വടകര: കെ.കെ രമ എം.എൽ.എയുടെ പിതാവും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ നടുവണ്ണൂർ കണ്ണച്ചികണ്ടി മാധവൻ (87) അന്തരിച്ചു. ഇന്ന് പുലർച്ചെ 4 ന് സ്വവസതിയിലായിരുന്നു അന്ത്യം.1954 ഡിസ്ട്രിക് ബോർഡ് തെരഞ്ഞെടുപ്പോടെ കമ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായി പ്രവർത്തനം തുടങ്ങി. 1956 അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. എം.കെ കേളപ്പൻ, യു. കുഞ്ഞിരാമൻ, എം. കുമാരൻ മാസ്റ്റർ എന്നിവരോടൊപ്പം മേഖലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചു.
കർഷക സംഘത്തിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം ആരംഭിച്ചത്. 1958ൽ പ്രദേശത്തെ ദേശാഭിമാനിയുടെ ഏജൻ്റും പത്ര വിതരണക്കാരനുമായി. ഉള്ളിയേരി, കക്കഞ്ചിറ, കാവുന്തറ, നടുവണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം ഉള്ള പത്ര വിതരണമാണ് ജനങ്ങളുമായി അഭേദ്യ ബന്ധം സ്ഥാപിക്കാൻ തനിക്ക് കഴിഞ്ഞതെന്ന് മാധവേട്ടൻ തന്നെ പറയാറുണ്ട്. 15 വർഷത്തോളം മേഖലയിലെ ദേശാഭിമാനി ലേഖകനും കെ.കെ മാധവൻ തന്നെആയിരുന്നു
1964ൽ പാർട്ടി പിളർപ്പിന് ശേഷം സിപിഎമ്മിൽ നിലകൊണ്ട അദ്ദേഹം സി.പി.എം നടുവണ്ണൂർ പഞ്ചായത്ത് സെക്രട്ടറിയായി. തുടർന്ന് ഉള്ളിയേരി, നടുവണ്ണൂർ, കോട്ടൂർ പഞ്ചായത്തുകൾ ചേർന്ന് ലോക്കൽ കമ്മിറ്റി രൂപീകരിച്ചപ്പോൾ ആദ്യ സെക്രട്ടറിയും അദ്ദേഹമായിരുന്നു. 67ൽ പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗമായി. തുടർന്ന് ബാലുശ്ശേരി ഏരിയ കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിൻ്റെ സെക്രട്ടറിയായി മൂന്നുതവണ(8 വർഷം) പ്രവർത്തിച്ചു. കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം, ജില്ലാ ജോയിൻ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. 1979 മുതൽ 5 വർഷം നടുവണ്ണൂർ പഞ്ചായത്ത് പ്രസിഡണ്ടും തുടർന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയിരുന്നു. തുടർന്ന് ആദ്യത്തെ ജില്ലാ കൗൺസിൽ വന്നപ്പോൾ അതിൽ അംഗവുമായിരുന്നു. 2012 മെയ് നാലിന് ടി. പി ചന്ദ്രശേഖരൻ്റെ കൊലപാതകത്തിന് ശേഷം സി.പി.എമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചു.
ഭാര്യ: ദാക്ഷായണി. മറ്റ് മക്കൾ: തങ്കം,പ്രേമ, , സുരേഷ് (എൽ.ഐ.സി ഏജൻ്റ് പേരാമ്പ്ര). മരുമക്കൾ: ജ്യോതി ബാബു കോഴിക്കോട് (റിട്ട. എൻടിപിസി), സുധാകരൻ മൂടാടി(ഖാദി ബോർഡ്), നിമിഷ ചാലിക്കര ( വെൽഫെയർ ഫണ്ട് ബോർഡ്, കോഴിക്കോട്), പരേതനായ ടി.പി ചന്ദ്രശേഖരൻ.സഹോദരങ്ങൾ: കെ.കെ കുഞ്ഞികൃഷ്ണൻ, കെ.കെ ഗംഗാധരൻ (റിട്ട ഐസിഡി എസ്) കെ.കെ ബാലൻ (റിട്ട. കേരള ബാങ്ക്).