നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര ഗോപന്റെ കല്ലറ നാളെ(16-01-25) തുറന്ന് പരിശോധിക്കും. അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് തീരുമാനം.
പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കും. അതേ സമയം നാളെ തുറക്കാനിരിക്കുന്ന കല്ലറയിൽ പൂജ നടത്തി മകന് രാജസേനന്. രാവിലെ നടപടി തുടങ്ങുമെന്നാണ് പൊലീസ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.
അതേ സമയം, അച്ഛന്റേത് മരണമല്ല സമാധിയെന്ന് ആവര്‍ത്തിക്കുകയാണ് ഗോപന്റെ മകന് സനന്ദന്‍. മരണ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉയര്‍ത്തിയ ചോദ്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് മാധ്യമങ്ങളോട് സനന്ദന്റെ മറുപടി. മരണപ്പെട്ടുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖയുണ്ടോ എന്ന ചോദ്യത്തിന് ഫോട്ടോ, വീഡിയോ ഒന്നുമില്ലെന്നും സമാധിക്ക് സമീപം സ്കാനര്‍ വെച്ച് മനുഷ്യശരീരസാന്നിധ്യം കണ്ടെത്തിക്കൂടേയെന്നായിരുന്നു മകന്റെ മറുചോദ്യം.
കോടതിയെ മാനിക്കുന്നു. പക്ഷേ ഈ ഘട്ടത്തില്‍ കോടതി നിലപാട് അംഗീകരിക്കാനാകില്ല. സമാധിയായതിന്റെ പടങ്ങള്‍ എടുത്ത് വെച്ചിട്ടില്ല. സമാധിയാകുന്ന ദിവസം മക്കള്‍ തന്നെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കണമെന്ന് അച്ഛന് പറഞ്ഞിരുന്നു. ഹിന്ദു ആചാരമനുസരിച്ച് അച്ഛന്റെ വാക്കുകള്‍ മക്കള്‍ നിറവേറ്റിയതാണെന്നും സനന്ദന്‍ പറയുന്നു.