ഹരിപ്പാട് : മൽസ്യക്കച്ചവടം നടത്തിവന്ന ഇതരസംസ്ഥാന തൊഴിലാളി ഗുണ്ടാസംഘത്തലവന്റെ കുത്തേറ്റ് മരിച്ചു. പശ്ചിമ ബംഗാൾ മാൾഡ സ്വദേശിയായ ഓംപ്രകാശ് (40) ആണ് കൊല്ലപ്പെട്ടത്. ഡാണാപ്പടി നാരകത്തറയിലെ സ്വകാര്യ ബാറിന് മുന്നിൽ ഇന്നലെ വൈകൂന്നേരം ആറരയോടെയാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചെറുതന സ്വദേശിയായ യദുകൃഷ്ണൻ (28) നെ സംഭവുമായി ബന്ധപ്പെട്ട് ഹരിപ്പാട് പോലിസ് അറസ്റ്റുചെയ്തു. ഇതരസംസ്ഥാന തൊഴിലാളികൾ കച്ചവടം ചെയ്യുന്നിടത്ത് പണപ്പിരിവിന് എത്തിയതാണ് ഇയാൾ. പണപ്പിരിവ് സംബന്ധിച്ച് തർക്കമുണ്ടാവുകയും അവിടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുമായും സംഘർഷമുണ്ടായി. സംഘട്ടനത്തിനിടെ ഓംപ്രകാശ് മീൻ മുറിക്കുന്ന കത്തിയെടുത്ത് യദുകൃഷ്ണൻ കുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സംഭവത്തിനുശേഷം ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘർഷമായാണ് വിവരം ലഭിച്ചത്. ഇതിന്റെയടിസ്ഥാനത്തിൽ നാലുപേരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ മൊഴിയെ തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. രാത്രിയോടെ ഇയാളെ അറസ്റ്റുചെയ്യുകയുമായിരുന്നു.
മീൻ വെട്ടുന്ന കത്തി ഉപയോഗിച്ചാണ് കുത്തിയത്. നെഞ്ചിൽ ആഴത്തിലേറിയ മുറിവേറ്റ ഓംപ്രകാശിനെ പോലീസ് എത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംശയത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത
നാല് അന്യസംസ്ഥാന തൊഴിലാളികളെ പിന്നീട് വിട്ടയച്ചു. മൃതദേഹം ഹരിപ്പാട് ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ് ഓംപ്രകാശ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group