ഞങ്ങള്‍ ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല, ഏതൊരു ആക്രമണത്തിനും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍

ന്യൂയോര്‍ക്ക്- ഇറാന്‍ ഏറ്റുമുട്ടലോ സംഘര്‍ഷം മൂര്‍ഛിപ്പിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും നേരിട്ടോ അല്ലാതെയോ ഉള്ള ഏതൊരു ആക്രമണത്തിനും നിര്‍ണ്ണായകമായും ആനുപാതികമായും നിയമപരമായും തിരിച്ചടിക്കുമെന്നും യു.എന്‍ രക്ഷാ സമിതിയില്‍
ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ഗുലാം ഹുസൈന്‍ ദര്‍സി വ്യക്തമാക്കി. ഇറാനിലെ പ്രതിഷേധങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന പ്രചാരണം അമേരിക്ക നടത്തുകയാണെന്നും രക്ഷാ സമിതി യോഗത്തില്‍ ദര്‍സി ആരോപിച്ചു. യു.എസ് പ്രതിനിധിയുടെ പ്രസ്താവനകള്‍ നുണകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം വാദിച്ചു. സമാധാനപരമായ പ്രതിഷേധങ്ങളെ സായുധ സംഘങ്ങള്‍ ഹൈജാക്ക് ചെയ്തു. അമേരിക്ക സൈനിക ഇടപെടലിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്. ഇറാനിലെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താന്‍ അമേരിക്ക ശ്രമിക്കുകയാണ്. ഇറാനെതിരായ യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴക്കാന്‍ ഇസ്രായില്‍ ശ്രമിക്കുന്നു. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിലെ വിദേശ ഇടപെടലുകള്‍ തങ്ങള്‍ നിരാകരിക്കുന്നതായും ഗുലാം ഹുസൈന്‍ ദര്‍സി പറഞ്ഞു.

ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാന്‍ ഇറാനികള്‍ തെരുവിലിറങ്ങിയതായി ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡര്‍ മൈക്ക് വാള്‍ട്ട്‌സ് പറഞ്ഞു. ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ യു.എന്‍ റിപ്പോര്‍ട്ടുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാനില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. ഇറാനില്‍ സംഭവിക്കുന്നത് വെറുമൊരു ആഭ്യന്തര കാര്യമല്ല. ഇറാന്‍ ഭരണകൂടം തങ്ങളുടെ ജനങ്ങളുടെ ചെലവില്‍ മിസൈല്‍, ആണവ പദ്ധതികള്‍ക്ക് പണം ചെലവഴിക്കുകയും അമേരിക്കക്കാര്‍ക്കെതിരെ ആവര്‍ത്തിച്ച് ആക്രമണങ്ങള്‍ നടത്തുകയും ചെയ്തതായി, അമേരിക്ക ആവശ്യപ്പെട്ടതു പ്രകാരം ചേര്‍ന്ന രക്ഷാ സമിതി യോഗത്തില്‍ യു.എസ് പ്രതിനിധി ആരോപിച്ചു.

പ്രതിഷേധത്തിനിടെ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ഇറാന്‍ അധികൃതര്‍ ഇന്റര്‍നെറ്റും ടെലികമ്മ്യൂണിക്കേഷന്‍സ് സംവിധാനവും വിച്ഛേദിച്ചു. സ്റ്റാര്‍ലിങ്ക് സേവനം രാജ്യത്തിനുള്ളിലെ സംഭവങ്ങള്‍ നിരീക്ഷിക്കുന്നതിന് പരിമിതമായ ജാലകം മാത്രമേ നല്‍കിയിട്ടുള്ളൂ. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനിലെ ധീരരായ ജനതക്കൊപ്പം നിലകൊള്ളുന്നു. ഇറാനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അമേരിക്ക സഹിക്കില്ല. ഇറാനിലെ സംഭവവികാസങ്ങള്‍ യു.എന്‍ രക്ഷാ സമിതിയുടെ ശ്രദ്ധ അര്‍ഹിക്കുന്നതായും മൈക്ക് വാള്‍ട്ട്‌സ് പറഞ്ഞു.

ആക്രമണം തുടര്‍ന്നാല്‍ പ്രതിഷേധക്കാരെ സഹായിക്കാന്‍ താന്‍ ഇടപെട്ടേക്കുമെന്ന് യു.എസ് പ്രസിഡന്റ് അടുത്തിടെ ആവര്‍ത്തിച്ച് പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇറാനെതിരായ സൈനിക നടപടി സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ഞാന്‍ അത് നിങ്ങളോട് പറയാന്‍ പോകുന്നില്ല എന്ന് എന്‍.ബി.സി ന്യൂസുമായുള്ള ഫോണ്‍ കോളില്‍ ട്രംപ് പറഞ്ഞു.
അതേസമയം, ഇറാനില്‍ രാജ്യവ്യാപകമായി നടക്കുന്ന അശാന്തിയുടെ പശ്ചാത്തലത്തില്‍, സുപ്രീം കൗണ്‍സില്‍ ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സെക്രട്ടറി അലി ലാരിജാനി ഉള്‍പ്പെടെ ഏതാനും ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇറാനിലെ ധീരരായ ജനങ്ങള്‍ അവരുടെ അടിസ്ഥാന അവകാശങ്ങള്‍ക്കായി പോരാടുന്നത് തുടരുമ്പോള്‍, ഇറാന്‍ ഭരണകൂടം സ്വന്തം ജനങ്ങള്‍ക്കെതിരെ അക്രമവും ക്രൂരമായ അടിച്ചമര്‍ത്തലും നടത്തി പ്രതികരിച്ചു. ഇതിന് പ്രതികരണമെന്നോണം, സ്ത്രീകള്‍ ക്രൂരവും മനുഷ്യത്വരഹിതവും അപമാനകരവുമായ പെരുമാറ്റം സഹിക്കുന്ന സ്ഥാപനമായ കുപ്രസിദ്ധമായ ഫര്‍ദിസ് ജയിലിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുന്നു.

സുപ്രീം കൗണ്‍സില്‍ ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സെക്രട്ടറി അലി ലാരിജാനി ഉള്‍പ്പെടെ ഏതാനും ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് യു.എസ് ട്രഷറി വകുപ്പ് ഉപരോധം ഏര്‍പ്പെടുത്തുന്നു. ഇറാന്‍ പെട്രോളിയം, പെട്രോകെമിക്കല്‍ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം വെളുപ്പിച്ച ഇറാന്റെ ഷാഡോ ബാങ്കിംഗ് നെറ്റ്വര്‍ക്കുകളുമായി ബന്ധപ്പെട്ട 18 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ട്രഷറി വകുപ്പ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തങ്ങളുടെ സ്വാഭാവിക അവകാശങ്ങള്‍ക്കായി പ്രതിഷേധിക്കുന്ന ഇറാന്‍ ജനതക്കൊപ്പം അമേരിക്ക നിലകൊള്ളുന്നു. സമ്പത്ത് സ്വന്തം നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിന് പ്രയോജനപ്പെടുത്തുന്നതിനു പകരം, ലോകമെമ്പാടും അസ്ഥിരപ്പെടുത്തല്‍, ദുഷ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതാണ് ഇറാന്‍ ഭരണകൂടം തുടരുന്നത്. ഇറാന്‍ ജനതയെ അടിച്ചമര്‍ത്തുന്നത് തുടരുന്ന ഭരണകൂടത്തിന്, സാമ്പത്തിക ശൃംഖലകളിലേക്കും ആഗോള ബാങ്കിംഗ് സംവിധാനത്തിലേക്കും പ്രവേശനം നിഷേധിക്കുന്നത് ഞങ്ങള്‍ തുടരുമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സംഘവും ഇറാനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചു. എല്ലാ ഓപ്ഷനുകളും പ്രസിഡന്റിന്റെ പരിഗണനയിലാണ്. ആക്രമണം തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പ്രസിഡന്റും സംഘവും ഇറാന്‍ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. ഇന്നലെ നടക്കേണ്ടിയിരുന്ന 800 വധശിക്ഷകള്‍ നിര്‍ത്തിവച്ചതായി പ്രസിഡന്റ് മനസ്സിലാക്കിയിട്ടുണ്ട്. പ്രസിഡന്റും സംഘവും ഈ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. എല്ലാ ഓപ്ഷനുകളും പ്രസിഡന്റിന്റെ പരിഗണനയിലാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ചൂണ്ടികാട്ടി.

ജീവിതച്ചെലവ് കുതിച്ചുയര്‍ന്നതിനെതിരെ ഇറാനില്‍ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം നിയന്ത്രിക്കാന്‍ ശ്രമിച്ച് അധികാരികള്‍ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇറാനില്‍ ഇടപെടുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതിഷേധക്കാരുടെ കൊലപാതകങ്ങള്‍ നിലച്ചതായും സൈനിക നടപടിയെ കുറിച്ച് കാത്തിരുന്ന് കാണാമെന്നും ബുധനാഴ്ച ട്രംപ് പറഞ്ഞു. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 3,000 ല്‍ താഴെ മുതല്‍ 12,000 ലേറെ പേര്‍ വരെ മരിച്ചതായി കണക്കാക്കപ്പെടുന്നു.

Read More

ഗാസ – ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണ പരമ്പരയില്‍ ഹമാസ് നേതാക്കളും ഇസ്‌ലാമിക് ജിഹാദ് കമാന്‍ഡറും ഉള്‍പ്പെടെ പത്തുപേര്‍…

Read More