ജിദ്ദ – ഈ വര്‍ഷം ആദ്യ പാദത്തില്‍ രാജ്യത്തെ ലേബര്‍ കോടതികളില്‍ എത്തിയ കേസുകള്‍ 22.5 ശതമാനം തോതില്‍ കുറഞ്ഞു. ലേബര്‍ കോടതികളും ജനറല്‍ കോടതികളോട് ചേര്‍ന്ന് സ്ഥാപിച്ച പ്രത്യേക ബെഞ്ചുകളും 35,200 ഓളം തൊഴില്‍ കേസുകളാണ് മൂന്നു മാസത്തിനിടെ സ്വീകരിച്ചത്. ഏറ്റവുമധികം തൊഴില്‍ കേസുകള്‍ ഉയര്‍ന്നുവന്നത് റിയാദ് ലേബര്‍ കോടതികളിലാണ്. ഇവിടെ മൂന്നു മാസത്തിനിടെ 11,435 തൊഴില്‍ കേസുകള്‍ ഉയര്‍ന്നുവന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ രാജ്യത്തെ ലേബര്‍ കോടതികളില്‍ എത്തിയ ആകെ തൊഴില്‍ കേസുകളില്‍ 32.6 ശതമാനവും ഉയര്‍ന്നുവന്നത് റിയാദ് ലേബര്‍ കോടതികളിലും ബെഞ്ചുകളിലുമാണ്. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 8,477 ഉം മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 5,165 ഉം നാലാം സ്ഥാനത്തുള്ള അസീര്‍ പ്രവിശ്യയില്‍ 2,058 ഉം മദീനയില്‍ 2,050 ഉം അല്‍ഖസീമില്‍ 1,651 ഉം ഹായിലില്‍ 949 ഉം ജിസാനില്‍ 854 ഉം നജ്‌റാനില്‍ 752 ഉം തബൂക്കില്‍ 682 ഉം അല്‍ജൗഫില്‍ 496 ഉം ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ 281 ഉം അല്‍ബാഹയില്‍ 213 ഉം തൊഴില്‍ കേസുകള്‍ മൂന്നു മാസത്തിനിടെ ലേബര്‍ കോടതികളിലെത്തി.
സൗദിയിലെ പ്രധാന പ്രവിശ്യകളിലും നഗരങ്ങളിലുമാണ് ലേബര്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. മറ്റിടങ്ങളില്‍ ജനറല്‍ കോടതികളോട് ചേര്‍ന്ന പ്രത്യേക ബെഞ്ചുകളാണ് തൊഴില്‍ കേസുകള്‍ പരിശോധിക്കുന്നത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ കോടതികളില്‍ എത്തിയ തൊഴില്‍ കേസുകളില്‍ 69 ശതമാനവും വേതന കുടിശ്ശികയും അലവന്‍സുകളും സര്‍വീസ് ആനുകൂല്യവും നഷ്ടപരിഹാരങ്ങളുമായും ബന്ധപ്പെട്ടവയായിരുന്നു. ശേഷിക്കുന്നവ തൊഴിലാളിക്കെതിരെ തൊഴിലുടമ സ്വീകരിച്ച അച്ചടക്ക നടപടിയുമായും മറ്റും ബന്ധപ്പെട്ടവയായിരുന്നു.
തൊഴില്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പ്രവിശ്യകളിലും പ്രധാന നഗരങ്ങളിലുമുള്ള ലേബര്‍ ഓഫീസുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തൊഴില്‍ തര്‍ക്ക പരിഹാര സമിതികള്‍ക്കാണ് ആദ്യം സമര്‍പ്പിക്കേണ്ടത്. തൊഴിലുടമയുമായും തൊഴിലാളി പ്രതിനിധികളുമായും അനുരഞ്ജന ചര്‍ച്ചകള്‍ നടത്തി പരാതികള്‍ക്ക് രമ്യമായ പരിഹാരം കാണാന്‍ സമിതികള്‍ക്ക് 21 ദിവസത്തെ സാവകാശമാണ് അനുവദിക്കുന്നത്. ഇതിനകം അനുരഞ്ജന പരിഹാരം കാണാന്‍ കഴിയാത്ത കേസുകള്‍ വിചാരണ ചെയ്ത് വിധി പ്രസ്താവിക്കാന്‍ ലേബര്‍ കോടതികള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ലേബര്‍ കോടതികളിലെത്തുന്ന കേസുകള്‍ കുറക്കാനും കോടതികളുടെ ഭാരം ലഘൂകരിക്കാനും ശ്രമിച്ചാണ് ഇത്തരമൊരു ക്രമീകരണം ബാധകമാക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group