ന്യൂയോര്‍ക്ക് – വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റ കോളനി നിര്‍മാണം വേഗത്തിലാക്കാനുള്ള ഇസ്രായില്‍ തീരുമാനം ദ്വിരാഷ്ട്ര പരിഹാരത്തെ ഇല്ലാതാക്കുമെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കി.
കുടിയേറ്റ കോളനി നിര്‍മാണ പദ്ധതി ആരംഭിക്കാനുള്ള തീരുമാനം ഇസ്രായില്‍ പിന്‍വലിക്കണം. കാരണം ഇത് പ്രദേശത്തെ വിഭജിക്കുകയും കിഴക്കന്‍ ജറൂസലമില്‍ നിന്ന് വെസ്റ്റ് ബാങ്കിനെ ഒറ്റപ്പെടുത്തുകയും ചെയ്യും. ഈ പദ്ധതി ദ്വിരാഷ്ട്ര പരിഹാരം നേടാനുള്ള സാധ്യതകള്‍ ഇല്ലാതാക്കും – ഐക്യരാഷ്ട്രസഭ വക്താവ് സ്റ്റെഫാന്‍ ഡുജാരിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റ കോളനികള്‍ അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതും അധിനിവേശത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതുമാണ് – ഡുജാരിക് കൂട്ടിച്ചേര്‍ത്തു.
കിഴക്കന്‍ ജറൂസലമിനു ചുറ്റും ജൂതകുടിയേറ്റ കോളനി നിര്‍മിക്കുന്ന പദ്ധതിയെ ഫലസ്തീനികളുമായുള്ള ഭാവിയിലെ ഏതൊരു സമാധാന കരാറിനും ഭീഷണിയായി കരുതുന്ന അമേരിക്ക, യൂറോപ്യന്‍ സഖ്യകക്ഷികള്‍, മറ്റ് ലോകശക്തികള്‍ എന്നിവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് 2012 ല്‍ മാലെ അദുമിമിലെ നിര്‍മാണ പദ്ധതികള്‍ ഇസ്രായില്‍ നിര്‍ത്തിവെച്ചു. നിര്‍മാണം പുനരാരംഭിച്ച ശേഷം 2020 ല്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് വീണ്ടും നിര്‍ത്തിവെച്ചു. ഗാസ യുദ്ധത്തിന്റെ പേരില്‍ ചില പാശ്ചാത്യ സഖ്യകക്ഷികളുടെ അപലപനം നേരിടുകയും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഈ രാജ്യങ്ങളുടെ പ്രഖ്യാപിത ഉദ്ദേശ്യത്തിനും പിന്നാലെ പുതിയ നീക്കം ഇസ്രായിലിനെ ആഗോള തലത്തില്‍ കൂടുതല്‍ ഒറ്റപ്പെടുത്തിയേക്കും.
2023 ല്‍ ഗാസ യുദ്ധത്തിന് കാരണമായ ഇസ്രായിലിനെതിരായ ഹമാസ് ആക്രമണത്തിനു ശേഷം വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ കോളനികളുടെ നിര്‍മാണം ഇസ്രായില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇത് സ്വന്തം രാഷ്ട്രം സ്ഥാപിക്കാനുള്ള അവസരം തങ്ങള്‍ക്ക് നിഷേധിക്കുമെന്ന് ഫലസ്തീനികള്‍ ഭയപ്പെടുന്നു. വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലും 27 ലക്ഷം ഫലസ്തീനികള്‍ക്കിടയില്‍ ഏകദേശം ഏഴു ലക്ഷം ഇസ്രായിലി കുടിയേറ്റക്കാര്‍ താമസിക്കുന്നു. മിക്ക രാജ്യങ്ങളും അംഗീകരിച്ചിട്ടില്ലാത്ത നീക്കത്തിലൂടെ ഇസ്രായില്‍ കിഴക്കന്‍ ജറൂസലം ഇസ്രായിലില്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ, വെസ്റ്റ് ബാങ്കിന് മേല്‍ ഔദ്യോഗികമായി പരമാധികാരം സ്ഥാപിച്ചിട്ടില്ല. വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കോളനികളുടെ വികസനം ഫലസ്തീന്‍ പ്രദേശം വിഘടിപ്പിച്ചുകൊണ്ട് ദ്വിരാഷ്ട്ര പരിഹാരത്തിന്റെ പ്രായോഗികതയെ ഇല്ലാതാക്കുന്നതായി ഐക്യരാഷ്ട്രസഭയും മിക്ക ലോകശക്തികളും പറയുന്നു.