ആലപ്പുഴ: മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കേന്ദ്രമായി മാറിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അൻവർ ഉന്നയിച്ച ആരോപണങ്ങൾ നവമാധ്യമങ്ങളിലെ വെട്ടുകിളികളെ ഇറക്കി മായ്ച്ചുകളയാമെന്ന് സി പി എ കരുതണ്ട. എല്ലാത്തിനും മുഖ്യമന്ത്രി മറുപടി പറയണമെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റ്:
അന്‍വറിനെ എല്‍ഡിഎഫില്‍ നിന്നു പുറത്താക്കിവാര്‍ത്ത സൃഷ്ടിച്ച് അന്‍വര്‍ ഉന്നയിച്ച പ്രശ്നങ്ങളെ മുക്കിക്കളയാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും എല്‍ഡിഎഫും ശ്രമിക്കുന്നതെങ്കില്‍ അത് വെറുതെയാണ്. കേരളജനതയ്ക്ക് ഉത്തരം വേണം. മകളെ രക്ഷിക്കാന്‍ വേണ്ടി മുഖ്യമന്ത്രി ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നും പൂരം കലക്കി തൃശൂര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയെന്നുമുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രിക്കും സിപിഎമ്മിനും മുന്നോട്ടു പോകാനാകില്ല. കേരള രാഷ്ട്രീയത്തില്‍ ഇത്രയും കാലം ബിജെപിയോട് യുദ്ധം ചെയ്യുന്നുവെന്നു തോന്നിച്ച സിപിഎമ്മിന് അവരുമായി രഹസ്യബന്ധമുണ്ടായിരുന്നുവെന്നതും തൃശൂര്‍ സീറ്റില്‍ ബിജെപിയെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രി നീക്കുപോക്കു നടത്തിയെന്നതുമായ വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ഇത് കേരള ജനതയെ വഞ്ചിക്കലാണ്. ന്യൂനപക്ഷങ്ങളെയും മതേതരത്വത്തെയും വഞ്ചിക്കലാണ്. അന്‍വറിനെ പുറത്താക്കിയും അന്‍വറിനെതിരെ രംഗത്തുവരാന്‍ സൈബര്‍ വെട്ടുക്കിളിക്കൂട്ടങ്ങളോട് ആഹ്വാനം ചെയ്തുമൊക്കെ അണികളെ കബളിപ്പിക്കാന്‍ എം.വി ഗോവിന്ദന് ആകും. പക്ഷേ പൂരം കലക്കല്‍ മുതല്‍ സ്വര്‍ണക്കടത്തുവരെയുള്ള വിഷയങ്ങളില്‍ മറുപടി പറഞ്ഞേ പറ്റു. അന്‍വര്‍ പറയുന്നത് പുതിയ കാര്യങ്ങളല്ല. ഞാന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കേന്ദ്രമാണെന്നും നിരവധി നിയമവിരുദ്ധ ഇടപാടുകള്‍ അവിടെ നടക്കുന്നുവെന്നും പറഞ്ഞതിന്റെ തുടര്‍ച്ച തന്നെയാണ്. അന്നു ഞാന്‍ പറഞ്ഞ എല്ലാ ആരോപണങ്ങളും അന്ന് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന പിവി അന്‍വര്‍ എംഎല്‍എ ഇപ്പോള്‍ ശരിവെക്കുകയാണ്. കൂടെക്കിടക്കുന്നവര്‍ക്കാണ് രാപ്പനി അറിയാവുന്നത്. ഇന്ന് കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ സാമൂഹ്യ വിരുദ്ധരുടെയും താവളമാവുകയാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എല്ലാ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്നു. ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കുന്നത് മുഖ്യമന്ത്രിയുമായുള്ള കേസുകള്‍ ഒതുക്കാനാണ് എന്നത് പകല്‍ പോലെ വ്യക്തമാണ്. മറ്റു മുഖ്യമന്ത്രിമാരെ ജയിലിലടയ്ക്കുമ്പോഴും കേരളത്തിലെ മുഖ്യമന്ത്രി പേടിക്കാതെ നടന്നത് ഈ ധാരണയുള്ളതു കൊണ്ടാണ്. അന്‍വര്‍ ഉന്നയിച്ച വിഷയങ്ങള്‍ അതീവ ഗൗരവതരമാണ്. ഒരു സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണം.