തിരുവനന്തപുരം / കൽപ്പറ്റ / ഇടുക്കി: 200-ലേറെ ജീവൻ നഷ്ടമായ വയനാട് ദുരന്തത്തോടെ ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ) നാഷണൽ റിമോട്ട് സെൻസിങ് സെന്ററിന്റെ അറ്റ്‌ലസ് റിപോർട്ട് വീണ്ടും ചർച്ചയാവുന്നു. ഇന്ത്യയിൽ കൂടുതൽ ഉരുൾപൊട്ടലിന് സാധ്യതയുള്ള 30 ജില്ലകളിൽ പത്തും കേരളത്തിലാണെന്ന് കഴിഞ്ഞ വർഷം പുറത്തിറക്കിയ ഐ.എസ്.ആർ.ഒ പഠനത്തിലുണ്ട്. പട്ടികയിൽ വയനാട് ജില്ല 13-ാം സ്ഥാനത്താണെന്നതും ചർച്ചയുടെ വ്യാപ്തി കൂട്ടുന്നു.
പശ്ചിമഘട്ടത്തിലെയും കൊങ്കൺ കുന്നുകളിലെയും (തമിഴ്‌നാട്, കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര) 0.09 ദശലക്ഷം ചതുരശ്ര കിലോമീറ്റർ ഉരുൾപൊട്ടലിന് സാധ്യതയുള്ളതായി ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ പഠനത്തിലുണ്ട്.
കേരളത്തിലെ മൊത്തം ഉരുൾപൊട്ടലിന്റെ 59 ശതമാനവും തോട്ടം മേഖലകളിലാണ്ടായത്. വയനാട്ടിലെ വനവിസ്തൃതി കുറയുന്നത് സംബന്ധിച്ച 2022-ലെ ഒരു പഠനത്തിലുള്ളത് 1950നും 2018-നുമിടയിൽ വയനാട് ജില്ലയിലെ 62 ശതമാനം വനങ്ങളും അപ്രത്യക്ഷമായെന്നും തോട്ടങ്ങളുടെ വിസ്തൃതി 1,800 ശതമാനത്തോളം ഉയർന്നുവെന്നുമാണ്.
പരിസ്ഥിതി ദുർബലമായ പശ്ചിമഘട്ടത്തിലെ അധിവാസവും കെട്ടിടങ്ങളും മേഖലയെ കൂടുതൽ ദുർബലപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ചും, കേരളത്തിൽ പശ്ചിമഘട്ട മേഖലയിൽ ജനസാന്ദ്രതയും ഗാർഹിക സാന്ദ്രതയും വളരെ ഉയർന്ന നിലയിലാണെന്നും ഐ.എസ്.ആർ.ഒ റിപോർട്ടിലുണ്ട്. 2021-ലെ സ്പ്രിംഗർ പഠന റിപോർട്ട് അനുസരിച്ച് കേരളത്തിലെ എല്ലാ ഉരുൾപൊട്ടൽ ഹോട്ട്‌സ്‌പോട്ടുകളും പശ്ചിമഘട്ട മേഖലയിലാണ്. ഇത് ഇടുക്കി, എറണാകുളം, കോട്ടയം, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും റിപോർട്ടിൽ പറയുന്നു.
കാലാവസ്ഥ വ്യതിയാനം, ഭൂപ്രദേശത്തിന്റെ അതിലോലാവസ്ഥ, വനമേഖലയുടെ നഷ്ടം എന്നിവ വയനാട്ടിലെ പ്രകൃതി ദുരന്തത്തിന് വഴിയൊരുക്കിയതായും പഠനങ്ങൾ വ്യക്തമാക്കുന്നു. കാലാവസ്ഥ വ്യതിയാനം പശ്ചിമഘട്ടത്തിൽ ഉരുൾപൊട്ടൽ സാധ്യത വർധിപ്പിക്കുന്ന ഘടകമാണ്. ലോകത്തിലെ ജൈവ വൈവിധ്യത്തിന്റെ എട്ട് സുപ്രധാന ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നാണിതെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
അറബിക്കടലിൽ ചൂട് കൂടുന്നത് മേഘസംഘാതത്തിന് വഴിയൊരുക്കുകയും, അത് ചുരുങ്ങിയ സമയത്തിനകം അതിതീവ്ര മഴയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഇതുമൂലം മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത കൂടുന്നതായും വിദഗ്ധർ പറയുന്നു. തെക്ക് കിഴക്കൻ അറബിക്കടലിൽ ചൂട് കൂടുന്നത് കേരളം ഉൾപ്പെടെയുള്ള പ്രദേശത്തിന് മുകളിലെ അന്തരീക്ഷം തെർമോഡൈനാമിക് അസ്ഥിരമാകാൻ കാരണമാകുന്നു. ഈ അസ്ഥിരത, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് മേഘങ്ങൾ രൂപപ്പെടാനും ഇടയാക്കുന്നു. ഇത് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പെട്ടെന്നുള്ള അതിതീവ്രമഴയ്ക്കു മറ്റും കാരണമാവുന്നു. ഇത്തരം മഴ പലപ്പോഴും ഒരു ചെറിയ പ്രദേശത്ത് വളരെ പെട്ടെന്ന് തീവ്രമായ മഴയും ഇടിമിന്നലും ഉണ്ടാക്കുന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെയും ഇന്ത്യാ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റിലെയും ശാസ്ത്രജ്ഞർ നടത്തിയ ഒരു പഠനത്തിൽ കൊങ്കൺ മേഖലയിലെ കനത്ത മഴയുടെ ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്ന് മാരകമായ പ്രത്യാഘാതങ്ങളോടെ തെക്കോട്ട് മാറിയതായും വെളിപ്പെടുത്തലുണ്ട്. മഴയുടെ തീവ്രത കൂടുന്നത് വർഷകാലത്ത് കിഴക്കൻ കേരളത്തിലെ പശ്ചിമഘട്ടത്തിന്റെ ചരിവുകളിൽ ഉരുൾപൊട്ടലിനുള്ള സാധ്യത കൂട്ടുമെന്നും പഠനം പറയുന്നു.
തീവ്ര മഴയാണ് പലപ്പോഴും ഉരുൾപൊട്ടലിനു കാരണമെന്ന് രാജ്യത്തെ പല പ്രദേശങ്ങളിലും നടന്ന ഉരുൾപൊട്ടലുകളെക്കുറിച്ച് പഠനം നടത്തിയ കേരള സർവ്വകലാശാല ജിയോളജി വിഭാഗം അസി. പ്രൊഫസർ കൂടിയായ കെ.എസ് സജിൻകുമാർ പറഞ്ഞു. കാര്യമായ മനുഷ്യ ഇടപെടൽ ഒന്നുമില്ലാത്ത കാടുകളിലാണ് പലപ്പോഴും ഉരുൾപൊട്ടലുകൾ ഉണ്ടാവുന്നത്. നിരന്തരമായ, തീവ്ര മഴയാണ് ഇതിനു കാരണം. മനുഷ്യന്റെ പ്രവൃത്തികൾ കാര്യങ്ങൾ വഷളാക്കുന്നുണ്ടാവാം. എന്നാൽ, അതു മാത്രമല്ല ഉരുൾപൊട്ടലിന് കാരണം. അങ്ങനെയെങ്കിൽ എല്ലാ സീസണിലും ഉരുൾപൊട്ടൽ ഉണ്ടാവേണ്ടതാണ്. മരണസംഖ്യ കൂടാൻ ഇടയാക്കുന്നതിൽ മനുഷ്യ ഇടപെടലുകൾക്കു പങ്കുണ്ട് എന്നതിൽ സംശയമില്ല. ഉരുൾപൊട്ടലിനു സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി അവിടത്തെ മനുഷ്യവാസം കുറയ്ക്കലാണ് ദുരന്തം ഒഴിവാക്കാനുള്ള മാർഗം. ഉരുൾപൊട്ടി ദുരന്തം ഒഴുകിവരാനിടയുള്ള വഴികൾ കൃത്യമായി മാപ്പ് ചെയ്ത് പരിഹാര നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.