ജിദ്ദ – ഫലസ്തീന്‍ അഭയാര്‍ഥികളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന യു.എന്‍ റിലീഫ് ഏജന്‍സിയുടെ (യു.എന്‍ റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ്) പ്രവര്‍ത്തനത്തെ കുറിച്ച സ്വതന്ത്ര സമിതി റിപ്പോര്‍ട്ട് സൗദി അറേബ്യ സ്വാഗതം ചെയ്തു. ഫലസ്തീന്‍ ജനതയുടെ ദുരിതാശ്വാസ, മാനുഷിക, വികസന ശ്രമങ്ങളെ പിന്തുണക്കുന്നതില്‍ യു.എന്‍ ഏജന്‍സിയുടെ പ്രധാന പങ്ക് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടിനെ സൗദി അറേബ്യ പിന്തുണക്കുന്നതായി സൗദി വിദേശ മന്ത്രാലയം പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും ഇസ്രായില്‍ തുടര്‍ച്ചയായി ലംഘിക്കുന്ന പശ്ചാത്തലത്തില്‍ ഫലസ്തീന്‍ അഭയാര്‍ഥികളുടെ ദുരിതങ്ങള്‍ ലഘൂകരിക്കാനും അഭയാര്‍ഥികള്‍ക്കുള്ള എല്ലാതരം പിന്തുണയുടെയും സുസ്ഥിരതയും ഫലപ്രാപ്തിയും ഉറപ്പാക്കാനും യു.എന്‍ റിലീഫ് ഏജന്‍സിയോടുള്ള ദാതാക്കളുടെ പ്രതിബദ്ധത പ്രധാനമാണെന്നും സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഗാസയില്‍ ഹമാസിനെ സഹായിക്കുന്നതായി ആരോപിച്ച് യു.എന്‍ റിലീഫ് ഏജന്‍സിയെ തകര്‍ക്കാന്‍ ഇസ്രായിലും ചില പശ്ചാത്യ രാജ്യങ്ങളും കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ഏതാനും പ്രധാന പശ്ചാത്യ രാജ്യങ്ങള്‍ യു.എന്‍ ഏജന്‍സിക്കുള്ള ധനസഹായങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. യു.എന്‍ ഏജന്‍സി പിരിച്ചുവിടണമെന്ന് ലോക വേദികളിലെല്ലാം ഇസ്രായില്‍ ശക്തമായി ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇസ്രായിലിന്റെ ആക്രമണങ്ങളില്‍ ഡസന്‍ കണക്കിന് യു.എന്‍ റിലീഫ് ഏജന്‍സി ജീവനക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു.
ഫലസ്തീനികളുടെ ദുരിതങ്ങള്‍ ലഘൂകരിക്കാനും ഫലസ്തീനികള്‍ക്ക് റിലീഫ് വസ്തുക്കള്‍ എത്തിക്കാനും യു.എന്‍ റിലീഫ് ഏജന്‍സിയുടെ പ്രവര്‍ത്തനം തുടരേണ്ടത് അത്യന്താപേക്ഷിതമാണ് എന്ന നിലപാടാണ് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും യു.എന്‍ റിലീഫ് ഏജന്‍സിയെ ശക്തിയുക്തം പിന്തുണക്കുന്ന അറബ്, ഇസ്‌ലാമിക് രാജ്യങ്ങള്‍ക്കുമുള്ളത്. എതിര്‍പ്പുകള്‍ രൂക്ഷമായ പശ്ചാത്തലത്തിലാണ് യു.എന്‍ റിലീഫ് ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സ്വതന്ത്ര സമിതി വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group