സൈനബ ഹജ്ജുമ്മക്ക് വേണ്ടി ആയിരങ്ങളാണ് ഇതെഴതുന്ന സമയത്തും പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നത്. മലപ്പുറത്ത് കനിവിന്റെ വറ്റാത്ത ഉറവയിലെ ഏറ്റവും തെളിച്ചമുള്ള ചരിത്രമൊന്ന് തീര്ത്താണ് സൈനബ ഹജ്ജുമ്മ ഇന്നലെ അന്തരിച്ചത്. മലപ്പുറം നഗരത്തിനോട് ചേർന്ന്, കോടികൾ വിലയുള്ള ഒരേക്കറും മുപ്പത് സെന്റ് ഭൂമിയും മലപ്പുറം ഡയാലിസിസ് സെന്ററിന് കൈമാറിയാണ് സൈനബ ഹജ്ജുമ്മ ലോകത്തോട് വിട പറഞ്ഞത്. ഭര്‍ത്താവ് പുല്‍പ്പത്തൊടി കുഞ്ഞഹമ്മദ് ഹാജിയുടെ മരണ ശേഷം തനിക്ക് ഓഹരിയായി ലഭിച്ച മലപ്പുറം നഗരത്തിനോട് ചേര്‍ന്ന് കിഴക്കേത്തലയിലുള്ള 1.30 ഏക്കര്‍ സ്ഥലമാണ് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ മലപ്പുറം ഡയാലിസിസ് സെന്ററിന് കൈമാറിയത്.
കൂടപ്പിറപ്പിനെ കരള്‍ രോഗം കാര്‍ന്നുതിന്ന കാലത്ത് ചികിത്സക്കായി ആശുപത്രികളില്‍ നിന്നും ആശുപത്രികളിലേക്ക് ഓടിനടന്നതിന്റെ ഓര്‍മകളുടെ കൂട്ടുണ്ടായിരുന്നു സൈനബ ഹജ്ജുമ്മക്ക്. മതിയായ ചികിത്സ കിട്ടാതെ തനിക്ക് താങ്ങും തണലുമായിരുന്ന സഹോദരന്‍ മരണത്തോട് മല്ലിടുമ്പോള്‍ സൈനബ ഹജ്ജുമ്മ ഒന്നുറച്ചു. ഇനിയാരും അങ്ങിനെ ചികിത്സകിട്ടാതെ പ്രയാസപ്പെടരുത്. പിന്നീട് കിടപ്പിലും ഇരിപ്പിലുമെല്ലാം അതിനുള്ള ആലോചനകളായി. സ്ഥലം വിറ്റിട്ടാണേലും കിഡ്‌നി രോഗികള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്നുറപ്പിച്ചു. തീരുമാനം ബന്ധുക്കളെ അറിയിച്ചു. പുണ്യമുള്ള കാര്യമായത് കൊണ്ടു തന്നെ ആരും എതിര്‍പ്പൊന്നും പറഞ്ഞില്ല. വിവരമറിഞ്ഞ് പല സംഘടനകളും ഹജ്ജുമ്മയെ സമീപിച്ചു. എല്ലാവരേയും സ്‌നേഹപൂര്‍വ്വം മടക്കി അയച്ചു. അവസാനം സൈനബ ഹജ്ജുമ്മ പാണക്കാട്ടെത്തി. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളോട് കാര്യം പറഞ്ഞു. സ്ഥലം വില്‍ക്കേണ്ടെന്നും അവിടെ ഒരു ഡയാലിസിസ് സെന്റര്‍ പണിയാമെന്നും തങ്ങള്‍ ഉറപ്പു നല്‍കി. അതിന്റെ ചുമതല സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങളെ ഏല്‍പിക്കുകയും ചെയ്തു.
തന്റെ സമ്പാദ്യത്തിലെ പകുതിയും കിഡ്‌നി രോഗം കൊണ്ട് കഷ്ടപ്പെട്ട എന്റെ സഹോദരനു വേണ്ടിയാണ് സൈനബ ഹജ്ജുമ്മ ചെലവഴിച്ചത്. എന്നിട്ടും മതിയായ ചികിത്സ നല്‍കി സഹോദരനെ ജീവിതത്തിലേക്ക് തിരിച്ചു നടത്താന്‍ സാധിച്ചില്ല. പണമില്ലാത്തത് കൊണ്ടും സൗകര്യമില്ലാത്തത് കൊണ്ടും ഒരു രോഗിയും ഇനി ചികിത്സയില്ലാതെ വലയരുത്. അതിനു സാധ്യമാവും വിധമുള്ള സൗകര്യങ്ങള്‍ ചെയ്യണം. നിറഞ്ഞ കണ്ണും വിതുമ്പുന്ന വാക്കുകളുമായി സൈനബ പാണക്കാട്ടെ പടിയിറങ്ങുമ്പോള്‍ തങ്ങള്‍ കുടുംബം ഒന്നുറപ്പിച്ചു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ അവിടെ ഒരു ഡയാലിസിസ് സെന്റര്‍ പണിയണം. പദ്ധതി മലപ്പുറം സി.എച്ച് സെന്റര്‍ ഏറ്റെടുത്തു. പിന്നീട് സംഭവിച്ചതെല്ലാം അത്ഭുതം. അതിനിടയില്‍ തന്റെ സഹോദരന്‍ വീമ്പൂര്‍ മുതുവച്ചോല അബ്ദുല്‍ സത്താര്‍ കിഡ്‌നി രോഗം മൂര്‍ജ്ജിച്ച് മരണമടഞ്ഞു. മരണം തീര്‍ത്ത സങ്കടങ്ങള്‍ക്കിടയിലും ആയിരങ്ങള്‍ക്ക് ആശ്വാസമാകാവുന്ന പദ്ധതിയുടെ ചിന്തകള്‍ക്ക് തിരികൊളുത്തിയ സഹോദരനും അതിന്റെ പുണ്യം ലഭിക്കുമല്ലോ എന്നാലോചിച്ചു സന്തോഷിച്ചു. 2022ന്റെ പുതുവര്‍ഷ പുലരിയില്‍ സൈനബ ഹജ്ജുമ്മക്ക് പാണക്കാട് കുടംബം നല്‍കിയ വാക്കു പാലിച്ചു.
നോക്കികണ്ടു; കുഞ്ഞു വളരുന്ന വത്സ്യല്യത്തോടെ
സ്ഥലം കൈമാറി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഡയാലിസിസ് സെന്റര്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സി.എച്ച് സെന്റര്‍ തുടങ്ങി. മക്കളില്ലാത്ത സൈനബ ഹജ്ജുമ്മ ഒരു കുട്ടി വളരുന്ന വാത്സല്യത്തോടെ അതിന്റെ ഓരോ ചലനങ്ങളും നോക്കി കണ്ടു. 2017 മെയ് 27 റമസാന്‍ 27ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കുറ്റിയടിച്ചതോടെ പദ്ധതിക്കു തുടക്കമായി. ആ ചടങ്ങിലും സൈനബ ഹജ്ജുമ്മ ഒന്നേ പറഞ്ഞുള്ളു. കണ്ണടയും മുമ്പ് ഈ പദ്ധതിയൊന്നു പൂര്‍ത്തീകരിച്ചു കാണണം. സി.എച്ച് സെന്റര്‍ പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെയും ജനറല്‍ സെക്രട്ടറി പി. ഉബൈദുല്ല എം.എല്‍.എയുടെയും വര്‍ക്കിങ് സെക്രട്ടറി യുസുഫ് കൊന്നോലയുടെയും നേതൃത്വത്തില്‍ നടപടികള്‍ വേഗത്തില്‍ ചലിച്ചു കൊണ്ടിരുന്നു. 17000 ചതുരശ്ര അടി ആധുനിക സൗകര്യങ്ങളോടെ പ്ലാന്‍ തയ്യാറാക്കി 2018 നവംബര്‍ 5ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.
പിന്നീടെല്ലാം വേഗത്തിലായിരുന്നു. എന്നാല്‍ കോവിഡ് പിടിമുറുക്കിയതോടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് തടസ്സം വന്നു. കോവിഡ് ബാധിച്ച് തനിക്ക് ചൂറ്റും പലരും മരിച്ചു. സൈനബ ഹജ്ജുമ്മ അപ്പോഴും പ്രാർത്ഥിച്ചു കൊണ്ടിരുന്നു. പടച്ചോനെ മരിക്കുന്നതിന് മുമ്പ് ഈ മഹത്തായ സ്ഥാപനം ഒരുന്നു കാണിക്കണേയെന്ന്. ആ ആഗ്രഹം പലരോടായി പങ്കുവെക്കുകയുംചെയ്തു. പടച്ചവന്റെ അപാരമായ അനുഗ്രഹത്താല്‍ നാട്ടിലും വിദേശത്തുമുള്ള ഉദാരമതികളുടെ വ്യക്തികളുടെ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പ്രവര്‍ത്തി അതിവേഗത്തില്‍ കുതിച്ചു. അവസാനം മലപ്പുറം സി.എച്ച് സെന്റര്‍ മലപ്പുറത്തിന്റെ ഹൃദയഭാഗത്ത് മഹാനായ ശിഹാബ് തങ്ങളുടെ പേരില്‍ ഒരു ഡയാലിസിസ് സെന്റര്‍ തുറന്നു. 22 മെഷിനുകളിലായി രണ്ടു ഷിഫ്റ്റില്‍ ഒരു ദിവസം 44 രോഗികള്‍ക്ക് ഡയാലിസ് ചെയ്യാവുന്ന സൗകര്യമാണ് ഈ സെന്ററില്‍ ഒരുങ്ങിയിരിക്കുന്നത്.
വെള്ളം നല്‍കിയതും ഹജ്ജുമ്മ തന്നെ
സി.എച്ച് സെന്ററിന് സ്ഥലം മാത്രമല്ല വെള്ളവും നല്‍കുന്നത് സൈനബ ഹജ്ജുമ്മ തന്നെ. ഡയാലിസിസ് സെന്ററുകളുടെ പ്രവര്‍ത്തനത്തിന് ദിവസവും ലിറ്റര്‍ കണക്കിന് വെള്ളമാണ് ആവശ്യമായി വരുന്നത്. ആവശ്യമറിയിച്ചപ്പോള്‍ താമസിക്കുന്ന വീടിന്റെ മുറ്റത്തുള്ള കിണറില്‍ നിന്നും വെള്ളം വിട്ടു നല്‍കി. അതും തികയാതെ വന്നാല്‍ തന്റെ ഉടമസ്തതയിലുള്ള മറ്റൊരു ഭൂമിയില്‍ കിണര്‍ കുഴിക്കാന്‍ സ്ഥലവും അവര്‍ നല്‍കി.
സംഘടകരൊരുക്കിയ സസ്‌പെന്‍സ്
അഞ്ചു കോടിയിലധികം വില വരുന്ന ഭൂമി സി.എച്ച് സെന്ററിനായി ദാനം നല്‍കിയ സൈനബ ഹജ്ജുമ്മക്ക് ഡയാലിസിസ് സെന്റര്‍ നിര്‍മ്മാണക്കമ്മിറ്റി ഒരു സ്‌നേഹ സമ്മാനം കാത്തുവെച്ചിരുന്നു. അവര്‍ക്ക് വന്നിരിക്കാനും വിശ്രമിക്കാനും താഴെ നിലയില്‍ പ്രത്യേക മുറി. ഉദ്ഘാടന ദിവസം സൈനബ ഹജ്ജുമ്മയെ ഭാരവാഹികള്‍ അതു കാണിച്ചപ്പോള്‍ പൊട്ടി കരഞ്ഞു പോയി സൈനബ ഹജ്ജുമ്മ. മക്കളില്ലാത്ത സൈനബ ഹജ്ജുമ്മക്ക് എപ്പോഴും ഇവിടെ വരാം. വിശ്രമിക്കാം പൊന്നു പോലെ നോക്കാന്‍ സി.എച്ച് സെന്ററുണ്ടാവും. ‘ഇതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. ഞാന്‍ ഇത്രയൊക്കെ വലിയ ആളാണോ’ എന്ന് ആ ഉമ്മ വിനയാന്വിതയായി ചോദിച്ചപ്പോള്‍ കേട്ടുനിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു.
പതിവു തെറ്റിച്ച താക്കോല്‍ കൈമാറ്റം
2022 ജനുവരി ഒന്നിനാണ് മലപ്പുറത്ത് സൈനബ ഹജ്ജുമ്മയുടെ സ്വപ്‌നം ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമായത്. ഒരു മാസം നൂറുകണക്കിന് പേര്‍ക്ക് ഡയാലിസിസ് ചെയ്തു മടങ്ങാവുന്ന സെന്റര്‍ ജില്ലയിലെത്തെന്നെ ഏറ്റവും മികച്ച സെന്ററുകളിലൊന്നാണ്. സെന്ററിന്റെ സമര്‍പ്പണ ചടങ്ങ് മറ്റൊരു അപൂര്‍വ നിമിഷത്തിനുകൂടി സാക്ഷ്യം വഹിച്ചു. പ്രതീകാത്മക താക്കോല്‍ സി.എച്ച് സെന്റര്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളെ സൈനബ ഹജ്ജുമ്മ ഏല്‍പ്പിച്ചത് വേറിട്ട കാഴ്ചയായി. പൊതുവേ പാണക്കാട് തങ്ങള്‍ കുടുംബം അങ്ങോട്ട് താക്കോല്‍ കൈമാറാറാണ് പതിവ്. എന്നാല്‍ ഇവിടെ തങ്ങള്‍ കുടുംബം താക്കോല്‍ ഏറ്റുവാങ്ങുന്ന മനോഹര നിമിഷം. കണ്ടു നിന്നവരുടെയെല്ലാം ഈറനണിയിച്ചു. മുനവ്വറലി തങ്ങളെ ഭൂമിയുടെ രേഖകളും താക്കോലും ഏല്‍പ്പിക്കുമ്പോള്‍ സൈനബ ഹജ്ജുമ്മയുടെ പുതിയ കാരുണ്യ ചരിതം രചിക്കുകയായിരുന്നു. ഇതൊരു അത്യപൂര്‍വ കാഴ്ചയായി മാറി. ആ ഉമ്മക്ക് വേണ്ടി വേദിയും സദസുമെല്ലാം പ്രാര്‍ത്ഥിച്ച നിമിഷം. സൈനബ ഹജ്ജുമ്മക്ക് വേണ്ടിയുള്ള ആ പ്രാർത്ഥനയാണ് ഇപ്പോഴും മനുഷ്യർ ഉരുവിട്ടുകൊണ്ടിരിക്കുന്നത്.