കൊച്ചി: മുനമ്പം സാമുദായിക വിഷയമായി കാണേണ്ടതില്ലെന്നും അത് സ്വത്തു തർക്കം മാത്രമാണെന്നും എസ് വൈ എസ് സംസ്ഥാന ജനറൽസെക്രട്ടറി ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി. സ്വത്തു തർക്കങ്ങൾ സാധാരണ പരിഹരിക്കാറുള്ളതു പോലെയാണ് ഈ വിഷയവും പരിഹരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനവ സഞ്ചാരത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പം തർക്കത്തിൽ സർക്കാർ കമ്മിഷനെ നിയോഗിച്ചത് സ്വാഗതാർഹമാണെന്നും അന്വേഷണം സർക്കാർ വേഗത്തിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വഖ്ഫ് ബോർഡിനെ സ്വത്തുടമയായാണ് കാണേണ്ടത്. വ്യക്തികളുടെ സ്വത്തിൽ ആളുകൾ കൈയേറ്റം നടത്താറുണ്ട്. അതിനൊക്കെ എന്ത് പരിഹാരമാണ് കാണാറുള്ളത്? അതേ രീതിയിൽ ഈ വിഷയവും ചർച്ച ചെയ്തും രേഖകൾ പരിശോധിച്ചും പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുനമ്പം ഭൂമി വഖ്ഫ് സ്വത്താണെന്നതിന് രേഖയുണ്ടെന്നാണ് മുനമ്പം സംരക്ഷണ സമിതി പറയുന്നത്. അങ്ങനെയെങ്കിൽ ഭൂമി കൃത്യവിലോപം കാണിച്ച് വില്പന നടത്തിയെന്നല്ലേ മനസ്സിലാക്കേണ്ടത്. തെറ്റ് ചെയ്ത ആളെ അന്വേഷിക്കുന്നതിന് പകരം മുനമ്പം സാമുദായിക വിഷയമായി ഉയർത്തിക്കൊണ്ടു വന്ന് മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിക്കുന്നത് മറ്റെന്തോ താത്പര്യത്തിനാണെന്നാണ് വിചാരിക്കേണ്ടതെന്നും ഡോ. ഹകിം അസ്ഹരി ചൂണ്ടിക്കാട്ടി.
സുന്നികൾ തമ്മിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ല. സുന്നി ആശയം പ്രചരിപ്പിക്കുന്നതിന് കൂടുതൽ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. ഇവ തമ്മിൽ സൗഹൃദാന്തരീക്ഷമാണ് നിലവിലുള്ളത്. നേരത്തെ വലിയ സംഘർഷമുണ്ടായിരുന്നു. കാലക്രമേണ അതെല്ലാം പരിഹരിച്ചു. മാനവ സഞ്ചാരം യാത്ര അവസാനിക്കുന്നതിനിടക്ക് സുന്നി ഐക്യവുമായി ബന്ധപ്പെട്ട കാര്യമായ ചില വസ്തുതകൾ പുറത്ത് വരുമെന്നും അസ്ഹരി അറിയിച്ചു.
ജോലിയാവശ്യാർത്ഥവും മറ്റും ധാരാളം പേർ യു എസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പൗരത്വം സ്വീകരിച്ച് ചേക്കേറുകയാണ്. ഇത് ഒഴിവാക്കുന്നതിന് നമ്മുടെ നാട്ടിൽ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിലിടങ്ങളും വളരണം. മറ്റ് രാഷ്ട്രങ്ങൾ വിദ്യാർത്ഥികൾക്ക് സ്കോളര്ഷിപ്പുകൾ നല്കുകയാണ്. നമ്മുടെ രാജ്യത്ത് സ്കോളർഷിപ്പിന്റെ തോത് വർധിപ്പിക്കണമെന്നും വിദേശ സർവകലാശാലകൾക്ക് ഇവിടേക്ക് കടന്നുവരാനുള്ള അവസരം എളുപ്പമാക്കണമെന്നും ആവശ്യപ്പെട്ടു.