കണ്ണൂർ – കർണാടക ഉപമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാറിന്റെ മൃഗബലി ആരോപണം തള്ളി പോലീസ് രഹസ്യാന്വേഷണ വിഭാഗം. കർണാടക ഉപമുഖ്യമന്ത്രി പറഞ്ഞ തരത്തിൽ മൃഗബലി തളിപ്പറമ്പ് ഭാഗത്ത് നടന്നിട്ടില്ലെന്ന് പോലീസ് അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി.
നിരവധി മൃഗങ്ങളെ ബലി കഴിച്ചുള്ള പൂജ നടന്നതായി തെളിവില്ല. സംഭവത്തിൽ കർണാടക രഹസ്യാന്വേഷണ വിഭാഗവും തളിപ്പറമ്പിലും മാടായിലും എത്തി അന്വേഷണം നടത്തിയിരുന്നു. അതിനിടെ, ഡി. കെ. ശിവകുമാറിന്റെ ആരോണം തള്ളി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ദേവസ്വം അധികൃതരും രംഗത്തു വന്നു.
മൃഗബലി ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ടി.ടി.കെ ദേവസ്വം അധികൃതർ പ്രതികരിച്ചു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം മൃഗബലി പൂജയുള്ള ക്ഷേത്രമല്ല. ക്ഷേത്ര പരിസരത്തും മൃഗബലി പൂജകൾ നടന്നിട്ടില്ല. വടക്കെ മലബാറിലെ പ്രശസ്തമായ ഈ ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് മോശമായിപ്പോയെന്നും ടി.ടി.കെ ദേവസ്വം ബോർഡ് അംഗം ടി.ടി. മാധവൻ പറഞ്ഞു.