കൊച്ചി: ഉത്സവങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നതിൽ കടുത്ത നിയന്ത്രണം വരുന്നു.
ആനകളുടെ 50 മീറ്റർ ചുറ്റളവിൽ തീവെട്ടി, താളമേളം, പടക്കം എന്നിവയില്ലെന്ന് ഉറപ്പുവരുത്തണമെന്നതടക്കമുള്ള മിക്കവാറും അപ്രായോഗികമായ നിർദേശവുമായാണ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
തൃശ്ശൂർ പൂരത്തിന് ഒരാഴ്‌ച മാത്രം ബാക്കിയിരിക്കെയാണ് ആനയെഴുന്നള്ളിപ്പുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്.
ഈ നിർദേശപ്രകാരം തേക്കിൻകാട് മൈതാനത്തിൽ പൂരം നടക്കുമ്പോൾ സ്വരാജ് റൗണ്ടിനു പുറത്താകും തീവെട്ടിയും മേളവും.
ആനകളുടെ മൂന്നുമീറ്റർ അകലെ മാത്രമേ ആളുകൾ നിൽക്കാവൂവെന്നും ഉത്തരവിൽ പറയുന്നുണ്ട്.
ആനകൾക്കു ചുറ്റും പോലീസും ഉത്സവ വൊളന്റിയർമാരും സുരക്ഷാവലയം തീർക്കണം.
ചൂടു കുറയ്ക്കാൻ ഇടയ്ക്കിടെ ആനകളെ നനയ്ക്കണമെന്നും ഉത്തരവിലുണ്ട്.
മാത്രമല്ല കുറഞ്ഞത് 12 മണിക്കൂർ മുൻപ്, ചുരുങ്ങിയത് മൂന്ന് വെറ്ററിനറി ഡോക്ടർമാരടങ്ങുന്ന സമിതി ഓരോ ആനയെയും പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണം.
കൂടാതെ ആന ഇടഞ്ഞാൽ ക്യാപ്ചർ ബെൽറ്റ്, ലോഹത്തോട്ടി തുടങ്ങിയ അനുമതിയില്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നില്ലായെന്ന് ഉറപ്പുവരുത്തണം എന്നും ഉത്തരവിൽ പറയുന്നു.
നിർദേശം ലംഘിച്ചാൽ ഈ വർഷത്തെ തുടർന്നുള്ള ഉത്സവങ്ങളിൽനിന്ന് ആനയെ വിലക്കുന്നത് അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.