിയുടെ എട്ടു പതിറ്റാണ്ടിലേറെ നീണ്ട ചരിത്രം സമഗ്രമായി ഈ കൃതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയായ പി.പി അബൂബക്കർ 36 വർഷത്തെ സേവനത്തിനുശേഷമാണ് ദേശാഭിമാനിയിൽനിന്ന് വിരമിച്ചത്. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ സാരഥ്യം ഉൾപ്പെടെ ഒട്ടേറെ പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: ടി റസിയ (റിട്ട. ഇന്ത്യൻ ബാങ്ക് ഓഫീസർ). മക്കൾ: നീതു, ഡോ. നൂറ. മരുമക്കൾ: ഡോ. കെ.വി ഷാനവാസ് (യു.എസ്), നബീൽ അഹമ്മദ്.