റിയാദ്- ഒമ്പതാമത് ഹരീഖ് ഓറഞ്ചുല്‍സവം ജനുവരി ഒന്നു മുതല്‍ 10 വരെ ദിവസങ്ങളില്‍ നടക്കുമെന്ന് അല്‍ഹരീഖ് നഗരസഭ അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ച് ഒരുക്കിയ മേളയില്‍ പ്രദേശത്തെ ഓറഞ്ച് തോട്ടങ്ങളിലെ ഇരുപതോളം ഇനങ്ങള്‍ കര്‍ഷകര്‍ നേരിട്ടെത്തിക്കും കൃഷിമന്ത്രാലയത്തിന് കീഴിലെ നാഷണല്‍ അഗ്രികള്‍ച്ചറല്‍ സര്‍വീസസ് കമ്പനിയാണ് ഉല്‍സവം സംഘടിപ്പിക്കുന്നത്.
പ്രതിവര്‍ഷം അഞ്ച് ടണ്‍ ഓറഞ്ചാണ് ഹരീഖില്‍ ഉത്പാദിപ്പിക്കുന്നത്. 350 തോട്ടങ്ങളിലായി 94000 മരങ്ങളുണ്ട്. അബുസുറ, വാലന്‍സിയ, സുകരി, ശമൂഥി, അദാലിയ, അല്ബൂംലി, ട്രഞ്ച്, ലിമോക്വാത്ത്, റെഡ് യെല്ലോ ഫറോത്ത്, യൂസുഫി അല്‍മന്ദ്രിന്‍, യൂസുഫി അബു ശബക, യുസുഫി അല്കീനോ, യൂസുഫി അല്കലന്ദ്രീന് തുടങ്ങിയവ ഇവിടുത്തെ പ്രധാന ഇനങ്ങളാണ്.
കര്‍ഷകര്‍ക്ക് പ്രാദേശിക വിപണിയില്‍ അവരുടെ ഉല്പന്നങ്ങള് വിറ്റഴിക്കാനുള്ള അവസരമൊരുക്കുകയാണ് ഈ ഉല്‍സവം വഴി പ്രാദേശിക ഭരണകൂടം ചെയ്യുന്നത്. റിയാദില്‍ നിന്ന് മലയാളികളടക്കം നിരവധി പേര് എല്ലാ വര്‍ഷവും ഈ ഉത്സവത്തില്‍ പങ്കെടുക്കാറുണ്ട്. ഇതോടനുബന്ധിച്ച് തോട്ടങ്ങള്‍ സന്ദര്‍ശിക്കാനും കര്‍ഷര്‍ അവസരം നല്‍കാറുണ്ട്.