ജിദ്ദ: ഉന്നത രാഷ്ട്രീയ-സാമ്പത്തിക പ്രതിനിധി സംഘത്തെ നയിച്ചു കൊണ്ട് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി തിങ്കളാഴ്ച പാകിസ്ഥാനിലെത്തി. ഇസ്ലാമബാദിലെ വിമാനത്താവളത്തിലെത്തിയ ഇറാൻ പ്രെസിഡന്റ്റിനെ പാക് ഭവന – പൊതുമരാമത്ത് വകുപ്പ് മന്ത്രി മിയാൻ റിയാസ് ഹുസൈൻ പിർസാദയും നിരവധി ഉദ്യോഗസ്ഥരും എതിരേറ്റു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡൻ്റിനെ സ്വാഗതം ചെയ്തു. ചടങ്ങിൽ പ്രസിഡണ്ട് റഈസിയെ പാകിസ്ഥാൻ സായുധ സേന ഗാർഡ് ഓഫ് ഓണർ നൽകി.
സ്വീകരണ ചടങ്ങുകൾക്ക് ശേഷം ഇറാൻ പ്രസിഡന്റ് റെയ്സിയും പാകിസ്ഥാൻ പ്രസിഡന്റ് ഷെരീഫും ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തി. തുടർന്ന് നടക്കുന്ന ഇരു രാജ്യങ്ങളിലെയും ഉന്നത പ്രതിനിധികളുടെ യോഗത്തിൽ ഇരുവരും സംയുക്തമായി ആധ്യക്ഷം വഹിക്കും.
തിങ്കളാഴ്ച കാലത്ത് ഇസ്ലാമാബാദിലേക്ക് തിരിക്കും മുമ്പ് ടെഹ്റാനിൽ വെച്ച് സംസാരിക്കവേ, പാകിസ്ഥാന്റെ സുരക്ഷ സ്വന്തം സുരക്ഷയായി തന്നെയാണ് ഇറാൻ കാണുന്നതെന്നും പാക്കിസ്ഥാനുമായുള്ള അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുന്നത് ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യുമെന്നും പറഞ്ഞു.
സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുകയെന്നതാണ് മേഖലയിലെ തന്റെ സന്ദർശനത്തിന്റെ ലക്ഷ്യമെന്നും അയൽ രാജ്യങ്ങളുമായുള്ള ശക്തമായ ബന്ധങ്ങൾക്ക് വലിയ പ്രാധാന്യമാണ് ഇറാൻ കല്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ദക്ഷിണേഷ്യയിലെ സുപ്രധാന രാജ്യങ്ങളിലൊന്നായ പാകിസ്ഥാനുമായി ആഴത്തിൽ വേരുകളുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധങ്ങളാണ് ഇറാന് ഉള്ളത്. രാഷ്ട്രീയവും സാമ്പത്തികവുമായ ബന്ധങ്ങൾക്കും പ്രാദേശികവും അല്ലാത്തതുമായ സഹകരണങ്ങൾക്കും ഇരു രാജ്യങ്ങളും വലിയ പ്രാധാന്യമാണ് എന്നും നൽകി പോന്നിട്ടുള്ളതും. മർദ്ധിതരായ ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിലും തീവ്രവാദത്തെ നേരിടുന്നതിലും ഇരു രാജ്യങ്ങളും ഒരേ നിലപാടാണ് തുടരുന്നതും” – ഇറാൻ പ്രസിഡണ്ട് തുടർന്നു. .
സാമ്പത്തികം, വ്യാപാരം, ഊർജം, അതിർത്തി പ്രശ്നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ പാകിസ്ഥാൻ അധികൃതരുമായുള്ള ചർച്ചയുടെ അജണ്ടയിൽ ഉൾപ്പെടുന്നതാണ് ഇറാൻ പ്രസിഡണ്ട് വെളിപ്പെടുത്തി. അയൽരാജ്യങ്ങളായ ഇറാനും പാകിസ്ഥാനും തങ്ങളുടെ വലിയ ശേഷി കണക്കിലെടുത്ത് ഉഭയകക്ഷി വ്യാപാരം 10 ബില്യൺ ഡോളർ മൂല്യത്തിലേക്ക് ഉയര്ത്താന് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം തുടർന്നു.
ഇസ്ലാമബാദിൽ നിന്ന് കൊളംബോയിലേക്ക് തിരിക്കുന്ന ഇറാൻ പ്രസിഡണ്ട് ശ്രീലങ്കയുമായുള്ള സാമ്പത്തിക, വ്യാപാര ബന്ധം വിപുലപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പറഞ്ഞു. സാങ്കേതിക, എഞ്ചിനീയറിംഗ് മേഖലകളിൽ ഇറാനും ശ്രീലങ്കയും തമ്മിലുള്ള സഹകരണം ഇതിനകം തന്നെ ഗണ്യമായ വളർച്ച രേഖപ്പെടുത്തിയതായി ചൂണ്ടിക്കാട്ടിയ ഇബ്രാഹിം റഈസി തന്റെ സന്ദർശനം ഇറാൻ – ശ്രീലങ്ക ഉഭയകക്ഷി ബന്ധങ്ങളിൽ വഴിത്തിരിവായിരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.