റിയാദ്- പൊന്നുമകന് റഹീമിനെ കണ്‍കുളിര്‍ക്കെ കാണാനും ഒന്ന് ഉമ്മ വെക്കാനുമായിരുന്നു ഞാന്‍ ഈ മണ്ണിലെത്തിയത്. ജയിലിനകത്തേക്ക് കടക്കുമ്പോള്‍ അത്യധികം സന്തോഷമുണ്ടായിരുന്നു. 19 കൊല്ലത്തിന് ശേഷം തന്റെ മകനെ കാണാമല്ലോയെന്ന സന്തോഷ നിമിഷം. പക്ഷേ മകന് എന്തുപറ്റിയെന്ന് അറിയില്ല. അടുത്തെത്തിയ എന്നെ കാണാന്‍ പോലും അവന് കൂട്ടാക്കിയില്ല. എന്നാലും എനിക്ക് സങ്കടമില്ല. ജയില്‍ മോചിതനായി ഉടന്‍ അവന് നാട്ടിലെത്താന്‍ പടച്ചോൻ അനുഗ്രഹിക്കട്ടെ. വധശിക്ഷയില്‍ നിന്ന് മോചനം ലഭിച്ച് തുടര്‍നിയമനടപടികള്‍ പൂര്‍ത്തിയാക്കാനായി റിയാദ് ഇസ്കാനിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ ഉമ്മ ഫാത്തിമ ദ മലയാളം ന്യൂസിനോട് പറഞ്ഞു.
വളരെ കഷ്ടപ്പെട്ടാണ് ഞാന്‍ ഇവിടെയെത്തിയത്. ശാരീരിക അവശതകള്‍ അലട്ടുന്നുണ്ട്. എങ്കിലും രാവിലെ റിയാദ് ഗവര്‍ണറേറ്റിലെത്തി രേഖകള്‍ ശരിയാക്കി ജയിലിലെത്തി. നേരെ ജയില്‍ മേധാവിയുടെ ഓഫീസിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്. റഹീമിനെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചെങ്കിലും അവന് വന്നില്ല. ഉദ്യോഗസ്ഥര്‍ ഏറെ നേരം ആവശ്യപ്പെട്ടിട്ടും കാര്യമുണ്ടായില്ല. ഒടുവില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. പിന്നീട് സെല്ലിന് സമീപത്തേക്ക് പോയെങ്കിലും റഹീം കാണാന്‍ കൂട്ടാക്കിയില്ല. ഉമ്മയുടെ കൂടെ വന്നവരെ വിശ്വാസമില്ലെന്നാണ് റഹീം പറഞ്ഞത്. നിന്നെ കാണാതെ ഞാന്‍ ഇവിടെ നിന്ന് പോകില്ലെന്ന് കരഞ്ഞ് പറഞ്ഞെങ്കിലും റഹീം കാണാന്‍ തയ്യാറായില്ല. ഒന്നര മണിക്കൂറാണ് ഞാന്‍ അവനെ അവിടെ കാത്തുനിന്നത്. ഉമ്മ പറഞ്ഞു.
ഉച്ചക്ക് 1.15ന് ജയിലില്‍ കയറിയ ഇവര്‍ 3.45നാണ് പുറത്തിറങ്ങിയത്. റഹീമിനെ കണ്ട ശേഷം ഉംറ ചെയ്യാനായിരുന്നു ഉദ്ദേശിച്ചത്. അടുത്ത ദിവസം ഉംറക്ക് പോകും. പിന്നീട് നാട്ടിലേക്ക് തിരിക്കും. പത്ത് ദിവസം മുമ്പാണ് ഇവര്‍ സൗദിയിലെത്തിയത്. അബഹയിലെ സാമൂഹിക പ്രവര്‍ത്തകനായ അശ്റഫ് കുറ്റിച്ചല്‍ ആണ് ഇവരെ കൊണ്ടുവന്നത്. ബുധനാഴ്ച വരെ അബഹയില്‍ താമസിച്ചു. ഇതിനിടെ അബഹ ഗവര്‍ണറെ കാണാനും റഹീമിന്റെ ഉമ്മക്കും ബന്ധുക്കള്‍ക്കും അവസരം ലഭിച്ചു. ബുധനാഴ്ച വൈകുന്നേരം അബഹയില്‍ നിന്ന് അശ്റഫ് കുറ്റിച്ചിലിനൊപ്പം റിയാദിലേക്ക് പുറപ്പെട്ടു. റിയാദ് ജയിലില്‍ റഹീമിനെ കാണാനാവശ്യമായ അനുമതി നല്‍കണമെന്ന അബഹ ഗവര്‍ണറുടെ എഴുത്തും ഇവര്‍ക്ക് ലഭിച്ചിരുന്നു.