ആലപ്പുഴ : എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ വെളിപ്പെടുത്തലും അതില്‍ മുഖ്യമന്ത്രിയുടെ പ്രതികരണവും കേരളത്തില്‍ സിപിഎം -ബിജെപി ഡീല്‍ ഉണ്ടെന്നത് സ്ഥിരീകരിക്കുന്നതാണ്. ഇപി ജയരാജനെ ന്യായീകരിക്കുന്നതിലൂടെ ബിജെപിയുമായി നടത്തിയ ചര്‍ച്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വ്യക്തമായി.എല്‍ഡിഎഫ് കണ്‍വീനറെ ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള പകാശ് ജാവദേക്കര്‍ കണ്ടതിനെ സംബന്ധിച്ച വ്യക്തമായ വിവരം ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്കുണ്ടായിരുന്നു. രഹസ്യകൂടിക്കാഴ്ച പരസ്യമായപ്പോള്‍ ജനങ്ങളെ പറ്റിക്കാനാണ് ജാഗ്രതക്കുറവുണ്ടായി എന്നൊക്കെ മുഖ്യമന്ത്രി പറയുന്നത്. ജയരാജനും ജാവദേക്കറും നടത്തിയത് പൊതുചടങ്ങിനിടെയുള്ള കൂടിക്കാഴ്ചയല്ല. ജയരാജന്റെ മകന്റെ ഫ്ളാറ്റില്‍ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണ്. ഇതിനെയാണ് മുഖ്യമന്ത്രി ലാഘവത്തോടെ ന്യായീകരിക്കുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ഡീലാണ് ഇപി ജയരാജന്, പ്രകാശ് ജാവദേക്കറുമായി നടത്തിയത്. അത് ഡയലൂട്ട് ചെയ്യുകയാണ് മുഖ്യമന്ത്രി. ഗുരുതരമായ തെറ്റ് ചെയ്ത ശേഷം ജാഗ്രതക്കുറവുണ്ടായി എന്ന് പറഞ്ഞ് തടിതപ്പുന്നത് സിപിഎമ്മിന്റെ പതിവ് ശൈലിയാണ്. രണ്ടുമൂന്ന് സീറ്റുകളില്‍ ബിജെപിയെ സിപിഎം സഹായിക്കുകയാണെങ്കില്‍ ലാവ്ലിന് കേസും കരുവന്നൂര്‍ കേസും ഒഴിവാക്കാമെന്ന ധാരണയുടെ പുറത്താണ് ഈ ഡീല്‍. കേരളത്തിലെ സിപിഎം കമ്യൂണിസ്റ്റ് ശൈലിയില്‍ നിന്ന് പാടെ വ്യതിചലിക്കുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും പരസ്പരം സഹായിക്കുന്നുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.
ചരിത്രത്തില്‍ ഇല്ലാത്ത വിധം റെക്കോര്‍ഡ് മാറ്റിവെക്കലാണ് ലാവ്ലിന് കേസില്‍ ഉണ്ടായിട്ടുള്ളത്. കരുവന്നൂര്‍ നിക്ഷേപതട്ടിപ്പ് കേസില്‍ പറച്ചിലല്ലാതെ ഒരു നടപടിയുമില്ല. ഈ കേസിന്റെ തുടക്കത്തില്‍ കേന്ദ്ര ഏജന്‍സികളുടെ എന്തൊക്കെ പുകിലായിരുന്നു. ഇപ്പോള്‍ ഒന്നുമില്ല. ഇതൊക്കെ ഡീല്‍ നടന്നു എന്നത് വ്യക്തമാണെന്നും കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന് പ്രചാരണം നടത്തുന്ന സിപിഎമ്മുകാര്‍ ബംഗാളിലും ത്രിപുരയിലും സംഭവിച്ച കാര്യങ്ങള്‍ മറച്ചുപിടിച്ച് സംസാരിക്കുന്നു. ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന്റെ പ്രാദേശിക ഓഫീസ് മുതല്‍ സംസ്ഥാന ഓഫീസ് വരെ ബിജെപി ഓഫീസായി മാറി. അവരുടെ എത്രയോ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. അവിടെ മുഴുവന്‍ സിപിഎമ്മുകാരും ബിജെപിയില്‍ ചേര്‍ന്നതാണ് ബിജെപിയുടെ ശക്തിയായി മാറിയത്. എന്നിട്ട് ഒറ്റപ്പെട്ട കോണ്ഗ്രസ്സുകാരന് ബിജെപിയില്‍ പോകുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സിപിഎം. കേരളത്തിലെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വിരുദ്ധമായ ഭരണമാണ് ഇവിടെ നടക്കുന്നത്. പുന്നപ്ര വയലാറിന്റെയൊക്കെ ആശയങ്ങള്‍ നെഞ്ചേറ്റിയ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആവേശം കൊള്ളാവുന്ന ഭരണമാണോ ഇവിടെ നടക്കുന്നത്? കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തന്നെ അവരുടെ കുഴി തോണ്ടുകയാണ്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന് പാര്‍ട്ടി നന്നാകണം എന്ന് ആഗ്രഹിച്ച് വോട്ടു ചെയ്താല്‍ ആ വോട്ടുകള്‍ കിട്ടുക കോണ്‍ഗ്രസ്സിന് ആയിരിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.