തെല്‍അവീവ് – ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മായില്‍ ഹനിയ്യയെ കഴിഞ്ഞ ജൂലൈയില്‍ തെഹ്റാനില്‍ വെച്ച് വധിച്ചതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ഇസ്രായിലിലെ ചാനല്‍-12 വെളിപ്പെടുത്തി. ഹനിയ്യ വധവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഇസ്രായില്‍ മിലിട്ടറി ഇന്റലിജന്‍സ് തങ്ങള്‍ക്ക് അനുമതി നല്‍കിയതായി ചാനല്‍-12 പറഞ്ഞു. മറ്റാരും കൊല്ലപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഇസ്മായില്‍ ഹനിയ്യ തങ്ങിയ മുറിയില്‍ ബോംബ് സ്ഥാപിച്ചാണ് ഹനിയ്യയെ വധിച്ചത്. പുതിയ ഇറാന് പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാന്റെ അധികാരാരോഹണ ചടങ്ങിനു തൊട്ടുമുമ്പായിരുന്നു ഇത്.
ഹനിയ്യ തെഹ്റാനിലെ താമസസ്ഥലത്ത് പലതവണ വന്നുപോകുന്നതും ഇതേ മുറിയില്‍ തന്നെ താമസിക്കുന്നതും ഇസ്രായില്‍ ചാരസംഘടനയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഹനിയ്യയെ വധിച്ച ദിവസം രാത്രി മുറിയിലെ എയര്‍കണ്ടീഷനര്‍ പ്രവര്‍ത്തനരഹിതമായി. ഇത് ഹനിയ്യ വധപദ്ധതി നീട്ടിവെക്കാന്‍ ഇടയാക്കേണ്ടതായിരുന്നു. എന്നാല്‍ ഇറാന് അധികൃതര്‍ എയര്‍കണ്ടീഷനര്‍ വൈകാതെ നന്നാക്കി. ഇസ്രായില്‍ ഇന്റലിജന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരവും സെന്‍സിറ്റീവുമായ ഓപ്പറേഷനായിരുന്നു ഹനിയ്യ വധം. ഇസ്രായിലിനെതിരായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ പങ്കാളിത്തം വഹിച്ച പ്രമുഖരില്‍ ഒരാളായിരുന്നു ഇസ്മായില്‍ ഹനിയ്യ -ചാനല്‍ പറഞ്ഞു.
അഞ്ചു മാസത്തിനു ശേഷമാണ് ഇസ്മായില്‍ ഹനിയ്യ വധത്തിന്റെ ഉത്തരവാദിത്തം ഇസ്രായില്‍ ഏറ്റെടുത്തത്. ഇറാന് തലസ്ഥാനമായ തെഹ്റാനില്‍ വെച്ച് നടത്തിയ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് തങ്ങളാണന്ന് സ്ഥിരീകരിക്കാതെ ഇതുവരെ ഇസ്രായില്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്റായില്‍ കാട്സ് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹനിയ്യ വധത്തിനു പിന്നില്‍ തങ്ങളാണെന്ന് ആദ്യമായി പരസ്യമായി അംഗീകരിച്ചത്. ഹൂത്തികള്‍ക്ക് തങ്ങള്‍ ശക്തമായ പ്രഹരമേല്പിക്കും. അവരുടെ തന്ത്രപരമായ പശ്ചാത്തല സൗകര്യങ്ങള്‍ തകര്‍ക്കും. തെഹ്റാനിലും ഗാസയിലും ലെബനോനിലും വെച്ച് ഇസ്മായില്‍ ഹനിയ്യയെയും യഹ്യ അല്‍സിന്‍വാറിനെയും ഹസന് നസ്റല്ലയെയും ചെയ്തതു പോലെ ഹൂത്തി നേതാക്കളുടെയും ശിരസ്സ് ഛേദിക്കും. അല്ഹുദൈദയിലും സന്‍ആയിലും ഹൂത്തികളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തും – യിസ്റായില്‍ കാട്സ് പറഞ്ഞു.