കണ്ണൂർ – കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി കണ്ണൂരിലെത്തിയ സുരേഷ് ഗോപിക്ക് വന്‍ സ്വീകരണം. വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ അദ്ദേഹം മുൻ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ വീട്ടിലും സന്ദർശനം നടത്തി. നൂറുകണക്കിനാളുകളാണ് സുരേഷ് ഗോപിയെ കാണാൻ വിവിധ സ്ഥലങ്ങളിൽ എത്തിയത്.
കോഴിക്കോട് നിന്നും രാവിലെ പതിനൊന്നരയോടെ കണ്ണൂരിലെത്തിയ സുരേഷ് ഗോപി ആദ്യം മാടായിക്കാവ് ക്ഷേത്രത്തിലാണ് ദർശനത്തിനെത്തിയത്. തുടർന്ന് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും ദർശനം നടത്തി. പിന്നീട് കണ്ണൂര്‍ പയ്യാമ്പലത്തെ മാരാർ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് മുൻ മുഖ്യന്ത്രി ഇകെ നായനാരുടെ കല്യാശേരിയിലെ വീട്ടിലെത്തിയത്. നായനാരുടെ സഹധർമ്മിണി ശാരദ ടീച്ചർ മധുരം നൽകിയാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്. നിരവധി പേർ സുരേഷ് ഗോപിയെ കാണാനായി ഇവിടെയെത്തിയിരുന്നു. നായനാരുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. തുടർന്ന് കൊട്ടിയൂർ ക്ഷേത്രത്തിലും ദർശനം നടത്തി.
കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപി ചൊവ്വാഴ്ചയാണ്
വകുപ്പുകളുടെ ചുമതല ഏറ്റെടുത്തത്.
എം.പിയുടെ പ്രവർത്തനത്തിനാണ് പ്രഥമ പരിഗണനയെന്നും പിന്നെ മാത്രമാണ് സിനിമയെന്നും സുരേഷ് ഗോപി പറശിനിക്കടവിൽ മാധ്യമങ്ങളോട് പറഞ്ഞു. “നിലവിൽ പ്ലാനുകൾ ഒന്നുമില്ല. വകുപ്പ് പഠിച്ച് സാങ്കേതികമായി എന്ത് ചെയ്യാൻ കഴിയും എന്ന് പരിശോധിക്കും. ചെയ്യാൻ സാധിക്കുന്നത് പിന്നീട് ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.
“നിങ്ങൾ സുരേഷ് ഗോപിയെ കാണുന്നത് രാഷ്ട്രീയക്കാരനായി ആയിരിക്കും. എന്നാൽ, താൻ കാണുന്നത് നല്ലൊരു വ്യക്തി എന്ന നിലയിലാണ് എന്നു ശാരദ ടീച്ചർ പറഞ്ഞു. അദ്ദേഹം വീട്ടിൽ വരുന്നതിൽ പുതുമയില്ല. ഇതിന് മുൻപും വീട്ടിൽ വന്നിട്ടുണ്ട്. സുരേഷ് ഗോപിയുടെ കുടുംബവുമായി വർഷങ്ങളുടെ ബന്ധമാണ്. അദ്ദേഹം വീട്ടിൽ വരുന്നതിൽ രാഷ്ട്രീയമില്ലെന്നും ശാരദ ടീച്ചർ പറഞ്ഞു.
കണ്ണൂർ എത്തുമ്പോഴെല്ലാം സുരേഷ് ഗോപി വിളിക്കാറുണ്ട്. തനിക്ക് വേണ്ടി ഭക്ഷണമുണ്ടാക്കണമെന്ന് പറയും. വരുമ്പോഴെല്ലാം അദ്ദേഹത്തിന് വേണ്ടി ഭക്ഷണമുണ്ടാക്കി വയ്ക്കും. രാഷ്ട്രീയം നോക്കിയല്ല സുരേഷ് ഗോപി വീട്ടിൽ വരുന്നത്. താനും അത് നോക്കാറില്ല. കേന്ദ്ര സഹ മന്ത്രിയായി ആണ് ഇത്തവണ വരുന്നതെങ്കിലും അതിൽ പുതുമയൊന്നും തോന്നുന്നില്ലെന്നും ശാരദ ടീച്ചർ കൂട്ടിച്ചേർത്തു.